തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ട്രയല്‍ റണ്‍ ആരംഭിച്ച് നാല് മാസത്തിനിടെ എത്തിയത് ഒരു ലക്ഷം ടിഇയു കണ്ടെയ്നര്‍. ഇതുവഴി 7.4 കോടി രൂപയുടെ വരുമാനമാണ് ജിഎസ്ടി ഇനത്തില്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിയത്. ശനിയാഴ്ച രാത്രിയോടെയാണ് ഒരു ലക്ഷം ടിഇയു നാഴികക്കല്ല് തുറമുഖം പിന്നിട്ടതെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.
1,00,807 ടിഇയു ആണ് ഇവിടെ കൈകാര്യം ചെയ്തത്. നവംബര്‍ ഒന്‍പത് വരെയുള്ള കണക്ക് അനുസരിച്ച് 46 കപ്പലുകളാണ് തുറമുഖത്ത് എത്തിയത്. ജൂലൈ മാസത്തില്‍ മൂന്ന്, സെപ്റ്റംബറില്‍ 12, ഒക്ടോബറില്‍ 23, നവംബര്‍ മാസത്തില്‍ ഇതുവരെ എട്ട് എന്നിങ്ങനെയാണ് തുറമുഖത്ത് എത്തിച്ചേര്‍ന്ന കപ്പലുകളുടെ എണ്ണം.
ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളുടെ ശ്രേണിയില്‍പ്പെടുന്ന എംഎസ്‌സി ക്ലോഡ് ഗിരാര്‍ഡെറ്റ്, അന്ന, വിവിയാന എന്നീ കപ്പലുകള്‍ എത്തിച്ചേര്‍ന്നു. ഇവയ്ക്ക് പിന്നാലെ മറ്റ് കപ്പലുകളും എത്തുമെന്നും വിഴിഞ്ഞം ഇന്ത്യയുടെ സുവര്‍ണ്ണതീരമായി മാറുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ലോകത്തെ ഏറ്റവും വലിപ്പമുള്ള മദര്‍ ഷിപ്പുകള്‍ക്ക് നങ്കൂരമിടാന്‍ സൗകര്യമുള്ള ഇന്ത്യയിലെ ഏക ട്രാന്‍സ്ഷിപ്പ്മെന്റ് തുറമുഖമായി അന്താരാഷ്ട്ര മാരിടൈം ഭൂപടത്തിലിടം നേടിയ വിഴിഞ്ഞം ഇന്ത്യയിലെ മറ്റ് തുറമുഖങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. ആദ്യവര്‍ഷം തന്നെ 15 ലക്ഷം ടിഇയു കണ്ടെയ്നര്‍ കൈകാര്യശേഷിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ലക്ഷ്യമിടുന്നത്.
പ്രതിവര്‍ഷം ഇത്രയും ചരക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്ന തുറമുഖം ഇന്ത്യയില്‍ മറ്റെവിടെയുമില്ല. തുറമുഖത്തിന്റെ ആദ്യഘട്ടം ഈ വര്‍ഷം ഡിസംബറോടെ കമ്മീഷന്‍ ചെയ്യാനാണ് നിലവിലെ തീരുമാനം. രണ്ടും മൂന്നും ഘട്ടങ്ങള്‍ 2028 ഡിസംബറോടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി വാസവന്‍ അറിയിച്ചിരുന്നു.