ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖർഗെയും പവൻ ഖേരയും രാജ്യസഭയിലേക്ക് കർണാടകയിൽ നിന്ന് മത്സരിക്കും. മൻസൂർ അലിഖാനും കർണാടകയിൽ നിന്നാണ് മത്സരിക്കുന്നത്. പ്രവീൺ ചക്രവർത്തിക്ക് തമിഴ്നാട്ടിൽ നിന്ന് മത്സരിക്കാൻ അവസരം നൽകിയപ്പോൾ ദിഗ്‍വിജയ് സിംഗിന് ഇക്കുറി സീറ്റ് നൽകിയില്ല. പകരം മീനാക്ഷി നടരാജനെയാണ് മധ്യപ്രദേശിൽ നിന്ന് പരിഗണിച്ചിരിക്കുന്നത്. മല്ലികാർജുന ഖർഗെയുടെ ഓഫീസിലെ സെക്രട്ടറി പ്രണവ് ഝാ ജാർഖണ്ഡിൽ നിന്നും നീരജ് ഡാങ്കി രാജസ്ഥാനിൽ നിന്നും മത്സരിക്കും.
അതേസമയം, ടി.വി.കെ പിന്തുണ നേട്ടമാക്കിയിരിക്കുകയാണ് തമിഴ്നാട്ടിൽ നിന്നുള്ള നേതാവ് പ്രവീൺ ചക്രവർത്തി. 2024ൽ മയിലാടുതുറൈ ലോക്സഭ സീറ്റിന് ശ്രമിച്ചെങ്കിലും ഡി.എം.കെ എതിർത്തതോടെ സാധ്യത മങ്ങുകയായിരുന്നു. ഈ വർഷം ഏപ്രിലിൽ രാജ്യസഭയിലേക്ക് സീറ്റ് ചോദിച്ചെങ്കിലും സ്റ്റാലിൻ വീണ്ടും ഉടക്കി. കോൺഗ്രസ്- ഡി.എം.കെ സഖ്യത്തിൽ ഉള്ളപ്പോൾ വിജയ്‍യെ കണ്ടതോടെ വീണ്ടും വിവാദത്തിൽ ആയി. ഡിഎംകെ നടപടി ആവശ്യപ്പെട്ടെങ്കിലും ഹൈക്കമാൻഡ് വഴങ്ങിയില്ല.
രാജ്യസഭയിൽ ഒഴിവുവരുന്ന 24 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ 18നാണ് നടക്കുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 8 ആണ്. പത്രിക പത്രിക പിൻവലിക്കാനുള്ള അവസാനതീയതി ജൂൺ 11ഉം. വോട്ടെടുപ്പ് ജൂൺ 18 (രാവിലെ 9 മുതൽ വൈകിട്ട് നാലുമണി വരെ). വോട്ടെണ്ണലും 18ന് തന്നെ നടക്കും.
രാജ്യസഭ തെരഞ്ഞെടുപ്പ്: ഖാർഗെയും പവൻ ഖേരെയും കർണാടകയിൽ നിന്ന്; ദിഗ്‍വിജയ് സിംഗിന് സീറ്റില്ല
