തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട വിദേശ ഫണ്ട് വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി സതീശന് ക്ലീൻ ചിറ്റ്. ആരോപണങ്ങളിൽ കഴമ്പില്ലെന്നും തെളിവുകൾ കണ്ടെത്താനായില്ലെന്നും ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം അവസാനിപ്പിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻ്റെ കാലത്താണ് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി സതീശനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. 2018ലെ പ്രളയത്തിന് ശേഷം പറവൂർ മണ്ഡലത്തിൽ നടപ്പാക്കിയ പുനർജനി ഭവന നിർമാണ പദ്ധതിക്കായി വിദേശത്തുനിന്ന് അനധികൃതമായി പണം പിരിച്ചു എന്നതായിരുന്നു പ്രധാന ആരോപണം. എന്നാൽ, ഈ കേസ് പൂർണ്ണമായും രാഷ്ട്രീയ പ്രേരിതമായിരുന്നുവെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന മണപ്പാട്ട് ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടന വഴിയാണ് പദ്ധതിയിലേക്ക് പണം എത്തിയത്. ഈ സാമ്പത്തിക ഇടപാടുകളിൽ വി.ഡി സതീശന് യാതൊരുവിധ പങ്കും കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേസിൽ രണ്ട് തവണയാണ് വിജിലൻസ് അന്വേഷണം നടത്തിയത്. ആദ്യഘട്ടത്തിൽ തന്നെ യാതൊരുവിധ തെളിവും ഇല്ലെന്ന് കണ്ട് അന്വേഷണ സംഘം ആരോപണങ്ങൾ തള്ളിക്കളഞ്ഞതാണ്. എന്നാൽ, എൽഡിഎഫ് ഭരണകാലത്ത് ഈ കേസ് വീണ്ടും കുത്തിപ്പൊക്കുകയും അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് വിടാൻ ഒരുങ്ങുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിജിലൻസ് വീണ്ടും വിശദമായ അന്വേഷണം നടത്തിയത്. ഈ തുടരന്വേഷണത്തിലും ആരോപണങ്ങൾ തികച്ചും അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തുകയായിരുന്നു. കേന്ദ്ര സർക്കാരിൻ്റെ അനുമതിയില്ലാതെ വിദേശ സംഭാവന നിയന്ത്രണ ചട്ടം (എഫ്.സി.ആർ.എ) ലംഘിച്ച് വിദേശ രാജ്യങ്ങളിൽ പോയി പണപ്പിരിവ് നടത്തിയെന്നായിരുന്നു പരാതിക്കാരുടെ ആരോപണം. ഇതിൻ്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് കഴിഞ്ഞ സർക്കാർ കേസെടുക്കാൻ അനുമതി നൽകിയത്.
വിഡി സതീശനെതിരെയുള്ള കേസ് അവസാനിപ്പിച്ച് ക്ലീൻചിറ്റ് നൽകിയത് അദ്ദേഹത്തെ രക്ഷിക്കാനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. രാഷ്ട്രീയപ്രേരിതമായ നടപടിയാണ് ആഭ്യന്തരവകുപ്പ് കൈക്കൊണ്ടത്. പ്രളയത്തിനുശേഷം വിദേശത്തു നിന്നും ഫണ്ട് പിരിക്കാൻ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടില്ലായിരുന്നു. അപ്പോൾ അത് നിയമവിരുദ്ധമാണെന്നാണ് കണക്കാക്കുന്നത്. മുഖ്യമന്ത്രി വിഡി സതീശന് അതിനുള്ള അനുമതി നിയമസഭ സെക്രട്ടറിയേറ്റിൽ നിന്നോ, ആഭ്യന്തര വകുപ്പിൽ നിന്ന് ഫണ്ട് പിരിവിനോ, വിദേശയാത്രക്കോ അനുമതി ലഭിച്ചിട്ടില്ല. വിദേശഫണ്ട് വാങ്ങാൻ പ്രത്യേക അനുമതി വേണം. അതില്ലാതെയാണ് വിഡി സതീശൻ അതിന് ശ്രമിച്ചതെന്നും എംവി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഈ കേസാണ് ആഭ്യന്തരവകുപ്പ് എഴുതിത്തള്ളിയത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വാർത്താസമ്മേളനം നടത്തി വിഡി സതീശന് ക്ലീൻചിറ്റ് നൽകുകയാണ് ചെയ്‌തത്. ഗൗരവപൂർണമായ ഒരു പ്രശ്‌നം തേച്ചുമാച്ചുകളയുന്നത് വിഡി സതീശനെ രക്ഷിക്കാനാണ്. വിഡി സതീശനെതിരെ ശക്തമായ തെളിവുകളുണ്ട്. ഇത് തെറ്റാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഫണ്ട് അഭ്യർഥിക്കുന്ന വിഡി സതീശൻ്റെ വീഡിയോ പ്രദർശിപ്പിച്ചു കൊണ്ടാണ് വാർത്താസമ്മേളനം നടത്തിയത്.
പുനർജനി കേസിൽ മുഖ്യമന്ത്രി വി.ഡി സതീശന് ക്ലീൻ ചിറ്റ്; അന്വേഷണം അവസാനിപ്പിച്ചു, രാഷ്ട്രീയ പ്രേരിത നടപടിയെന്ന് എം.വി ഗോവിന്ദൻ
