രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്വകാര്യതാ നിയമം ബാധകമാക്കണം; 84 ശതമാനം ആല്‍ബര്‍ട്ട നിവാസികളുടെ പിന്തുണ

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്വകാര്യതാ നിയമം ബാധകമാക്കണം; 84 ശതമാനം ആല്‍ബര്‍ട്ട നിവാസികളുടെ പിന്തുണ


എഡ്മന്റണ്‍: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും സ്വകാര്യതാ നിയമം ബാധകമാക്കണമെന്ന ആവശ്യത്തിന് ആല്‍ബര്‍ട്ടയില്‍ വന്‍ ജനപിന്തുണ. പുതിയ ഇപ്സോസ് സര്‍വേ പ്രകാരം, ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ബാധകമായ സ്വകാര്യതാ നിയമങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബാധകമാക്കണമെന്ന് 84 ശതമാനം ആല്‍ബര്‍ട്ട നിവാസികളും അഭിപ്രായപ്പെടുന്നു.

ബ്രിട്ടീഷ് കൊളംബിയ ആസ്ഥാനമായ സ്വകാര്യതാവകാശ സംരക്ഷണ സംഘടനയുടെ നിര്‍ദേശപ്രകാരമാണ് സര്‍വേ നടത്തിയത്. ഏപ്രിലില്‍ പുറത്തുവന്ന വന്‍ വോട്ടര്‍ വിവര ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ മേല്‍നോട്ട അധികാരം സ്വകാര്യതാ കമ്മീഷണര്‍ ഓഫീസിന് നല്‍കണമെന്ന തന്റെ ആവശ്യത്തിന് സര്‍വേ ഫലം ശക്തിപകരുന്നതായി ആല്‍ബര്‍ട്ട ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പ്രൈവസി കമ്മീഷണര്‍ ഡിയന്‍ മക്ലിയോഡ് പറഞ്ഞു.

സി ബി സി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് മക്ലിയോഡ് വ്യക്തമാക്കി.

ഇലക്ഷന്‍സ് ആല്‍ബര്‍ട്ടയുടെ വിവരമനുസരിച്ച്, സ്വതന്ത്ര ആല്‍ബര്‍ട്ടയ്ക്കായി പ്രവര്‍ത്തിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ആല്‍ബര്‍ട്ട നിയമാനുസൃതമായി കൈവശപ്പെടുത്തിയിരുന്ന ഏകദേശം 30 ലക്ഷം വോട്ടര്‍മാരുടെ വ്യക്തിഗത വിവരങ്ങള്‍ പിന്നീട് സെഞ്ചൂറിയന്‍ പ്രൊജക്ട് എന്ന സംഘടനയുടെ കൈകളിലെത്തി. തുടര്‍ന്ന് ഈ വിവരങ്ങള്‍ ഓണ്‍ലൈന്‍ ഡേറ്റാബേസില്‍ പ്രസിദ്ധീകരിക്കപ്പെട്ടു.

വോട്ടര്‍മാരുടെ മുഴുവന്‍ പേരുകള്‍, വിലാസങ്ങള്‍, പിന്‍കോഡുകള്‍, ഫോണ്‍ നമ്പറുകള്‍, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ നമ്പറുകള്‍ തുടങ്ങിയ വിവരങ്ങളാണ് ചോര്‍ന്നത്. ഇത് വോട്ടര്‍ വിവരങ്ങളുമായി ബന്ധപ്പെട്ട കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡേറ്റാ ചോര്‍ച്ചയാണെന്ന് മക്ലിയോഡ് വിശേഷിപ്പിച്ചു.

സംഭവത്തെ തുടര്‍ന്ന് പ്രവിശ്യയിലുടനീളമുള്ള നൂറുകണക്കിന് ആളുകള്‍ ആശങ്ക അറിയിച്ച് തന്നെ സമീപിച്ചുവെന്നും കുടുംബാംഗങ്ങളുടെ സുരക്ഷയെക്കുറിച്ച് അവര്‍ ഭയപ്പെടുന്നുണ്ടായിരുന്നുവെന്നും മക്ലിയോഡ് പറഞ്ഞു.

സംഭവത്തില്‍ ഇലക്ഷന്‍സ് ആല്‍ബര്‍ട്ടയും റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലിസും സ്വകാര്യതാ കമ്മീഷണറുടെ ഓഫീസും അന്വേഷണം നടത്തുകയാണ്. എന്നാല്‍ നിലവിലെ നിയമപ്രകാരം റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ആല്‍ബര്‍ട്ടക്കെതിരെ നേരിട്ട് അന്വേഷിക്കാന്‍ തനിക്ക് അധികാരമില്ലെന്ന് മക്ലിയോഡ് വ്യക്തമാക്കി.

മുപ്പത് വര്‍ഷത്തോളമായി സ്വകാര്യതാവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലയില്‍ സഹായം തേടുന്നവര്‍ക്കായി ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥ വളരെ നിരാശാജനകമാണെന്ന് അവര്‍ പറഞ്ഞു.

