ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളില്‍ ജനപ്രീതി നേടിയ 'കോക്രോച്ച് ജനതാ പാര്‍ട്ടി' (സി ജെ പി)യുടെ വക്താവും അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകനുമായ സൗരവ് ദാസിന്റെ ഒമ്പത് വര്‍ഷം പഴക്കമുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പുതിയ വിവാദത്തിന് വഴിവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിച്ചുള്ള പഴയ ട്വീറ്റുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
നിലവിലെ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളെ ശക്തമായി വിമര്‍ശിക്കുന്ന നിലപാടാണ് കോക്രോച്ച് ജനതാ പാര്‍ട്ടി സ്വീകരിച്ചിട്ടുള്ളത്. ഈ പശ്ചാത്തലത്തിലാണ് 2017-ല്‍ ദാസ് പങ്കുവെച്ച ചില പോസ്റ്റുകള്‍ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്.
2017 ജൂലൈ 1-ന് ജി എസ് ടി നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട് അദ്ദേഹം പങ്കുവെച്ച ഒരു പോസ്റ്റില്‍ ഓരോ ഇന്ത്യക്കാരനും അഭിനന്ദനങ്ങളെന്നും സാമ്പത്തിക സ്വാതന്ത്ര്യം കൈവരിച്ചിരിക്കുകയാണെന്നും പുതിയ ഇന്ത്യയ്ക്കായുള്ള ജി എസ് ടി എന്ന് കുറിച്ചിരുന്നു.
അതേ വര്‍ഷം മാര്‍ച്ചില്‍, നാല് സംസ്ഥാനങ്ങളില്‍ വിജയിച്ച് സര്‍ക്കാര്‍ രൂപീകരിച്ചതിന് പ്രധാനമന്ത്രി മോഡിയെ അഭിനന്ദിച്ചുകൊണ്ടും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. നഇനിയും മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആരോഗ്യത്തോടെ തുടരൂ സാര്‍ എന്നായിരുന്നു പോസ്റ്റ്.
ഇതിനിടെ, കോക്രോച്ച് ജനതാ പാര്‍ട്ടിയെ വിമര്‍ശിച്ച് കവി കുമാര്‍ വിശ്വാസ് നടത്തിയ 'കോക്രോച്ചുകള്‍ക്ക് ഹിറ്റ് സ്‌പ്രേ തളിക്കണം' എന്ന പരാമര്‍ശത്തോട് സൗരവ് ദാസ് അടുത്തിടെ പ്രതികരിച്ചിരുന്നു.
രാജ്യത്തെ 65 ശതമാനം യുവാക്കള്‍ക്കെതിരെ ഹിറ്റ് സ്‌പ്രേ ഉപയോഗിക്കാനാകുമോ? എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന പാര്‍ട്ടിയുടെ ആവശ്യം ദാസ് വീണ്ടും ആവര്‍ത്തിക്കുകയും ചെയ്തു.
സൗരവ് ദാസിന്റെ പഴയ ട്വീറ്റുകള്‍ പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളെ ചോദ്യം ചെയ്യുന്നവരും പിന്തുണയ്ക്കുന്നവരും രംഗത്തെത്തിയിട്ടുണ്ട്.
പഴയ ട്വീറ്റുകള്‍ അന്നത്തെ യുവജനങ്ങളുടെ പ്രതീക്ഷകളെയാണ് കാണിക്കുന്നതെന്നും മോഡിയില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നുവെന്നും ചില മേഖലകളില്‍ അദ്ദേഹം നേട്ടങ്ങള്‍ കൈവരിച്ചെങ്കിലും പല മന്ത്രാലയങ്ങളുടെയും കാര്യക്ഷമതക്കുറവ് ജനങ്ങളെ നിരാശരാക്കിയെന്നുമാണ് ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവിന്റെ പ്രതികരണം.
മറ്റൊരാള്‍ യുവാക്കള്‍ക്ക് നരേന്ദ്ര മോദിയില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നുവെന്ന് ഇത് തെളിയിക്കുന്നുവെന്നും എന്നാല്‍ പിന്നീട് അദ്ദേഹം സമ്പന്നരുടെയും അഴിമതിക്കാരുടെയും താത്പര്യങ്ങള്‍ക്ക് വഴങ്ങിയെന്ന് പലരും കരുതുന്നുവെന്ന അഭിപ്രായവും പങ്കുവെച്ചു.
സാമൂഹിക മാധ്യമങ്ങളിലൂടെ രൂപംകൊണ്ട കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിലര്‍ ഇത് മാറ്റത്തിനായുള്ള പുതിയ യുവജന പ്രസ്ഥാനമായി കാണുമ്പോള്‍ മറ്റുചിലര്‍ താത്ക്കാലിക തരംഗം മാത്രമാണെന്ന് വിലയിരുത്തുന്നു.
അതേസമയം, ജൂണ്‍ 6-ന് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. സമാന ചിന്താഗതിക്കാരായ ആളുകള്‍ ഒരുമിക്കുന്ന ഈ പ്രതിഷേധം എത്രത്തോളം സ്വാധീനം ചെലുത്തുമെന്നത് രാഷ്ട്രീയ നിരീക്ഷകരും പൊതുജനങ്ങളും ഉറ്റുനോക്കുകയാണ്.
