ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അനധികൃത ബെഡ് ആന്‍ഡ് ബ്രേക്ക്ഫാസ്റ്റ് സ്ഥാപനത്തിന്റെ ഉടമ ലവ്‌കേഷ് ബജാജിനെതിരെ ഗുരുതര ആരോപണങ്ങള്‍ പുറത്ത്. പണം വാങ്ങി ബംഗ്ലാദേശ് പൗരന്‍മാര്‍ക്ക് വ്യാജ ഇന്ത്യന്‍ തിരിച്ചറിയല്‍ രേഖകള്‍ സംഘടിപ്പിക്കാന്‍ സഹായിച്ചതിന് ഇയാള്‍ കഴിഞ്ഞ വര്‍ഷം അറസ്റ്റിലായിരുന്നുവെന്ന് ഡല്‍ഹി പൊലീസ് വെളിപ്പെടുത്തി.
ബംഗ്ലാദേശ് സ്വദേശിനിയായ ഒരു സ്ത്രീക്കും അവരുടെ മകള്‍ക്കും പ്രായപൂര്‍ത്തിയാകാത്ത കൊച്ചുമകനും തന്റെ താമസ വിലാസം ഉപയോഗിച്ച് ഇന്ത്യന്‍ തിരിച്ചറിയല്‍ രേഖകള്‍ സമ്പാദിക്കാനും ഇന്ത്യയില്‍ അനധികൃതമായി താമസിക്കാനും ബജാജ് സഹായം നല്‍കിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതിന് പ്രതിഫലമായി ഇയാള്‍ പണം കൈപ്പറ്റിയതായും പൊലീസ് വ്യക്തമാക്കി.
ബംഗ്ലാദേശ് പൗരന്‍മാര്‍ക്കായി വ്യാജ ഇന്ത്യന്‍ പാസ്പോര്‍ട്ടുകളും ആധാര്‍ കാര്‍ഡുകളും ഉള്‍പ്പെടെയുള്ള രേഖകള്‍ സംഘടിപ്പിച്ച കേസില്‍ 2025-ലാണ് ബജാജിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. വഞ്ചന, രേഖ ചമയ്ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിരുന്നു.
2025 ജനുവരി 29-ന് പഹാര്‍ഗഞ്ച് മേഖലയില്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച് ഒരു ബംഗ്ലാദേശി കുടുംബം താമസിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് അന്വേഷണം. പരിശോധനയില്‍ ഒരു സ്ത്രീയും മകളും പ്രായപൂര്‍ത്തിയാകാത്ത കൊച്ചുമകനും വാടകവീട്ടില്‍ താമസിക്കുന്നതായി കണ്ടെത്തി. സ്വീറ്റി സര്‍ക്കാര്‍ എന്നറിയപ്പെടുന്ന ബ്യൂട്ടി ഹൗലദാര്‍ അഥവാ ജോഹ്‌റ ഖത്തൂന്‍, മകള്‍ പുഷ്‌പോ സര്‍ക്കാര്‍ എന്നിവരെയാണ് പൊലീസ് തിരിച്ചറിഞ്ഞത്.
പരിശോധനയില്‍ രണ്ട് ബംഗ്ലാദേശ് പാസ്പോര്‍ട്ടുകളും ഒരു ഇന്ത്യന്‍ പാസ്പോര്‍ട്ടും നിരവധി ആധാര്‍ കാര്‍ഡുകളും ബാങ്ക് രേഖകളും പൊലീസ് കണ്ടെടുത്തു. വിവിധ പേരുകളിലും വിലാസങ്ങളിലുമുള്ള രേഖകളില്‍ ഒരേ സ്ത്രീയുടെ ചിത്രമാണ് ഉണ്ടായിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
സ്വീറ്റി സര്‍ക്കാരിന്റെ വ്യാജ ഇന്ത്യന്‍ പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്ന ഛത്തര്‍പൂര്‍ എന്‍ക്ലേവ് വിലാസം പരിശോധിച്ചപ്പോഴാണ് അത് ദക്ഷിണ ഡല്‍ഹിയിലെ സാകേത്തില്‍ താമസിക്കുന്ന ലവ്‌കേഷ് ബജാജിന്റേതാണെന്ന് കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ ബംഗ്ലാദേശി കുടുംബത്തിന് പണം വാങ്ങി തന്റെ വിലാസം ഉപയോഗിക്കാന്‍ അനുമതി നല്‍കിയതായി ബജാജ് സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു.
