കോട്ടയം: നായര്‍ സര്‍വീസ് സൊസൈറ്റി 2025- 26 വര്‍ഷത്തേക്ക് 165 കോടി രൂപയുടെ ബജറ്റ് അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം 157.55 കോടി രൂപയുടെ ബജറ്റ് അവതരിപ്പിച്ച സ്ഥാനത്താണ് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ഈ വര്‍ഷം 165 കോടി രൂപയുടെ ബജറ്റ് അവതരിപ്പിച്ചത്. പെരുന്ന എന്‍ എസ് എസ് ആസ്ഥാനത്തെ പ്രതിനിധി സഭാമന്ദിരത്തില്‍ 111-ാമത് ബജറ്റ് സമ്മേളനമാണ് നടന്നത്.
വിവിധ വകുപ്പുകളുടെ ഭരണത്തിലേക്ക് ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. ജനറല്‍ ഭരണം, സംഘടനാശാഖ, സ്കൂള്‍, കോളെജ്, കൃഷി, ആരോഗ്യം, സര്‍വീസസ്, പ്ലാനിങ് ആന്റ് ഡവലപ്പ്മെന്റ്, സോഷ്യല്‍ സര്‍വീസ്, സര്‍വേ ആന്റ് ലാന്‍ഡ് റിക്കാര്‍ഡ്സ്, മരാമത്ത്, അക്കൗണ്ട്സ് ആന്റ് ഓഡിറ്റ്, ആശ്രമവും ദേവസ്വവും തുടങ്ങിയ വകുപ്പുകളില്‍ കൂടിയാണ് വാര്‍ഷിക വരവും അത്രത്തോളം ചെലവും പ്രതീക്ഷിക്കുന്നത്. 44.11 കോടി രൂപ ക്യാപ്പിറ്റല്‍ ഇനങ്ങളിലും 120.88 കോടി രൂപ റവന്യൂ ഇനങ്ങളിലും വരവ് പ്രതീക്ഷിക്കുന്നുണ്ട്. ക്യാപ്പിറ്റല്‍ ഇനങ്ങളില്‍ പ്രതീക്ഷിക്കുന്ന ചെലവ് 61.57 കോടി രൂപയുംറവന്യൂ ഇനങ്ങളില്‍ പ്രതീക്ഷിക്കുന്ന ചെലവ് 103.42 കോടി രൂപയുമാണ്.
എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ നേതൃത്വത്തില്‍ മന്നം സമാധി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പെരുന്ന എന്‍ എസ് എസ് ആസ്ഥാനത്തെ പ്രതിനിധി സഭാമന്ദിരത്തില്‍ ബജറ്റ് സമ്മേളനവും തെരഞ്ഞെടുപ്പും നടന്നത്. എന്‍ എസ് എസ് പ്രസിഡന്റ് ഡോ. എന്‍ ശശികുമാര്‍ അധ്യക്ഷത വഹിച്ചു. പ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യ പ്രതിജ്ഞയും സമ്മേളനത്തില്‍ നടന്നു. വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍, എന്‍ എസ് എസ് സെക്രട്ടറി ഹരികുമാര്‍ കോയിക്കല്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, കൗണ്‍സിലര്‍മാര്‍, താലൂക്ക് യൂണിയന് ഭാരവാഹികള്‍, പ്രതിനിധി സഭാംഗങ്ങള്‍ എന്നിവര്‍ ബജറ്റ് സമ്മേളനത്തില്‍ പങ്കെടുത്തു.
ജാതി സെന്‍സസില്‍ നിന്നും സര്‍ക്കാരുകള്‍ പിന്മാറണമെന്നും ജാതി സെന്‍സസ് നടപ്പിലാക്കിയാല്‍ സംവരണത്തിന്റെ പേരില്‍ കൂടുതല്‍ അഴിമതിക്ക് വഴിതെളിക്കുമെന്നും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍ പറഞ്ഞു.
വോട്ടുബാങ്കുകളായ ജാതിവിഭാഗങ്ങളുടെ സമ്മര്‍ദ തന്ത്രങ്ങള്‍ക്ക് വഴങ്ങുകയും അവരുടെ സംഘടിത ശക്തിക്ക് മുമ്പില്‍ അടിയറവ് പറയുകയും ചെയ്യുന്ന തരത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ച പ്രീണന നയത്തിന്റെ ഭാഗമാണ് ജാതിസംവരണത്തിനു വേണ്ടിയുള്ള മുറവിളിയും ജാതി തിരിച്ചുള്ള സെന്സസുമെല്ലാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജാതി സംവരണത്തിനു വേണ്ടി നടത്തിയിട്ടുള്ള ഭരണഘടനാ ഭേദഗതികള്‍ ഇതു വ്യക്തമാക്കുമെന്നും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍ പറഞ്ഞു.
സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതികരിക്കാനുള്ള അവകാശം ജനങ്ങള്‍ക്കെന്നപോലെ മത- സാമുദായിക സംഘടനകള്‍ക്കും ഉണ്ട്. അത് കൃത്യമായും എന്‍ എസ് എസ് നിര്‍വഹിച്ചുപോന്നിട്ടുണ്ട്. സമുദായ നീതിക്കും സാമൂഹികനീതിക്കും വേണ്ടിയുള്ള നിലപാടുകള്‍ എന്‍ എസ് എസിന് എന്നുമുണ്ടാവും. സര്‍ക്കാരുകളുടെ തെറ്റായ നയങ്ങളെ എതിര്‍ക്കുകയും നല്ല കാര്യങ്ങളോട് സഹകരിക്കുകയും എന്‍ എസ് എസിന്റെ പൊതുനയമാണ്. ഇനിയും അതേനയം തുടരും. എന്‍ എസ് എസിന് രാഷ്ട്രീയമില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സമദൂരനിലപാട് ആയിരിക്കും. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ആഭ്യന്തര പ്രശ്നങ്ങളില്‍ എന്‍ എസ് എസ് ഇടപെടില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ എന്‍ എസ് എസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ അനുവദിക്കുകയുമില്ലെന്നും ജി സുകുമാരന്‍നായര്‍ പറഞ്ഞു.