ടിറാന: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപും മരുമകന്‍ ജാരഡ് കുഷ്‌നറും പങ്കാളികളായ 1.4 ബില്യണ്‍ ഡോളറിന്റെ തീരദേശ വികസന പദ്ധതി അല്‍ബേനിയയില്‍ വിവാദത്തില്‍. പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നതിനിടെ അഴിമതിയുമായി ബന്ധപ്പെട്ട ഔദ്യോഗിക അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
ട്രംപിന്റെ ആദ്യ ഭരണകാലത്ത് മുതിര്‍ന്ന ഉപദേഷ്ടാക്കളായിരുന്ന ഇവാങ്ക ട്രംപും ജാരെഡ് കുഷ്‌നറും രണ്ടാം ട്രംപ് ഭരണകാലത്തും ശ്രദ്ധേയ വ്യക്തികളാണ്. ഇവരുടെ നിക്ഷേപ സ്ഥാപനമായ അഫിനിറ്റി പാര്‍ട്‌ണേഴ്‌സ് മുഖേന നടപ്പാക്കുന്ന പദ്ധതിയാണ് ഇപ്പോള്‍ വിവാദമായത്.
പദ്ധതിയെക്കുറിച്ച് അടുത്തിടെ പ്രതികരിച്ച ഇവാങ്ക ട്രംപ് വര്‍ഷങ്ങളായുള്ള ശ്രമങ്ങള്‍ക്കൊടുവിലാണ് ദ്വീപ് സ്വന്തമാക്കിയതെന്ന് വെളിപ്പെടുത്തി. സുഹൃത്തിന്റെ ബോട്ടില്‍ യാത്ര ചെയ്യുന്നതിനിടെ യാദൃച്ഛികമായി കണ്ടെത്തിയ ദ്വീപാണ് ഇതെന്നും അവര്‍ പറഞ്ഞു.
കടലില്‍ നീന്തുന്നതിനിടെയാണ് തങ്ങള്‍ ദ്വീപിലെത്തിയതെന്നും ചെരുപ്പില്ലാതെ കുന്നിന്‍മുകളിലേക്ക് കയറുകയും ആ സ്ഥലം തങ്ങളെ പൂര്‍ണമായി ആകര്‍ഷിക്കുകയും ചെയ്തു എന്നായിരുന്നു ഇവാങ്കയുടെ വാക്കുകള്‍. ഇത് വെറും ബിസിനസ് സംരംഭമല്ലെന്നും വ്യക്തിപരമായ സ്വപ്‌ന പദ്ധതിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പദ്ധതിക്ക് പ്രധാന സാമ്പത്തിക പിന്തുണ ലഭിക്കുന്നത് പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് എന്ന സൗദി അറേബ്യയുടെ പരമാധികാര സമ്പത്ത് നിധിയില്‍ നിന്നാണ്. അഫിനിറ്റി പാര്‍ട്‌നേഴ്‌സിന്റെ പ്രധാന നിക്ഷേപകരിലൊന്നാണ് ഈ ഫണ്ട്.
പദ്ധതിയുടെ കേന്ദ്രബിന്ദു അഡ്രിയാറ്റിക് കടലിലെ 1,400 ഹെക്ടര്‍ വിസ്തൃതിയുള്ള സസാന്‍ ദ്വീപാണ്. ശീതയുദ്ധ കാലത്ത് അതീവ രഹസ്യ സൈനിക കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ഈ ജനവാസമില്ലാത്ത ദ്വീപില്‍ 10,000 ആഡംബര ഹോട്ടല്‍ മുറികളും സ്വകാര്യ വില്ലകളും യാച്ച് മറീനയും നിര്‍മ്മിക്കാനാണ് പദ്ധതി.
കൂടാതെ പരിസ്ഥിതി പ്രാധാന്യമുള്ള ജോസ- നര്‍ട തണ്ണീര്‍ത്തടം മേഖലയിലെ തീരപ്രദേശവും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഇതാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആശങ്ക വര്‍ധിപ്പിച്ചിരിക്കുന്നത്.