തുടര്‍ന്ന് ലവ്‌കേഷ് ബജാജിനെയും സ്വീറ്റി സര്‍ക്കാരിനെയും പുഷ്‌പോ സര്‍ക്കാരിനെയും അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ സംബന്ധിച്ച വിവരങ്ങള്‍ പ്രത്യേക റിപ്പോര്‍ട്ടായി സമര്‍പ്പിച്ചിട്ടുമുണ്ട്.
അറസ്റ്റിന് പിന്നാലെ ഏകദേശം 15 ദിവസം തിഹാര്‍ ജയിലില്‍ കഴിഞ്ഞ ബജാജ് പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി. കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.
ബുധനാഴ്ച രാത്രിയാണ് തീപിടിത്തവുമായി ബന്ധപ്പെട്ട് ബജാജിനെ വീണ്ടും അറസ്റ്റ് ചെയ്തത്. നിലവില്‍ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് ഇയാള്‍.
ചോദ്യം ചെയ്യലില്‍, തീപിടിത്തമുണ്ടായ ഹോട്ടലിന് സമീപത്തുകൂടി വാഹനം ഓടിച്ചുപോയെങ്കിലും രക്ഷാപ്രവര്‍ത്തനത്തിനായി നില്‍ക്കാതെ ഭയന്നോടിയെന്ന് ബജാജ് സമ്മതിച്ചതായി പൊലീസ് അറിയിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ അലഞ്ഞുതിരിഞ്ഞതായും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.
ബജാജും ഭാര്യയും രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്ത് ഇവര്‍ക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കാനുള്ള നടപടികളും ഡല്‍ഹി പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഇവരുടെ മക്കള്‍ വിദേശത്താണ് സ്ഥിരതാമസമാക്കിയിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.
തീപിടിത്തമുണ്ടായ 'ഫ്‌ളറിഷ് സ്റ്റേ' എന്ന സ്ഥാപനം അഗ്നിരക്ഷാ വിഭാഗത്തിന്റെ നിര്‍ബന്ധിത അനുമതിപത്രമായ ഫയര്‍ എന്‍ ഒ സി ഇല്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നത്. ബെഡ് ആന്‍ഡ് ബ്രേക്ക്ഫാസ്റ്റ് വിഭാഗത്തില്‍ ആറ് മുറികള്‍ക്ക് മാത്രമാണ് അനുമതിയുണ്ടായിരുന്നത്. എന്നാല്‍ ബേസ്‌മെന്റ് ഉള്‍പ്പെടെ 25 മുറികള്‍ പ്രവര്‍ത്തനത്തിലുണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍.
റെസ്റ്റോറന്റ് നടത്താനുള്ള ലൈസന്‍സും ബജാജിന് ഉണ്ടായിരുന്നില്ല. പാചകം ചെയ്യാനോ ഇരിപ്പിട സൗകര്യം ഒരുക്കാനോ അനുമതിയില്ലാത്ത 'ടീ ആന്‍ഡ് സ്‌നാക്‌സ് ഔട്ട്ലെറ്റ്' ലൈസന്‍സിന്റെ മറവിലാണ് റെസ്റ്റോറന്റ് പ്രവര്‍ത്തിച്ചിരുന്നത്. അതേസമയം, ആ ലൈസന്‍സും കാലഹരണപ്പെട്ടിരുന്നു.
തീപിടിത്തം റിപ്പോര്‍ട്ട് ചെയ്ത് മണിക്കൂറുകള്‍ക്കകം ലൈസന്‍സ് പുതുക്കാന്‍ ബജാജ് അപേക്ഷ നല്‍കിയെങ്കിലും അധികൃതര്‍ അത് തള്ളിക്കളഞ്ഞതായി അന്വേഷണത്തില്‍ വ്യക്തമായി.