മെയ് 22 മുതല്‍ 26 വരെ ഓണ്‍ലൈനായി നടത്തിയ സര്‍വേയില്‍ 801 മുതിര്‍ന്നവരാണ് പങ്കെടുത്തത്. സര്‍വേ പ്രകാരം 84 ശതമാനം പേര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്വകാര്യതാ കമ്മീഷണറുടെ മേല്‍നോട്ടം വേണമെന്ന് അഭിപ്രായപ്പെട്ടു.

ഏകദേശം മൂന്നില്‍ രണ്ട് ഭാഗം പേര്‍ വോട്ടര്‍മാരുടെ വിവരങ്ങള്‍ അനധികൃത പ്രവേശനം, പങ്കുവെക്കല്‍, പകര്‍ത്തല്‍, ദുരുപയോഗം എന്നിവയില്‍ നിന്ന് സംരക്ഷിക്കാനുള്ള നിയമബാധ്യത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ടാകണമെന്ന് ആവശ്യപ്പെട്ടു.

ഡേറ്റാ ചോര്‍ച്ച സംഭവിച്ചാല്‍ നിയന്ത്രണ ഏജന്‍സികളെയും ബാധിതരായ വ്യക്തികളെയും ഉടന്‍ അറിയിക്കണമെന്ന് ഭൂരിപക്ഷം അഭിപ്രായപ്പെട്ടു.

വോട്ടര്‍ വിവരങ്ങള്‍ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.

ആല്‍ബര്‍ട്ടയുടെ വ്യക്തിഗത വിവര സംരക്ഷണ നിയമമായ പിപ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബാധകമാക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉയരുന്നുണ്ടെന്ന് മക്ലിയോഡ് ചൂണ്ടിക്കാട്ടി. നിലവില്‍ പ്രവിശ്യാ സര്‍ക്കാര്‍ നിയമം പുനഃപരിശോധിക്കുന്നതിനാല്‍ മാറ്റങ്ങള്‍ വരുത്താന്‍ ഇതാണ് ഏറ്റവും അനുയോജ്യമായ സമയമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

രാഷ്ട്രീയ പാര്‍ട്ടികളുടെ ഡേറ്റ ഉപയോഗം നിലവില്‍ നിയന്ത്രിക്കുന്നത് ആല്‍ബര്‍ട്ട തിരഞ്ഞെടുപ്പ് നിയമം മാത്രമാണ്. എന്നാല്‍ ക്യുബെക്, ബ്രിട്ടീഷ് കൊളംബിയ തുടങ്ങിയ പ്രവിശ്യകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്വകാര്യതാ നിയമങ്ങള്‍ ബാധകമാണ്.

ഡേറ്റാ ചോര്‍ച്ചയ്ക്ക് പിന്നാലെ പ്രവിശ്യാ സര്‍ക്കാരിന്റെ പ്രതികരണം തൃപ്തികരമല്ലെന്ന് എഡ്മന്റണ്‍ സ്വദേശിയായ ചാഡ് ആല്‍ബര്‍ട്ട് ആരോപിച്ചു. വ്യക്തിഗത വിവരങ്ങള്‍ ആരൊക്കെ കൈമാറിയെന്നും ഇപ്പോള്‍ എവിടെയാണെന്നും അറിയാത്തത് വലിയ ഭീതിയാണ് സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സ്വത്വമോഷണത്തിനും തട്ടിപ്പിനും ആളുകള്‍ ഇരയാകുമോ എന്ന ആശങ്കയുണ്ടെന്നും വിവരങ്ങള്‍ ആരുടെ കൈവശമാണെന്ന് പോലും നമുക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ആല്‍ബര്‍ട്ട നിവാസികളുടെ വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഉത്തരവാദികള്‍ക്കെതിരെ നിയമനടപടി ഉണ്ടാകണമെന്നും നീതിന്യായ മന്ത്രി മിക്കി ആംറിയുടെ ഓഫീസ് പ്രതികരിച്ചു.

എന്നാല്‍ നിലവിലുള്ള അന്വേഷണ ഫലങ്ങള്‍ കാത്തിരിക്കേണ്ട ആവശ്യമില്ലെന്നാണ് മക്ലിയോഡിന്റെ നിലപാട്. വോട്ടര്‍ വിവരങ്ങള്‍ സ്വകാര്യതാ നിയമത്തിന്റെ സംരക്ഷണത്തിന് പുറത്താണെന്ന വസ്തുത സര്‍ക്കാറിന് ഇതിനകം അറിയാമെന്നും അന്വേഷണങ്ങള്‍ പൂര്‍ത്തിയായാലും ആ യാഥാര്‍ഥ്യം മാറില്ലെന്നും അവര്‍ പറഞ്ഞു.

ഒക്ടോബര്‍ 19-ന് നടക്കുന്ന റഫറണ്ടത്തില്‍ കാനഡയില്‍ തുടരണമോ സ്വാതന്ത്ര്യത്തിലേക്കുള്ള നിയമനടപടികള്‍ ആരംഭിക്കണമോയെന്ന സുപ്രധാന ചോദ്യമുള്‍പ്പെടെ 10 വിഷയങ്ങളില്‍ ആല്‍ബര്‍ട്ട നിവാസികള്‍ വോട്ടുചെയ്യാനിരിക്കെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഡേറ്റ കൈകാര്യം ചെയ്യല്‍ വീണ്ടും ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.