'ലെബനനെ വിലപേശൽ ഉപകരണമാക്കരുത്'; ഇറാനെതിരെ രൂക്ഷ വിമർശനവുമായി ലെബനൻ പ്രസിഡന്റ്

'ലെബനനെ വിലപേശൽ ഉപകരണമാക്കരുത്'; ഇറാനെതിരെ രൂക്ഷ വിമർശനവുമായി ലെബനൻ പ്രസിഡന്റ്


ബെയ്രൂട്ട്: അമേരിക്കയുമായും ഇസ്രയേലുമായും ബന്ധപ്പെട്ട തർക്കങ്ങളിൽ ലെബനനെ വിലപേശൽ ഉപകരണമാക്കുകയാണെന്ന് ആരോപിച്ച് ഇറാനെതിരെ രൂക്ഷ വിമർശനവുമായി ലെബനൻ പ്രസിഡന്റ് ജോസഫ് ഔൻ. യുദ്ധത്തിന്റെ ഭാരം വഹിക്കുന്നത് ലെബനൻ ജനങ്ങളാണെന്നും രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇറാൻ ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രസിഡന്റിന്റെ പ്രതികരണം. 'ഞങ്ങളുടെ രാജ്യം തകർന്നുകൊണ്ടിരിക്കുകയാണ്. അമേരിക്കയുമായുള്ള ചർച്ചകളിൽ ഇറാൻ ലെബനനെ വിലപേശൽ ഉപകരണമാക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ല,' അദ്ദേഹം പറഞ്ഞു.

ഇസ്രയേലും ഇറാൻ അനുകൂല സംഘടനയായ ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷങ്ങൾ കാരണം ലെബനൻ ജനങ്ങൾ യുദ്ധത്തിൽ മടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംബന്ധിച്ച തീരുമാനങ്ങൾ ലെബനൻ ഭരണകൂടം മാത്രമേ എടുക്കാവൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'നിങ്ങൾ ഞങ്ങളെ സഹായിക്കുകയല്ല. നിങ്ങളുടെ താൽപര്യങ്ങൾക്ക് വേണ്ടി ലെബനൻ ജനങ്ങളാണ് വില കൊടുക്കുന്നത്. നിങ്ങളുടെ താൽപര്യങ്ങളും ഞങ്ങളുടെ താൽപര്യങ്ങളും ഒന്നല്ല,' എന്ന് ഇറാനെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് പറഞ്ഞു. ഇറാന്റെ സൈനിക വിഭാഗമായ Iഐ ആർ ജി സി ക്ക്  എതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു.

അതേസമയം, ഇസ്രയേലും ലെബനനും തമ്മിൽ വെടിനിർത്തൽ നടപ്പാക്കുന്നതിനുള്ള ധാരണയിലെത്തിയതായി പ്രസിഡന്റ് അറിയിച്ചു. ദക്ഷിണ ലെബനനിൽ നിന്ന് ഹിസ്ബുള്ളയുടെ സാന്നിധ്യം പൂർണമായും പിൻവലിക്കുകയും ആക്രമണങ്ങൾ അവസാനിപ്പിക്കുകയും ചെയ്യുന്നതാണ് ധാരണയിലെ പ്രധാന വ്യവസ്ഥകൾ. ഇത് നീതിപൂർണവും ദീർഘകാല സമാധാനത്തിലേക്കുമുള്ള വഴിയാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

എന്നാൽ ധാരണയിൽ നേരിട്ട് പങ്കെടുത്തിട്ടില്ലാത്ത ഹിസ്ബുള്ള ഈ കരാർ തള്ളിക്കളഞ്ഞു. ഇസ്രയേൽ സേനയുടെ പൂർണ പിൻവാങ്ങൽ ഉറപ്പാക്കുന്നില്ലെന്നാണ് സംഘടനയുടെ നിലപാട്.

അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ഹിസ്ബുള്ള ഇസ്രയേൽ നഗരങ്ങളിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതോടെയാണ് പുതിയ സംഘർഷങ്ങൾക്ക് തുടക്കമായത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ലെബനൻ പ്രസിഡന്റ് ഇറാനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്.