ന്യൂഡല്‍ഹി: 21 പേരുടെ മരണത്തിനിടയാക്കിയ ഡല്‍ഹിയിലെ മാല്‍വിയ നഗറിലെ ഹോട്ടല്‍ തീപിടിത്തവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. തീപിടിത്തത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കവെ ഹോട്ടല്‍ ഉടമ തന്റെ സ്ഥാപനത്തിനായുള്ള 'ടീ ആന്‍ഡ് സ്‌നാക്‌സ് സ്റ്റാള്‍' ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്.
ജൂണ്‍ മൂന്നിന് ഉണ്ടായ വന്‍ തീപിടിത്തത്തില്‍ നിരവധി വിദേശ പൗരന്മാര്‍ ഉള്‍പ്പെടെ 21 പേരാണ് മരിച്ചത്. തീപിടിത്തമുണ്ടായ 'ഫ്‌ളറിഷ് സ്റ്റേ ബി ആന്‍ഡ് ബി' എന്ന സ്ഥാപനത്തിന്റെ ഉടമ ജയ് മിശ്ര അപകടം നടന്ന സമയത്ത് തന്നെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫ് ഡല്‍ഹിയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ലൈസന്‍സ് പുതുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നുവെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് 'ദി ഹിന്ദു' റിപ്പോര്‍ട്ട് ചെയ്തു.
രാത്രി 8.30ഓടെയാണ് തീപിടിത്തം ഉണ്ടായത്. എന്നാല്‍ രാത്രി 9.30നും 10 മണിക്കുമിടയില്‍ മിശ്രയുടെ ലൈസന്‍സ് പുതുക്കല്‍ അപേക്ഷ എം സി ഡിക്ക് ലഭിച്ചതായാണ് വിവരം.
അധികാരികളുടെ കണ്ടെത്തല്‍ പ്രകാരം ഇരിപ്പിട സൗകര്യമില്ലാത്ത ചായ- ലഘുഭക്ഷണ സ്റ്റാളുകള്‍ക്കായി മാത്രം അനുവദിക്കുന്ന 'ടീ ആന്‍ഡ് സ്‌നാക്‌സ്' (ടി ആന്റ് എസ്) ലൈസന്‍സാണ് സ്ഥാപനത്തിനുണ്ടായിരുന്നത്. എന്നാല്‍ അതിന്റെ മറവില്‍ താഴത്തെ നിലയില്‍ അടുക്കളയും വിപുലമായ ഇരിപ്പിട സംവിധാനവുമുള്ള പൂര്‍ണ സജ്ജമായ റെസ്റ്റോറന്റ് പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഈ ഭാഗത്തുനിന്നാണ് തീപിടിത്തം ആരംഭിച്ചതെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് വ്യക്തമാക്കിയിട്ടുണ്ട്.
സ്ഥാപനത്തിന്റെ ലൈസന്‍സ് ഏകദേശം രണ്ട് മാസം മുമ്പ് കാലഹരണപ്പെട്ടതാണെന്നും അവസാനമായി 2025 ഏപ്രില്‍ 18നാണ് പുതുക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2026 ജനുവരിയില്‍ ഗോവയില്‍ ഉണ്ടായ തീപിടിത്ത സംഭവത്തെ തുടര്‍ന്ന് എം സി ഡി അനുവദിച്ച എല്ലാ ഹെല്‍ത്ത് ട്രേഡ് ലൈസന്‍സുകളും പരിശോധിക്കാനും സ്ഥലപരിശോധന നടത്താനും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും ബന്ധപ്പെട്ട പൊതുജനാരോഗ്യ ഇന്‍സ്‌പെക്ടറുടെ വിരമിക്കലും കാരണം പരിശോധന വൈകുകയായിരുന്നു. ഇതോടെ കേസ് ജൂണ്‍ വരെ നീണ്ടുപോയി.
മെയ് 19ന് കുടിശ്ശിക പരിശോധനകള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഫയലുകള്‍ വീണ്ടും പരിശോധിക്കുകയായിരുന്നു. 2023-ല്‍ ലഭിച്ച ടി ആന്റ് എസ് ലൈസന്‍സ് വര്‍ഷംതോറും പുതുക്കിവന്നിരുന്ന ഫ്‌ളറിഷ് സ്റ്റേയുടെ ലൈസന്‍സും സൗത്ത് സോണില്‍ പരിശോധനയ്ക്കായി തിരഞ്ഞെടുത്ത ഏകദേശം 700 ലൈസന്‍സുകളില്‍ ഒന്നായിരുന്നു. രേഖകളും സ്ഥലപരിശോധനയും നടത്തിയിട്ടും നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല.
അതേസമയം, ഡല്‍ഹി ബെഡ് ആന്‍ഡ് ബ്രേക്ക്ഫാസ്റ്റ് നയത്തിലെ നിരവധി ചട്ടങ്ങള്‍ സ്ഥാപനത്തില്‍ ലംഘിക്കപ്പെട്ടതായി അന്വേഷണത്തില്‍ കണ്ടെത്തി. ആറ് മുറികള്‍ക്ക് മാത്രമായിരുന്നു അനുമതിയെങ്കിലും ഏകദേശം 25 മുറികള്‍ പ്രവര്‍ത്തിച്ചിരുന്നതായും അഗ്നിരക്ഷാ വിഭാഗത്തിന്റെ എന്‍ ഒ സി, അംഗീകൃത കെട്ടിട പ്ലാന്‍ എന്നിവ ഇല്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ എം സി ഡിയുടെ കെട്ടിട ചട്ടങ്ങള്‍ ബാധകമല്ലാത്ത ലാല്‍ ഡോറ മേഖലയിലായിരുന്നു സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
