മോഡിയുടെ ആഗോള സ്വാധീനം ചർച്ചയായി; പ്രശംസയുമായി ട്രംപും പുടിനും

മോഡിയുടെ ആഗോള സ്വാധീനം ചർച്ചയായി; പ്രശംസയുമായി ട്രംപും പുടിനും


ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആഗോള നേതൃപാടവവും ഇന്ത്യയുടെ വളരുന്ന നയതന്ത്ര സ്വാധീനവും വീണ്ടും അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിനും ഇന്ത്യയെയും മോഡിയെയും പ്രശംസിച്ച് നടത്തിയ പരാമർശങ്ങളാണ് ചർച്ചയാകുന്നത്.

വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിച്ച ട്രംപ്, മോഡിയെ തന്റെ 'നല്ല സുഹൃത്ത്' എന്നാണ് വിശേഷിപ്പിച്ചത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തമാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ ഉടൻ യാഥാർഥ്യമാകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

അതേസമയം, ഇന്ത്യ-അമേരിക്ക ബന്ധം ശക്തിപ്പെടുന്നത് ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തെ ബാധിച്ചിട്ടില്ലെന്ന് പുട്ടിൻ വ്യക്തമാക്കി. ഇന്ത്യ വിശ്വസനീയമായ പങ്കാളിയാണെന്നും ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ മാറിയിട്ടും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

വാഷിങ്ടണിലും മോസ്‌കോയിലും നിന്നുള്ള ഈ പരാമർശങ്ങൾ ആഗോള രാഷ്ട്രീയത്തിൽ ഇന്ത്യയുടെ വർധിച്ചുവരുന്ന പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്. പരസ്പരം മത്സരിക്കുന്ന വൻശക്തികളുമായി ഒരേസമയം നല്ല ബന്ധം നിലനിർത്താനും സ്വതന്ത്ര വിദേശനയം പിന്തുടരാനും ഇന്ത്യയ്ക്ക് സാധിക്കുന്നുവെന്ന വിലയിരുത്തലും ഇതോടെ ശക്തമാകുകയാണ്.