ഡല്‍ഹിയിലെ പൊലീസ് അതിക്രമം; അമിത് ഷാ രാജിവെക്കണമെന്ന് രാഹുൽ ഗാന്ധി, രാഹുൽ സ്വന്തം കെണിയിൽ കുടുങ്ങിയെന്ന് റിജിജു

ഡല്‍ഹിയിലെ പൊലീസ് അതിക്രമം; അമിത് ഷാ രാജിവെക്കണമെന്ന് രാഹുൽ ഗാന്ധി, രാഹുൽ സ്വന്തം കെണിയിൽ കുടുങ്ങിയെന്ന് റിജിജു


ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ലമെൻ്റില്‍ വെച്ച് അമിത്ഷാ പൊലീസ് ഉദ്യോഗസ്ഥരെ ഫോണിൽ വിളിക്കുന്നതും ജിതേന്ദ്ര സിംഗിന് അമിത്ഷായുടെ കോൾ തുരുതുരെ വരുന്നതും താൻ കണ്ടുവെന്ന് രാഹുല്‍ വൈകിട്ട് നടത്തിയ വാര്‍ത്ത സമ്മേളനത്തിൽ പറഞ്ഞു. പെല്ലറ്റ് പ്രയോഗത്തിൽ പരിക്കേറ്റവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനം.

അമിത്ഷാക്കെതിരെ പാര്‍ലമെൻ്റില്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ മാപ്പ് പറഞ്ഞാല്‍ പാര്‍ലമെൻ്റിൽ സംസാരിക്കാൻ അനുവദിക്കാമെന്ന് സ്പീക്കർ പറഞ്ഞെന്നും എന്നാല്‍ മാപ്പ് പറയാൻ തയാറല്ല എന്നും രാഹുല്‍ പറഞ്ഞു. ബിജെപിയോടോ ആർഎസ്എസിനോടോ മാപ്പ് പറയാൻ താൻ തയ്യാറല്ലെന്ന് അറിയിച്ചു. ഡൽഹിയിൽ വിദ്യാർഥികൾ ക്രൂരമായി ആക്രമിക്കപ്പെടുമ്പോൾ അവർക്കായി ശബ്ദമുയർത്തേണ്ടത് പ്രതിപക്ഷ നേതാവെന്ന നിലയിൽ തന്‍റെ കടമയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടത്തിയ പെല്ലറ്റ് പ്രയോഗത്തിൻ്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ന് പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിച്ചില്ല. പലതവണ കിരൺ റിജിജുവിനും രാജ്നാഥ് സിംഗിനും സംസാരിക്കാൻ അനുമതി നൽകി. പെല്ലറ്റ് ഗൺ പ്രയോഗമേറ്റ ഒരാളുടെ കാഴ്ച നഷ്‌ടപ്പെട്ടു. മുഖം തിരിച്ചറിയാനുള്ള സംവിധാനത്തിലൂടെ വിദ്യാർത്ഥികൾക്ക് നേരെ പ്രതികാര നടപടികൾ സ്വീകരിക്കുകയാണ്. അമിത് ഷാ പൊലീസ് ഉദ്യോഗസ്ഥരെ ഫോണിൽ വിളിക്കുന്നത് പാർലമെൻ്റിൽ വച്ച് താൻ കണ്ടു. ജിതേന്ദ്ര സിംഗിന് അമിത്ഷായുടെ കോൾ തുരുതുരെ വരുന്നതും കണ്ടു. ദില്ലി പൊലീസ് ആഭ്യന്തര മന്ത്രായലത്തിനാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾക്ക് നേരെ നടന്ന ആക്രമണം സുപ്രീംകോടതി മേൽനോട്ടത്തിൽ സ്വതന്ത്ര ഉന്നതതല സമിതി അനേഷിക്കണമെന്ന് ആവശ്യപ്പെട്ട രാഹുല്‍ ആർഎസ്എസുകാരെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്ത് നിന്ന് മാറ്റണമെന്നും പറഞ്ഞു.

അതേസമയം, രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞ പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു, അടിസ്ഥാനപരമായ വസ്തുതകൾ പോലും അറിയാതെ സംസാരിക്കുന്ന രാഹുലിന്റെ അവസ്ഥയിൽ പരിതാപം തോന്നുന്നുവെന്ന് പരിഹസിച്ചു. ഒരു സ്ഥലത്ത് വെടിവെയ്പ്പിനോ മറ്റ് അടിയന്തര നടപടികൾക്കോ ഉത്തരവിടുന്നത് അവിടുത്തെ മജിസ്‌ട്രേറ്റോ എസ്.ഡി.എമ്മോ ആണ്. ആഭ്യന്തര മന്ത്രിയോ മറ്റ് മന്ത്രിമാരോ അല്ലെന്നുമുള്ള പ്രാഥമിക നിയമം പോലും പ്രതിപക്ഷ നേതാവിന് അറിയില്ലെന്ന് റിജിജു ചൂണ്ടിക്കാട്ടി. പേപ്പർ ലീക്ക് ബില്ലിന്മേൽ കാര്യമാത്രപ്രസക്തമായ നിർദ്ദേശങ്ങൾ വെയ്ക്കുന്നതിന് പകരം പാർലമെന്ററി വിരുദ്ധ വാക്കുകൾ ഉപയോഗിച്ച് സഭയെ തെറ്റിദ്ധരിപ്പിക്കാനാണ് രാഹുൽ ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.