സിപിഎമ്മിനെ തകര്‍ക്കാന്‍ അമേരിക്കയില്‍ പരിശീലനം നേടിയ പോസ്റ്റ് മോഡേണിസ്റ്റുകളെ ഇറക്കുന്നു-ഇ.പി ജയരാജന്‍

സിപിഎമ്മിനെ തകര്‍ക്കാന്‍ അമേരിക്കയില്‍ പരിശീലനം നേടിയ പോസ്റ്റ് മോഡേണിസ്റ്റുകളെ ഇറക്കുന്നു-ഇ.പി ജയരാജന്‍


കണ്ണൂര്‍: സിപിഐഎമ്മിനെ തകര്‍ക്കാന്‍ അമേരിക്കയില്‍ പരിശീലനം നേടിയ പോസ്റ്റ് മോഡേണിസ്റ്റുകളെ ഇറക്കുന്നതായി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍. അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളില്‍ നിന്നും പ്രത്യേക പരിശീലനം നല്‍കി പോസ്റ്റ് മോഡേണ്‍ എന്ന പേരില്‍ സിപിഐഎമ്മിനെ തകര്‍ക്കാന്‍ ഇന്ത്യയിലേയ്ക്ക് ആളെ അയക്കുന്നതായാണ് ഇ പി ജയരാജന്‍ ചൂണ്ടിക്കാണിച്ചത്. സിപിഐഎം പാപ്പിനിശ്ശേരി ഏരിയ സമ്മേളനം കണ്ണപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇ പി ജയരാജന്‍.

രാജ്യത്തിന്റെ പലഭാഗത്തായി പോസ്റ്റ് മോഡേണിസ്റ്റുകളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണെന്നും ഇ പി ജയരാജന്‍ ചൂണ്ടിക്കാണിച്ചു. ഇതിന്റെ ഭാഗമായി മാധ്യമങ്ങളുടെ കൂട്ടുപിടിച്ച് വലതുപക്ഷം തെറ്റായ പ്രചാരണമാണ് നടത്തുന്നത്. നേതൃത്വത്തിനെതിരെ ആക്രമണം അഴിച്ച് വിട്ട് സിപിഐഎമ്മിനെ തകര്‍ക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നതായും ഇ പി ജയരാജന്‍ ആരോപിച്ചു. ഇത്തരം ശ്രമങ്ങള്‍ തിരിച്ചറിയാന്‍ സഖാക്കള്‍ക്ക് കഴിയാതെ പോകുന്നുവെന്നും ഇതേ നിലയിലുള്ള ആക്രമണത്തിലൂടെയാണ് ലോകത്ത് പല കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെയും തകര്‍ത്തതെന്നും ഇ പി ജയരാജന്‍ ചൂണ്ടിക്കാണിച്ചു.

ആസൂത്രിതമായി പണം നല്‍കി മാധ്യമങ്ങളെ ഉപയോഗിക്കുകയാണെന്നും ഇതിനെ പ്രതിരോധിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനങ്ങളാകാം. പക്ഷേ തെറ്റുകള്‍ ചൂണ്ടിക്കാണിക്കല്‍ എന്ന നിലയില്‍ വാര്‍ത്തകളുണ്ടാക്കി പ്രചരിപ്പിക്കുകയാണ്. സഖാക്കള്‍ തമ്മില്‍ മാനസിക ഐക്യവും പൊരുത്തവും ഉണ്ടായാല്‍ മാത്രമേ ഈ പ്രതിസന്ധിയെ മറികടക്കാനാവൂ എന്നും ഇ പി ജയരാജന്‍ ചൂണ്ടിക്കാണിച്ചു.