ന്യൂഡൽഹി: പാക്കിസ്ഥാൻ അധീനതയിലുള്ള ഗിൽഗിറ്റ്ബാൾട്ടിസ്ഥാനിൽ ജൂൺ 7ന് പൊതുതിരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജമ്മു കശ്മീരും ലഡാക്കും ഉൾപ്പെടെയുള്ള മുഴുവൻ പ്രദേശങ്ങളും ഇന്ത്യയുടെ അവിഭാജ്യവും അന്യാധീനമാക്കാനാകാത്തതുമായ ഭാഗങ്ങളാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
1947ൽ ജമ്മു കശ്മീർ നിയമപരമായും പൂർണമായും ഇന്ത്യയോട് ചേർന്നതിന്റെ അടിസ്ഥാനത്തിൽ ഗിൽഗിറ്റ്ബാൾട്ടിസ്ഥാനും ഇന്ത്യയുടെ ഭാഗമാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. പാക്കിസ്ഥാൻ നടത്തുന്ന ഇത്തരം നടപടികൾ അധീന പ്രദേശങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങൾ, രാഷ്ട്രീയ അടിച്ചമർത്തൽ, സാമ്പത്തിക ചൂഷണം, ജനങ്ങളുടെ സ്വാതന്ത്ര്യ നിഷേധം തുടങ്ങിയ യാഥാർഥ്യങ്ങൾ മറച്ചുവെക്കാനാവില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
ഇന്ത്യൻ പ്രദേശങ്ങളിൽ പാക്കിസ്ഥാൻ നടത്തുന്ന ഏതെങ്കിലും ഭരണപരമായോ രാഷ്ട്രീയമായോ മാറ്റങ്ങൾ അംഗീകരിക്കാനാവില്ലെന്നും, അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഇന്ത്യൻ ഭൂവിഭാഗങ്ങൾ ഒഴിയേണ്ടത് പാക്കിസ്ഥാന്റെ ബാധ്യതയാണെന്നും വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു.
ആറുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഗിൽഗിറ്റ്ബാൾട്ടിസ്ഥാൻ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. 33 അംഗങ്ങളുള്ള നിയമസഭയിൽ 24 പൊതുസീറ്റുകളും ആറു വനിതാ സീറ്റുകളും മൂന്ന് സാങ്കേതിക വിദഗ്ധർക്കും പ്രൊഫഷണലുകൾക്കുമായി സംവരണം ചെയ്ത സീറ്റുകളുമാണ് ഉള്ളത്. ജൂൺ 7നാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.
ഗിൽഗിറ്റ്ബാൾട്ടിസ്ഥാനിൽ തിരഞ്ഞെടുപ്പ് നടത്താനുള്ള പാക്കിസ്ഥാൻ നീക്കത്തിനെതിരെ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം
