ഹോർമുസ് കടലിടുക്ക് വഴി യൂറോപ്പിലേക്ക് വീണ്ടും എണ്ണക്കപ്പൽ; യുദ്ധം തുടങ്ങിയ ശേഷം ആദ്യം

ഹോർമുസ് കടലിടുക്ക് വഴി യൂറോപ്പിലേക്ക് വീണ്ടും എണ്ണക്കപ്പൽ; യുദ്ധം തുടങ്ങിയ ശേഷം ആദ്യം


ടെഹ്റാൻ: യുഎസ്-ഇറാൻ സൈനിക സംഘർഷത്തെത്തുടർന്ന് കടുത്ത അനിശ്ചിതത്വം നിലനിൽക്കുന്ന ഹോർമുസ് കടലിടുക്ക് വഴി മാസങ്ങൾക്ക് ശേഷം യൂറോപ്പിലേക്ക് ക്രൂഡ് ഓയിലുമായി എണ്ണക്കപ്പൽ യാത്ര തിരിച്ചു. മാർഷൽ ഐലൻഡ്‌സിന്റെ പതാകയേന്തിയ ‘അഡ്വാന്റേജ് വിക്ടറി’ എന്ന കൂറ്റൻ ട്രാങ്കറാണ് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോയത്. മേയ് അവസാന വാരം ഗൾഫ് മേഖലയിൽ നിന്ന് പുറപ്പെട്ട ഈ കപ്പലിൽ രണ്ട് മില്യൺ (20 ലക്ഷം) ബാരൽ അസംസ്‌കൃത എണ്ണയുണ്ടെന്ന് പ്രമുഖ സമുദ്ര ട്രാക്കിംഗ് വിവരശേഖരണ സ്ഥാപനമായ കെപ്ലർ വ്യക്തമാക്കി. 

ഇറാഖിലെ ബസ്ര തുറമുഖത്ത് നിന്ന് ഫെബ്രുവരി 24, മാർച്ച് 1 തീയതികളിലാണ് കപ്പലിൽ ഇറാഖി എണ്ണ ശേഖരിച്ചത്. ട്രാൻസ്‌പോണ്ടർ വിവരങ്ങൾ പ്രകാരം കപ്പൽ നിലവിൽ ആഫ്രിക്കൻ തീരത്തെ മഡഗാസ്കറിന് സമീപമാണ് സഞ്ചരിക്കുന്നത്. ഫെബ്രുവരി 28-ന് യുഎസും ഇസ്രായേലും ഇറാനെതിരെ വ്യോമാക്രമണം ആരംഭിച്ചതോടെ കടുത്ത സുരക്ഷാ പ്രതിസന്ധിയാണ് ഈ മേഖലയിലുണ്ടായത്. തുടർന്ന് മാർച്ച് 1-ന് ഗൾഫ് വിട്ട ‘ന്യൂ വിഷൻ’ എന്ന കപ്പലിന് ശേഷം ഹോർമുസ് കടലിടുക്ക് വഴി യൂറോപ്പിലേക്ക് എണ്ണയുമായി പോകുന്ന ആദ്യ ടാങ്കറാണിത്. 

കെപ്ലർ പുറത്തുവിട്ട ആകെ കണക്കുകൾ പ്രകാരം മാർച്ച് 1 മുതൽ ഇതുവരെ 103 എണ്ണക്കപ്പലുകളാണ് ഹോർമുസ് കടലിടുക്ക് വഴി ഗൾഫ് മേഖലയ്ക്ക് പുറത്തേക്ക് പോയിട്ടുള്ളത്. ഇവയിലായി ആകെ 185 മില്യൺ ബാരൽ ക്രൂഡ് ഓയിൽ കയറ്റി അയച്ചിട്ടുണ്ട്. യുഎസ്-ഇറാൻ നാവിക ഉപരോധങ്ങൾക്കിടയിലും അന്താരാഷ്ട്ര വിപണിയിലേക്ക് ഇതര ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണ വിതരണം ഭാഗികമായി പുനരാരംഭിക്കുന്നതിന്റെ സൂചനയായാണ് ഈ കപ്പലിന്റെ യാത്രയെ സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.