നരേന്ദ്ര മോദി എൻ്റെ നല്ലൊരു സുഹൃത്താണ്; പ്രധാനമന്ത്രിയെ പ്രശംസിച്ച് ഡോണൾഡ് ട്രംപ്

നരേന്ദ്ര മോദി എൻ്റെ നല്ലൊരു സുഹൃത്താണ്; പ്രധാനമന്ത്രിയെ പ്രശംസിച്ച് ഡോണൾഡ് ട്രംപ്


വാഷിം​ഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. തങ്ങൾ തമ്മിലുള്ള ശക്തമായ വ്യക്തിബന്ധം ചൂണ്ടിക്കാണിച്ച ട്രംപ്, അമേരിക്കയും ഇന്ത്യയും തമ്മിൽ ഉടൻ തന്നെ ഒരു സുപ്രധാന വ്യാപാര കരാറിൽ ഒപ്പുവെക്കുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു.

"എനിക്ക് നിങ്ങളുടെ പ്രധാനമന്ത്രിയെ വളരെ ഇഷ്ടമാണ്. അദ്ദേഹം എന്റെ നല്ലൊരു സുഹൃത്താണ്, ഞങ്ങൾ തമ്മിൽ വളരെ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത്. ഞങ്ങളുടേത് മികച്ചൊരു ബന്ധമാണ്," ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തെക്കുറിച്ച് സംസാരിക്കവെ വൈറ്റ് ഹൗസിൽ വെച്ച് മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞു.

മുൻകാലങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാര അസന്തുലിതാവസ്ഥ നിലനിന്നിരുന്നുവെങ്കിലും, വാഷിംഗ്ടണും ന്യൂഡൽഹിയും ഒടുവിൽ ഒരു ധാരണയിലെത്തുമെന്ന് വിശ്വസിക്കുന്നതായി ട്രംപ് വ്യക്തമാക്കി. മുൻവർഷങ്ങളിൽ ഉയർന്ന നികുതി ചുമത്തിക്കൊണ്ട് ഇന്ത്യ അമേരിക്കയുമായുള്ള വ്യാപാര ബന്ധത്തിൽ നിന്നും വലിയ ലാഭമുണ്ടാക്കിയിരുന്നതായി അവകാശപ്പെട്ട അദ്ദേഹം, എന്നാൽ ഇപ്പോൾ സാഹചര്യം പൂർണ്ണമായും മാറി. 

വര്‍ഷങ്ങളോളം ഇന്ത്യ അമേരിക്കയെ ചൂഷണം ചെയ്യുകയായിരുന്നു. അവര്‍ ഞങ്ങള്‍ക്ക് മേല്‍ വന്‍തോതില്‍ നികുതി ചുമത്തുകയും എന്നാല്‍ തിരിച്ച് ഒന്നും നല്‍കാതിരിക്കുകയും ചെയ്തു. ഇപ്പോള്‍ സ്ഥിതി കൃത്യമായി മാറി മറിഞ്ഞിരിക്കുകയാണ്, ഞങ്ങള്‍ ഇന്ത്യയുമായുള്ള വ്യാപാരത്തിലൂടെ വലിയ രീതിയില്‍ പണം സമ്പാദിക്കുന്നുണ്ട്,’ ട്രംപ് പറഞ്ഞു.