കോക്രോച്ച് ജനതാ പാര്‍ട്ടി പ്രതിഷേധം: അടിയന്തര ഹര്‍ജി പരിഗണിക്കാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രതിഷേധം: അടിയന്തര ഹര്‍ജി പരിഗണിക്കാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു


ന്യൂഡല്‍ഹി: ജൂണ്‍ 6ന് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി (സി ജെ പി) സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി ജനക്കൂട്ട നിയന്ത്രണവും മുന്‍കരുതല്‍ നടപടികളും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു.

'സേവ് ഇന്ത്യ ഫൗണ്ടേഷന്‍' എന്ന എന്‍ ജി ഒയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ജസ്റ്റിസുമാരായ സൗരഭ് ബാനര്‍ജിയും അമിത് ശര്‍മ്മയും ഉള്‍പ്പെട്ട അവധിക്കാല ബെഞ്ചിന് മുന്നിലാണ് ഹര്‍ജി പരിഗണിച്ചത്. പ്രതിഷേധം നടക്കാനിരിക്കെ കോടതി അടിയന്തരമായി ഇടപെടണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കേസ് അടിയന്തര പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ബെഞ്ച് തയ്യാറായില്ല.

സാമൂഹിക മാധ്യമങ്ങളില്‍ വന്‍ ശ്രദ്ധ നേടിയ  കോക്രോച്ച് ജനതാ പാര്‍ട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. നീറ്റ്- യു ജി, സി ബി എസ് ഇ പരീക്ഷകള്‍ ഉള്‍പ്പെടെയുള്ള ദേശീയതല പരീക്ഷകളില്‍ ക്രമക്കേടുകള്‍ ഉണ്ടായെന്ന ആരോപണമാണ് പ്രതിഷേധത്തിന്റെ മുഖ്യവിഷയം.

പാര്‍ട്ടിയുടെ സ്ഥാപകനായ ഇന്ത്യന്‍ വംശജനും ബോസ്റ്റണ്‍ ആസ്ഥാനമായുള്ള പ്രൊഫഷണലുമായ അഭിജീത് ദിപ്‌കെ ജൂണ്‍ 6-ന് ഇന്ത്യയിലെത്തി പ്രതിഷേധത്തിന് നേതൃത്വം നല്‍കുമെന്നാണ് വിവരം. പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച, പരീക്ഷാ നടത്തിപ്പിലെ കാലതാമസം, വിദ്യാഭ്യാസ മേഖലയിലെ ഭരണപരമായ വീഴ്ചകള്‍ എന്നിവയ്ക്കെതിരായ സമാധാനപരമായ പ്രതിഷേധമായിരിക്കും പരിപാടിയെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ അനുയായികള്‍ അറിയിച്ചിട്ടുണ്ട്.

നീറ്റ്- യു ജി ചോദ്യപേപ്പര്‍ ചോര്‍ച്ച കേസുമായി ബന്ധപ്പെട്ട് ദേശീയ പരീക്ഷാ ഏജന്‍സിയായ എന്‍ ടി എയും കേന്ദ്ര അന്വേഷണ ഏജന്‍സിയായ സി ബി ഐയും ഇപ്പോഴും കടുത്ത വിമര്‍ശനങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് പ്രതിഷേധം. ക്രമക്കേട് ആരോപണങ്ങളെ തുടര്‍ന്ന് പരീക്ഷ ജൂണ്‍ 21-ലേക്ക് പുനഃക്രമീകരിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് നിരവധി പ്രതികളെ സി ബി ഐ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

വിദ്യാര്‍ഥി സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും പരീക്ഷാ വിവാദങ്ങളില്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്തം ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.