കൊച്ചി തീരത്തിനടുത്ത് മുങ്ങിയ ചരക്ക് കപ്പലായ എംഎസ്‌സി എല്‍എസ്എ 3 ല്‍ നിന്ന് നിരവധി കണ്ടെയ്‌നറുകള്‍ ഇപ്പോഴും കണ്ടുകിട്ടാത്തതിനാലും എണ്ണ മലിനീകരണവും പ്ലാസ്റ്റിക് പെല്ലറ്റുകളുടെ വ്യാപകമായ വ്യാപനവും സംബന്ധിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിക്കുന്നതിനാലും, ഇവ കണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് ആണ് ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. കാണാതായ ചരക്കുകള്‍ വീണ്ടെടുക്കുന്നതിനും സമുദ്ര പാരിസ്ഥിതിക ആശങ്കകള്‍ പരിഹരിക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായി, കടലിലെ അടിത്തട്ട് മാപ്പിങ് നടത്തും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.
മള്‍ട്ടിബീം സര്‍വേ സംവിധാനം ഉപയോഗിച്ച് വെള്ളത്തില്‍ മുങ്ങിയ കണ്ടെയ്‌നര്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതിനുള്ള ഈ സംരംഭം കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രാലയത്തിന് കീഴിലുള്ള ഡിജി ഷിപ്പിങ് ആയിരിക്കും നടത്തുക.
കണ്ടെയ്‌നറുകള്‍ വീണ്ടെടുക്കുന്നതിനും എണ്ണ നീക്കം ചെയ്യുന്നതിനും സമുദ്ര, പരിസ്ഥിതി മലിനീകരണം തടയുന്നതിനുമായി കപ്പല്‍കമ്പനി ഇതിനകം ടി & ടി സാല്‍വേജ് എന്ന സ്ഥാപനത്തെ നിയമിച്ചിട്ടുണ്ട്. കണ്ടെയ്‌നറുകള്‍ വീണ്ടെടുക്കുന്നതിന് സഹായിക്കുന്നതിനായി ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള സാച്ചുറേഷന്‍ ഡൈവേഴ്‌സ് ( ആഴത്തില്‍ , വെള്ളത്തിനടിയില്‍ ജോലി ചെയ്യുന്ന പ്രൊഫഷണല്‍ ഡൈവേഴ്‌സ്) ഉള്‍പ്പെടെയുള്ള മുങ്ങല്‍ വിദഗ്ധരുടെ സംഘത്തെ കമ്പനി സജ്ജമാക്കിയിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
കണ്ടെയ്‌നര്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതിനായി വിശദമായ കടല്‍ത്തട്ട് മാപ്പിങ് നടത്തുന്നതിന് വാട്ടര്‍ ലില്ലി എന്ന ടോ കപ്പലില്‍ (കപ്പല്‍ വലിച്ചുകൊണ്ടുപോകാനുള്ള നൗക) മള്‍ട്ടിബീം സര്‍വേ സിസ്റ്റം സജ്ജീകരിച്ചിട്ടുണ്ട്. ഇതിനുപുറമെ, സീമാക് എന്ന കപ്പല്‍ ഡൈവിങ് പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കും.
അപകടങ്ങള്‍ സംബന്ധിച്ച പരിശോധനകള്‍ നടന്നുവരികയാണെന്ന് മെര്‍ക്കന്റൈല്‍ മറൈന്‍ വകുപ്പ് (കൊച്ചി) പ്രിന്‍സിപ്പല്‍ ഓഫീസര്‍ ജെ സെന്തില്‍ കുമാര്‍ പറഞ്ഞു. 'കപ്പല്‍ ഉടമയുമായി സഹകരിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ്ങാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെടുന്ന എല്ലാവരെയും ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങളുടെ സ്ഥിതി അവലോകനം ചെയ്യുന്നതിനായി പതിവായി യോഗങ്ങള്‍ നടക്കുന്നുണ്ട്,' അദ്ദേഹം പറഞ്ഞു.
കപ്പല്‍ തകര്‍ച്ച ഉണ്ടായക്കിയ പരിസ്ഥിതി ആഘാതം നമ്മുടെ കടലില്‍ നിന്ന് പൂര്‍ണ്ണമായും പരിഹരിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് കെഎസ്ഡിഎംഎയിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ' കപ്പല്‍ തകര്‍ച്ച നമ്മുടെ അധികാരപരിധിക്ക് പുറത്താണ് എന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഇതില്‍ ഒരു പങ്കുമില്ല,' ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. നിയുക്ത ഓണ്‍സീന്‍ കമാന്‍ഡര്‍ (ഒരു നിര്‍ദ്ദിഷ്ട പ്രദേശത്തിനുള്ളില്‍ തിരയല്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ചുമതലയുള്ളവര്‍) ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് (ഐസിജി) ദിവസേന വ്യോമ നിരീക്ഷണം നടത്തുകയും പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായി എണ്ണ പടരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്.
മെയ് 25 ന് കൊച്ചിയില്‍ നിന്ന് ഏകദേശം 14.6 നോട്ടിക്കല്‍ മൈല്‍ തെക്ക് പടിഞ്ഞാറ് മാറി അപകടകരമായ ചരക്കുകള്‍ ഉള്‍പ്പെടെ 640 കണ്ടെയ്‌നറുകളുമായി പോയ എംഎസ്‌സി എല്‍എസ്എ 3 എന്ന കപ്പല്‍ മുങ്ങിയത്. ഇത് വ്യാപകമായ പരിഭ്രാന്തി സൃഷ്ടിക്കുകയും മത്സ്യബന്ധന നിരോധനത്തിന് കാരണമാവുകയും ചെയ്തു. 120 കിലോമീറ്റര്‍ തീരപ്രദേശത്ത് കരയ്ക്കടിഞ്ഞ 59 കണ്ടെയ്‌നറുകള്‍ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ കേടുകൂടാതെ ലഭിച്ച 18 കണ്ടെയ്‌നറുകള്‍ കസ്റ്റഡിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
മുങ്ങിയ കപ്പലിലെ കാണാതായ കണ്ടെയ്‌നറുകള്‍ കണ്ടെത്താന്‍ കടലിന്റെ അടിത്തട്ടില്‍ മാപ്പിങ് നടത്തും
