ഓപ്പറേഷൻ തൂഫാൻ: 728 മയക്കുമരുന്ന് കേസുകളിലായി 795 പേരെ അറസ്റ്റ് ചെയ്തു

ഓപ്പറേഷൻ തൂഫാൻ: 728 മയക്കുമരുന്ന്  കേസുകളിലായി 795 പേരെ അറസ്റ്റ് ചെയ്തു


തിരുവനന്തപുരം: മയക്കുമരുന്ന് ശ്യംഖലയുടെ വേററുക്കാൻ തുടക്കം കുറിച്ച ഓപ്പറേഷൻ തൂഫാന്റെ മേൽനോട്ടത്തിന് സ്‌പെഷൽ ഓഫീസർ ഐജി പുട്ട വിമല ദീപ്തയെ ചുമതലപ്പെടുത്തിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

സംസ്ഥാന വ്യാപകമായി നടപടികൾ സ്വീകരിക്കുകയാണെന്നും വിവിധ ലഹരി വിൽപന ശൃംഖലകളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സ്‌കൂളുകൾക്ക് മുന്നിലുള്ള പുകയില വിൽപന പൂർണമായും നിരോധിച്ചിട്ടുണ്ടെന്നും വിൽക്കുന്നവരെ കർശനമായ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

'ഓപ്പറേഷൻ തൂഫാൻ ആരംഭിച്ച ജൂൺ രണ്ടിന് ശേഷം 728 കേസുകളിലായി 795 പേരെ അറസ്റ്റ് ചെയ്തു. 625 ഗ്രാം എംഡിഎംഎയും 48.49 കിലോഗ്രാം കഞ്ചാവുമടക്കം 60 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് ഇതുവരെ പിടികൂടിയത്. അന്താരാഷ്ട്ര ലഹരി മാഫിയയുടെ രണ്ട് പ്രധാന കണ്ണികളെയും ഇതിലൂടെ പിടികൂടാനായെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. പന്തളം പൊലീസ് ഒരു നൈജീരിയൻ പൗരനേയും പെരിനാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒരു വിദേശവനിതയേയും പിടികൂടി. ഡൽഹിയിൽനിന്നും ബംഗളൂരുവിൽനിന്നുമാണ് ഇവരെ പിടികൂടിയത്. ഓപ്പറേഷനിൽ ഇത് പ്രധാനപ്പെട്ട നേട്ടമാണെന്നും ചെന്നിത്തല പറഞ്ഞു.

വിദ്യാർഥികളെ ചുറ്റിപ്പറ്റി വ്യാപാരം നടത്താനാണ് അന്താരാഷ്ട്ര ലഹരി സംഘങ്ങളുടെ ശ്രമം. ലഹരി സംഘങ്ങളെ പിടികൂടാനായി 84 പൊലീസ് ഡിവിഷനുകളിൽ 16 അംഗങ്ങളുള്ള നാല് ടീമുകൾ രൂപീകരിച്ചു. ഇവർ പകലും രാത്രിയിലുമായി ലഹരിമരുന്നുകളുടെ ഉറവിടങ്ങൾ കണ്ടെത്താനുള്ള പ്രവർത്തനം നടത്തും. സമൂഹത്തിന്റെ വിവിധ തുറകളിൽനിന്ന് ഓപ്പറേഷന് പിന്തുണ ലഭിക്കുന്നുണ്ട്. നാട്ടിൽ ലഹരി വ്യാപകമാകുന്നെന്നത് ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾക്കും വിവരമറിയിക്കാം. തികച്ചും കോൺഫിഡൻഷ്യലായിരിക്കും ഇവരുടെ വിവരം. 949797 9794, 9497927797 എന്നീ രണ്ട് നമ്പറുകളിൽ വിളിച്ചറിയിക്കാം. 9995966666 എന്ന വാട്‌സ്ആപ്പ് നമ്പറിലും രഹസ്യവിവരങ്ങൾ പൊതുജനങ്ങൾക്ക് അറിയിക്കാം'. ചെന്നിത്തല പറഞ്ഞു.