ട്രെയിനുകൾ മാറിക്കയറി രക്ഷപ്പെടാൻ ശ്രമം; ആലുവയിൽ നിന്ന് കാണാതായ 12കാരിയെ പൂനെയിൽ കണ്ടെത്തി

ട്രെയിനുകൾ മാറിക്കയറി രക്ഷപ്പെടാൻ ശ്രമം; ആലുവയിൽ നിന്ന് കാണാതായ 12കാരിയെ പൂനെയിൽ കണ്ടെത്തി


കൊച്ചി: ആലുവയിൽ നിന്ന് കാണാതായ 12 വയസുകാരിയെ 25കാരനായ ഐസ് ക്രീം വില്പനക്കാരനൊപ്പം പൂനെയിൽ നിന്ന് കണ്ടെത്തി.  ട്രെയിനുകൾ മാറിമാറി കയറി രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും പൊലീസ് സാങ്കേതിക സംവിധാനങ്ങളുടെയും കൃത്യമായ അന്വേഷണത്തിന്റെയും സഹായത്തോടെയാണ് കണ്ടെത്തിയതെന്ന്  ആലുവ റൂറൽ എസ്.പി. സുദർശനൻ എസ്. പറഞ്ഞു. 

ജൂലൈ 25ന് കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് പുസ്തകം വാങ്ങാൻ പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി തിരിച്ചെത്താതിരുന്നതോടെ രാത്രി പത്തരയോടെ കുടുംബം പൊലീസിൽ പരാതി നൽകി. അന്വേഷണത്തിന് ആലുവ ഡിവൈ.എസ്.പി. ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം രൂപീകരിച്ചു.

വീട്ടിൽ നിന്നിറങ്ങമ്പോൾ വലിയമ്മയുടെ മൊബൈൽ ഫോൺ കുട്ടി കൈവശം എടുത്തിരുന്നെങ്കിലും അത് സ്വിച്ച് ഓഫ് ചെയ്തിരുന്നതിനാൽ തുടക്കത്തിൽ ലൊക്കേഷൻ കണ്ടെത്താനായില്ല. തുടർന്ന് സഹപാഠികളിൽ നിന്ന് ലഭിച്ച വിവരങ്ങളും ഇൻസ്റ്റഗ്രാമിലെ ഒരു ചിത്രവും അന്വേഷണത്തിൽ നിർണായകമായി. ഇതോടെയാണ് ഓച്ചിറ ക്ലാപ്പന സ്വദേശിയായ അഭിജിത്ത് (25) എന്ന യുവാവിനെ പൊലീസ് തിരിച്ചറിഞ്ഞത്. മുനമ്പം ഭാഗത്ത് ഐസ്‌ക്രീം കച്ചവടം നടത്തിയിരുന്ന ഇയാൾക്കാണ് പെൺകുട്ടിയുമായി പരിചയമുണ്ടായിരുന്നത്.

ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ നടത്തിയ പരിശോധനയും മൊബൈൽ ഫോൺ ഇടയ്ക്കിടെ ഓണാകുമ്പോൾ ലഭിച്ച ലൊക്കേഷൻ വിവരങ്ങളും അന്വേഷണത്തിന് വഴിത്തിരിവായി. കാസർകോട്, മംഗളൂരു, മുംബൈ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചിരുന്നതായി കണ്ടെത്തിയ പൊലീസ് മുംബൈ പൊലീസിന്റെ സഹായവും തേടി.

തുടർന്ന് ഹസ്രത്ത് നിസാമുദ്ദീൻ എക്‌സ്പ്രസിലായിരുന്നു ഇരുവരും യാത്ര ചെയ്യുന്നതെന്ന് സ്ഥിരീകരിച്ചു. 'Where Is My Train' ആപ്പിലൂടെ ട്രെയിനിന്റെ തത്സമയ സ്ഥാനം നിരീക്ഷിച്ച അന്വേഷണസംഘം പൂനെയിൽ ട്രെയിൻ നിർത്തിയപ്പോൾ ജനറൽ കോച്ചിൽ നടത്തിയ പരിശോധനയിൽ പെൺകുട്ടിയെയും യുവാവിനെയും കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.