വോട്ടര്‍മാരോട് നന്ദി പറയാന്‍ പ്രിയങ്കയും രാഹുല്‍ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും

വോട്ടര്‍മാരോട് നന്ദി പറയാന്‍ പ്രിയങ്കയും രാഹുല്‍ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും


കല്‍പ്പറ്റ: വോട്ടര്‍മാരോട് നന്ദി പറയാന്‍ പ്രിയങ്കയും രാഹുല്‍ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും. വയനാട്ടില്‍ വന്‍ ഭൂരിപക്ഷത്തോടെ പ്രിയങ്ക തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് ഇരുവരും മണ്ഡലത്തില്‍ എത്തുന്നത്. രണ്ട് ദിവസത്തെ സ്വീകരണ പരിപാടികളിലാണ് ഇരുവരും പങ്കെടുക്കുക.

രാവിലെ 11ന് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തുന്ന ഇരുവരും ഉച്ചയ്ക്ക് 12 മണിക്ക് മുക്കത്ത് നടക്കുന്ന പൊതുസമ്മേളത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് കരുളായി, വണ്ടൂര്‍, എടവണ്ണ എന്നിവിടങ്ങളിലും പ്രിയങ്ക ഗാന്ധി സ്വീകരണ സമ്മേളനങ്ങളില്‍ പങ്കെടുക്കും. നാളെ മാനന്തവാടിയിലും സുല്‍ത്താന്‍ ബത്തേരിയിലും, കല്പറ്റയിലും സ്വീകരണ പരിപാടികളില്‍ പങ്കെടുക്കുന്ന പ്രിയങ്ക വൈകുന്നേരം കോഴിക്കോട് നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങും.

വയനാട് എംപിയായി വ്യാഴാഴ്ചയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ. ഭരണഘടന ഉയര്‍ത്തിയാണ് പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്തത്. കേരളത്തില്‍ നിന്നുള്ള ഏക വനിതാ ലോക്സഭാംഗമെന്ന വിശേഷണത്തോടെയാണ് പ്രിയങ്ക വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തത്. പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്തതോടെ കുടുംബത്തിലെ മൂന്ന് പേര്‍ എംപിമാരാണെന്ന പ്രത്യേകതയും ഗാന്ധി കുടുംബത്തിനുണ്ട്. രാഹുഷ ഗാന്ധി റായ്ബറേലിയെ പ്രതിനിധീകരിക്കുന്ന ലോക്‌സഭാ അംഗമാണ്. സോണിയ ഗാന്ധി രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാ അംഗമാണ്. രാഹുലിന്റേയും സോണിയയുടേയും തിരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെയാണ് പ്രിയങ്ക സജീവമാകുന്നത്. പിന്നീട് 2019 ല്‍ കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയേറ്റെടുക്കുകയും ഒരു വര്‍ഷത്തിനപ്പുറം മൊത്തം യുപിയുടെ ചുമതലയിലേക്ക് വരികയുമായിരുന്നു. നിലവില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കൂടിയാണ് പ്രിയങ്ക ഗാന്ധി.