പദ്ധതിക്കെതിരെ അല്‍ബേനിയയുടെ തലസ്ഥാനമായ ടിറാനയിലും തെക്കന്‍ തീരദേശ നഗരങ്ങളിലുമായി പതിനായിരക്കണക്കിന് ആളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. അല്‍ബേനിയ ഈസ് നോട്ട് ഫോര്‍ സെയ്ല്‍ (അല്‍ബേനിയ വില്‍പ്പനയ്ക്കല്ല) എന്ന മുദ്രാവാക്യവുമായി നടന്ന പ്രതിഷേധം രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പൗരപ്രക്ഷോഭങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.
ദീര്‍ഘകാലമായി സംരക്ഷിക്കപ്പെടുന്ന പ്രകൃതി ആവാസവ്യവസ്ഥകള്‍ ഈ പദ്ധതിയിലൂടെ തിരിച്ചുപിടിക്കാനാവാത്ത വിധം നശിപ്പിക്കപ്പെടുമെന്ന മുന്നറിയിപ്പാണ് പരിസ്ഥിതി സംഘടനകള്‍ നല്‍കുന്നത്. പ്രദേശത്ത് ഇതിനകം തന്നെ ഭാരം കൂടിയ യന്ത്രങ്ങള്‍ എത്തിച്ചേര്‍ന്നതായും മണല്‍ പ്രദേശങ്ങള്‍ കുഴിച്ചുമാറ്റുകയും പൈന്‍ മരങ്ങള്‍ക്കിടയിലെ ഭൂമി വെട്ടിത്തെളിക്കുകയും വേലികള്‍ സ്ഥാപിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ അല്‍ബേനിയന്‍ പ്രധാനമന്ത്രി എഡി റാമ പദ്ധതിയെ ശക്തമായി പിന്തുണച്ചു. നാല് ബില്യണ്‍ യൂറോയുടെ നിക്ഷേപവുമായി എത്തിയ അസാധാരണ പങ്കാളികളെ ഭയപ്പെടുന്ന രാജ്യമായി അല്‍ബേനിയ മാറരുതെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പദ്ധതിയുമായി ബന്ധപ്പെട്ട് അല്‍ബേനിയയിലെ അഴിമതിയും സംഘടിത കുറ്റകൃത്യങ്ങളും അന്വേഷിക്കുന്ന പ്രത്യേക ഏജന്‍സി ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംരക്ഷിത ഭൂമിയുടെ പദവി സര്‍ക്കാര്‍ അതിവേഗം മാറ്റിയതെങ്ങനെയെന്നും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണോ പദ്ധതിക്ക് അനുമതി ലഭിച്ചതെന്നും അന്വേഷണ സംഘം പരിശോധിക്കുകയാണ്.
ഈ വിവാദം മുമ്പ് സെര്‍ബിയയില്‍ അഫിനിറ്റി പാര്‍ട്‌നേഴ്‌സ് നടപ്പാക്കിയ മറ്റൊരു വന്‍ പദ്ധതിയുമായി താരതമ്യം ചെയ്യപ്പെടുന്നുണ്ട്. ആ കേസില്‍ വികസന പദ്ധതിക്ക് വഴിയൊരുക്കുന്നതിനായി അധികാര ദുരുപയോഗവും രേഖകള്‍ വ്യാജമാക്കലും നടത്തിയെന്നാരോപിച്ച് ഒരു മന്ത്രിയുള്‍പ്പെടെ നാല് പേര്‍ക്കെതിരെ സെര്‍ബിയന്‍ പ്രോസിക്യൂഷന്‍ കുറ്റം ചുമത്തിയിരുന്നു.
അല്‍ബേനിയയിലെ അന്വേഷണവും പ്രതിഷേധങ്ങളും ശക്തമാകുന്ന സാഹചര്യത്തില്‍, ഇവാങ്ക ട്രംപും ജാരെഡ് കുഷ്‌നറും നേതൃത്വം നല്‍കുന്ന ഈ വമ്പന്‍ നിക്ഷേപ പദ്ധതി അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ രാഷ്ട്രീയ- സാമൂഹിക ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
