അമേരിക്കൻ സ്വാതന്ത്ര്യദിനവും മലയാളി സാന്നിധ്യത്തിന്റെ പതിറ്റാണ്ടും; ഗ്ലെൻവ്യൂയിൽ ജൂലൈ 4 ന് വിപുലമായ ആഘോഷം

അമേരിക്കൻ സ്വാതന്ത്ര്യദിനവും മലയാളി സാന്നിധ്യത്തിന്റെ പതിറ്റാണ്ടും; ഗ്ലെൻവ്യൂയിൽ ജൂലൈ 4 ന് വിപുലമായ ആഘോഷം


ഗ്ലെൻവ്യൂ: ഗ്ലെൻവ്യൂ മലയാളീസ് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ജൂലൈ 4ന് അമേരിക്കൻ സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. ഇത്തവണ അമേരിക്കയുടെ 250ാം സ്വാതന്ത്ര്യ വാർഷികവും ഗ്ലെൻവ്യൂ പരേഡിൽ മലയാളികളുടെ പങ്കാളിത്തത്തിന്റെ 10ാം വാർഷികവും ഒരുമിച്ച് ആഘോഷിക്കുന്നതിന്റെ പ്രത്യേകതയുമുണ്ട്.

കലാപരിപാടികൾ, സംഗീത വിരുന്ന്, കുടുംബസംഗമം, കുട്ടികൾക്കായുള്ള പ്രത്യേക വിനോദങ്ങൾ, ലൈവ് തട്ടുകട വിഭവങ്ങൾ എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. മലയാളി പാരമ്പര്യത്തിന്റെ ആവേശം പകരുന്ന 'കൊച്ചുവീട്ടിൽ ബീറ്റ്‌സ്' ചെണ്ടമേളം ആഘോഷങ്ങളുടെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കും.

ജനറൽ കൺവീനർ ജോസഫ് തെക്കേക്കര, പരേഡ് കോർഡിനേറ്റർ ജോൺസൺ മാളിയേക്കൽ, പ്രസിഡന്റ് സ്‌കറിയക്കുട്ടി തോമസ്, സെക്രട്ടറി ഷാനി എബ്രഹാം, ട്രഷറർ ജോൺ വടക്കുംചേരി എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

ഈ വർഷത്തെ ആഘോഷങ്ങളുടെ മുഖ്യ ഗ്രാൻഡ് സ്‌പോൺസറായി ചാക്കോച്ചൻ കടവിൽ സഹകരിക്കുന്നതായി സംഘാടകർ അറിയിച്ചു. തുടർച്ചയായി രണ്ടാം തവണയാണ് അദ്ദേഹം 1,000 ഡോളർ സ്‌പോൺസർഷിപ്പ് നൽകുന്നത്. 

ആഘോഷ പരിപാടികൾക്ക് ശേഷം സൗഹൃദസംഗമവും ആഫ്റ്റർ പാർട്ടിയും നോർത്ത്ബ്രുക്കിലുള്ള പോൾ വടക്കുംചേരിയുടെ വസതിയിൽ നടക്കും.

ഗ്ലെൻവ്യൂ പരേഡിലും അനുബന്ധ ആഘോഷ പരിപാടികളിലും എല്ലാ മലയാളി കുടുംബങ്ങളും പങ്കചേർന്ന് വിജയിപ്പിക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.