ക്ലാസിഫൈഡ് ഡോക്യുമെന്റ് കേസ്: ജോൺ ബോൾട്ടൻ കുറ്റം സമ്മതിച്ചു

ക്ലാസിഫൈഡ് ഡോക്യുമെന്റ് കേസ്: ജോൺ ബോൾട്ടൻ കുറ്റം സമ്മതിച്ചു


വാഷിം​ഗ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ തന്റെ കൈവശ്യമുണ്ടായിരുന്ന ക്ലാസിഫൈഡ് ഡോക്യുമെന്റ് (രഹസ്യരേഖ) ദുരുപയോ​ഗം ചെയ്തെന്ന കേസിൽ കുറ്റം ചെയ്തതായി സമ്മതിച്ചു. ഒരു കുറ്റം മാത്രം സമ്മതിച്ച് പിഴയൊടുക്കാൻ ധാരണയായെന്ന് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ദരിച്ച് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോര്‌ട്ട് ചെയ്തു. 2026 ഒക്ടോബറിൽ യു.എസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് അദ്ദേഹത്തിനെതിരെ 18 കുറ്റങ്ങൾ ചുമത്തിയിരുന്നുവെങ്കിലും, ഒരു പുതിയ പ്ലീ ഡീൽ പ്രകാരം ഒരു കുറ്റം മാത്രം സമ്മതിക്കാനാണ് തീരുമാനം.

ഡീൽ അനുസരിച്ച്, തടവുശിക്ഷ ഒഴിവാക്കുമെങ്കിലും അദ്ദേഹം 2.25 മില്യൺ ഡോളർ (ഏകദേശം 18.8 കോടി രൂപ) പിഴയടക്കേണ്ടി വരും. ബോൾട്ടൻ തന്റെ കുറ്റം സമ്മതിച്ച് ജൂൺ 26ന് കോടതിയിൽ ഹാജരാകുമെന്ന് പ്രതീക്ഷിക്കുന്നത്. തന്റെ സർവീസ് കാലത്തെ വിവരങ്ങൾ ഉൾപ്പെടുത്തി ഡയറിയും ഇലക്ട്രോണിക് കുറിപ്പുകളും തയ്യാറാക്കുകയും, ഇവയിലെ അതീവ രഹസ്യവിവരങ്ങൾ കുടുംബാംഗങ്ങൾക്ക് കൈമാറുകയും ചെയ്തതാണ് ബോൾട്ടനെതിരെയുള്ള പ്രധാന കേസ്. 

ട്രംപിന്റെ ആദ്യ ഭരണകാലത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ച ശേഷം അദ്ദേഹത്തിന്റെ കടുത്ത വിമർശകനായി മാറിയ ബോൾട്ടൻ, തന്റെ പുസ്തകത്തിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് ഈ രേഖകൾ കൈകാര്യം ചെയ്തതായാണ് പ്രോസിക്യൂഷൻ കണ്ടെത്തിയത്.