എസ്‌യു57 യുദ്ധവിമാനങ്ങൾ സംയുക്തമായി നിർമ്മിക്കാൻ വീണ്ടും ഇന്ത്യയ്ക്ക് ക്ഷണം; നിർണായക പ്രതിരോധ സാങ്കേതികവിദ്യകൾ നൽകാനും റഷ്യ സന്നദ്ധം

എസ്‌യു57 യുദ്ധവിമാനങ്ങൾ സംയുക്തമായി നിർമ്മിക്കാൻ വീണ്ടും ഇന്ത്യയ്ക്ക് ക്ഷണം; നിർണായക പ്രതിരോധ സാങ്കേതികവിദ്യകൾ നൽകാനും റഷ്യ സന്നദ്ധം


മോസകോ: അഞ്ചാം തലമുറ സ്‌റ്റെൽത്ത് യുദ്ധവിമാനമായ എസ്‌യു57 ഇന്ത്യയുമായി സംയുക്തമായി നിർമ്മിക്കാൻ വീണ്ടും താൽപര്യം പ്രകടിപ്പിച്ച് റഷ്യ. റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിൻ ആണ് ഇന്ത്യയ്ക്ക് മുന്നിൽ ഈ നിർദേശം വച്ചത്. പ്രധാന പ്രതിരോധ പ്ലാറ്റ്‌ഫോമുകളുടെയും ആയുധ സംവിധാനങ്ങളുടെയും നിർണായക സാങ്കേതികവിദ്യകൾ ഇന്ത്യയ്ക്ക് കൈമാറാനും റഷ്യ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രാദേശിക സുരക്ഷാ സാഹചര്യങ്ങൾ മാറുന്ന പശ്ചാത്തലത്തിൽ ഇന്ത്യ അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കിയിരിക്കെയാണ് പുട്ടിന്റെ പുതിയ പരാമർശം. ഇന്ത്യയുടെ തദ്ദേശീയ അഞ്ചാം തലമുറ യുദ്ധവിമാന പദ്ധതിയായ എഎംസിഎ (AMCA) വികസന ഘട്ടത്തിലാണെങ്കിലും അത് 2030കളുടെ മധ്യത്തോടെ മാത്രമേ സേനയിലേക്ക് എത്തുകയുള്ളൂ.

മുമ്പ് ഇന്ത്യയെ അഞ്ചാം തലമുറ യുദ്ധവിമാന വികസന പദ്ധതിയിൽ പങ്കാളിയാകാൻ ക്ഷണിച്ചിരുന്നുവെന്ന് പുട്ടിൻ ഓർമിപ്പിച്ചു. എന്നാൽ 2018ൽ ഇന്ത്യ പദ്ധതിയിൽ നിന്ന് പിന്മാറുകയായിരുന്നു. സാങ്കേതികവിദ്യ കൈമാറ്റം, ചെലവ് പങ്കിടൽ, വിമാനത്തിന്റെ ശേഷി എന്നിവയുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളാണ് ഇന്ത്യയുടെ പിന്മാറ്റത്തിന് കാരണമായത്.

സുഖോയ് ഡിസൈൻ ബ്യൂറോ വികസിപ്പിച്ച എസ്‌യു57 യുദ്ധവിമാനം വായു, കര, സമുദ്ര ലക്ഷ്യങ്ങൾക്കെതിരെ ആക്രമണം നടത്താൻ ശേഷിയുള്ളതാണ്. സ്റ്റെൽത്ത് സാങ്കേതികവിദ്യ, സൂപ്പർസോണിക് വേഗത, അത്യാധുനിക സെൻസറുകൾ, ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങൾ എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ്. അമേരിക്കയുടെ എഫ് 22 റാപ്റ്റർ, എഫ്35 ലൈറ്റ്‌നിംഗ് II എന്നീ യുദ്ധവിമാനങ്ങളോട് മത്സരിക്കുന്ന തരത്തിലാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്.

അതേസമയം, എസ്‌യു57ന്റെ സ്റ്റെൽത്ത് ശേഷിയെക്കുറിച്ചും സാങ്കേതികവിദ്യ കൈമാറ്റത്തെക്കുറിച്ചും ഇന്ത്യയ്ക്ക് ഇപ്പോഴും ചില ആശങ്കകൾ നിലനിൽക്കുന്നതായി പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഫ്രാൻസ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുമായും ഇന്ത്യ പ്രതിരോധ സഹകരണം ശക്തമാക്കുന്ന സാഹചര്യത്തിൽ പുതിയ പ്രതിരോധ കരാറുകൾ കൂടുതൽ സൂക്ഷ്മമായി വിലയിരുത്തുന്ന സമീപനമാണ് ന്യൂഡൽഹി സ്വീകരിക്കുന്നത്.

റഷ്യയുമായി പരമ്പരാഗത പ്രതിരോധ ബന്ധം തുടരുന്നതിനൊപ്പം വിവിധ രാജ്യങ്ങളുമായി സഹകരണം വിപുലീകരിക്കാനുള്ള നയമാണ് ഇന്ത്യ പിന്തുടരുന്നത്. ഈ സാഹചര്യത്തിൽ എസ്‌യു57 സംബന്ധിച്ച റഷ്യയുടെ പുതിയ നിർദേശത്തോട് ഇന്ത്യ എങ്ങനെ പ്രതികരിക്കുമെന്നതാണ് ശ്രദ്ധേയമാകുന്നത്.