ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി ട്രംപ്; ജോർദാനിലെ യു.എസ്. താവളങ്ങൾക്കുനേരെ മിസൈൽ ആക്രമണം, പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷഭീതി

ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി ട്രംപ്; ജോർദാനിലെ യു.എസ്. താവളങ്ങൾക്കുനേരെ മിസൈൽ ആക്രമണം, പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷഭീതി


വാഷിങ്ടൺ: ജോർദാനിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കുനേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെ ഇറാനെതിരെ ശക്തമായ സൈനിക നടപടി സ്വീകരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. 'അവരെ ശക്തമായി ആക്രമിക്കും. കനത്ത തിരിച്ചടി നേരിടേണ്ടിവരും' എന്ന് ട്രംപ് വ്യക്തമാക്കി. ശക്തമായ ഭാഷയിൽ പ്രതികരിച്ച അദ്ദേഹം ഇറാനെതിരെ കൂടുതൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും പറഞ്ഞു.

ജോർദാനിലെ യു.എസ്. സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ വിക്ഷേപിച്ചതായി ഇറാൻ സ്ഥിരീകരിച്ചു. എന്നാൽ അഞ്ച് ഇറാനിയൻ മിസൈലുകൾ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം തകർത്തതായി ജോർദാൻ അറിയിച്ചു.

തുടർച്ചയായി 13 ദിവസം നീണ്ട വ്യോമാക്രമണങ്ങൾക്ക് ശേഷം അഞ്ച് ദിവസം മുമ്പാണ് അമേരിക്ക ഇറാനെതിരായ ആക്രമണം താൽക്കാലികമായി നിർത്തിവെച്ചത്. പ്രശ്‌നത്തിന് ചർച്ചയിലൂടെ പരിഹാരം കാണാനാണ് താൽപര്യമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ പുതിയ ആക്രമണവും തിരിച്ചടിക്കുള്ള മുന്നറിയിപ്പും പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുമെന്ന ആശങ്ക ഉയർത്തിയിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ എണ്ണവില അഞ്ച് ശതമാനത്തോളം ഉയർന്നു.

ഇറാഖിലെ ഇറാൻ അനുകൂല സായുധസംഘങ്ങളുടെ കേന്ദ്രങ്ങൾക്കെതിരെ അമേരിക്കയും സൗദി അറേബ്യയും സംയുക്തമായി നടത്തിയ വ്യോമാക്രമണങ്ങൾ ബാഗ്ദാദിലെ അധികാരികളുമായി ഏകോപിപ്പിച്ചാണെന്ന് ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഇറാഖ് സർക്കാർ ഇത് തള്ളിക്കളഞ്ഞു. രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള വ്യക്തമായ ലംഘനമാണ് ആക്രമണമെന്നും ഔദ്യോഗിക സൈനിക സ്ഥാപനങ്ങൾ ലക്ഷ്യമിട്ട നടപടി അംഗീകരിക്കാനാകില്ലെന്നും ഇറാഖ് പ്രസിഡൻസി പ്രസ്താവനയിൽ പറഞ്ഞു. അയൽരാജ്യങ്ങൾക്കെതിരെ ആക്രമണം നടത്താൻ ഇറാഖിന്റെ മണ്ണ് ഉപയോഗിക്കരുതെന്നും അവർ വ്യക്തമാക്കി.

ഇതിനിടെ ഇസ്രയേലും ലെബനനും തമ്മിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാറും വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. ലെബനൻ അതിർത്തിയിലെ അലി അൽതാഹർ മേഖലയിലുള്ള ഇസ്രയേൽ സൈനിക എൻജിനീയറിങ് വാഹനത്തിന് നേരെ ഹിസ്ബുല്ല സഫോടകവസ്തു ഘടിപ്പിച്ച ഡ്രോൺ ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം ആരോപിച്ചു. ഇത് വെടിനിർത്തൽ കരാറിന്റെ പരസ്യമായ ലംഘനമാണെന്നും ഇസ്രയേൽ വ്യക്തമാക്കി.

ജോർദാനിലെ മിസൈൽ ആക്രമണം, ഇറാഖിലെ വ്യോമാക്രമണങ്ങൾ, ഇസ്രയേൽലെബനൻ അതിർത്തിയിലെ പുതിയ സംഭവവികാസങ്ങൾ എന്നിവ പശ്ചിമേഷ്യയിൽ വീണ്ടും വ്യാപകമായ സംഘർഷത്തിന് വഴിവയ്ക്കുമോയെന്ന ആശങ്ക അന്താരാഷ്ട്ര തലത്തിൽ ശക്തമായിരിക്കുകയാണ്.