വാഷിങ്ടൺ: ഗ്രീൻ കാർഡിന് അപേക്ഷിക്കുന്നവരിൽ ഭൂരിഭാഗവും സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയതിനുശേഷം അപേക്ഷിക്കണമെന്ന അമേരിക്കൻ ഭരണകൂടത്തിന്റെ പുതിയ നിലപാടിൽ ഇളവ് വരുത്താൻ നീക്കം. ഈ നയം അമേരിക്കൻ കമ്പനികളുടെ തൊഴിൽശക്തിയെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രമുഖ വ്യവസായികളും ബിസിനസ് സംഘടനകളും മുന്നറിയിപ്പ് നൽകിയതോടെയാണ് ഭരണകൂടം വിശദീകരണവുമായി രംഗത്തെത്തിയത്.
ഗ്രീൻ കാർഡ് അപേക്ഷകർ 'അസാധാരണ സാഹചര്യങ്ങൾ ഒഴികെ' സ്വന്തം രാജ്യങ്ങളിൽ നിന്ന് അപേക്ഷിക്കണമെന്ന നിർദേശം മേയ് 22ന് യു.എസ്. സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS)പുറത്തിറക്കിയിരുന്നു. എന്നാൽ ഇത് ആരെയൊക്കെ ബാധിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ നൂറുകണക്കിന് അപേക്ഷകർ ആശങ്കയിലായി.
തുടർന്ന് ടെക്‌നോളജി മേഖലയിലെ കമ്പനികളും യു.എസ്. ചേംബർ ഓഫ് കൊമേഴ്‌സും ഉൾപ്പെടെയുള്ള വ്യവസായ സംഘടനകൾ വൈറ്റ് ഹൗസുമായും വിവിധ മന്ത്രാലയങ്ങളുമായും ചർച്ച നടത്തി. ഇതിന് പിന്നാലെ നിലവിലെ തൊഴിൽ വിസയിലുള്ള ഭൂരിഭാഗം വിദേശ തൊഴിലാളികളെയും പുതിയ നയം ബാധിക്കില്ലെന്ന് ഭരണകൂടം വ്യവസായ നേതാക്കളെ അറിയിച്ചതായാണ് റിപ്പോർട്ട്.
ഇതിനിടെ, കർശന ഗ്രീൻ കാർഡ് നയം നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് കുടിയേറ്റ നിയമ വിദഗ്ധർ വ്യക്തമാക്കി. പുതിയ നിർദേശങ്ങൾ സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുന്നതുവരെ നടപടികൾ മന്നോട്ട് പോകില്ലെന്നാണ് സൂചന.
അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിലെ നിരവധി മേഖലകൾ വിദേശ തൊഴിലാളികളെ ആശ്രയിക്കുന്ന സാഹചര്യത്തിൽ, വ്യവസായ രംഗത്തിന്റെ ആവശ്യങ്ങളും കുടിയേറ്റ നിയന്ത്രണം ശക്തമാക്കണമെന്ന രാഷ്ട്രീയ സമ്മർദവും തമ്മിലുള്ള സന്തുലിതാവസ്ഥ കണ്ടെത്താനുള്ള ശ്രമമാണ് ട്രംപ് ഭരണകൂടം നടത്തുന്നതെന്നാണ് വിലയിരുത്തൽ. നിലവിൽ അപേക്ഷകരുടെ കാര്യത്തിൽ ഓരോ കേസും പ്രത്യേകം പരിശോധിച്ചായിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്ന് അധികൃതർ അറിയിച്ചു.
ഗ്രീൻ കാർഡ് അപേക്ഷകരെ മടക്കി അയക്കുന്ന നീക്കത്തിൽ ഇളവ്; വ്യവസായ മേഖലയുടെ സമ്മർദത്തിന് വഴങ്ങി ട്രംപ് ഭരണകൂടം
