ടെഹ്രാൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ കടുത്ത സന്ദേശവുമായി ഇറാന്റെ തലസ്ഥാനമായ തെഹ്രാനിൽ പുതിയ ബിൽബോർഡ് സ്ഥാപിച്ചു. 'Revenge is inevitable' (പ്രതികാരം അനിവാര്യം) എന്ന ഇംഗ്ലീഷിലും പേർഷ്യൻ ഭാഷയിലുമുള്ള വലിയ തലക്കെട്ടോടെയാണ് ജൊംഹൂരി സ്ട്രീറ്റിൽ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
രക്തച്ചുവപ്പ് പശ്ചാത്തലത്തിൽ നിരവധി കൈകൾ ട്രംപിന്റെ കഴുത്ത് ഞെരിക്കുന്ന ചിത്രമാണ് പരസ്യ ബോർഡിലുള്ളത്. ഇറാൻ പ്രതികാരം തേടുന്നതിന്റെ കാരണങ്ങൾ വിശദീകരിക്കുന്ന നിരവധി സന്ദേശങ്ങളും ഇതിനൊപ്പം നൽകിയിട്ടുണ്ട്. മിനാബിലെ കുട്ടികൾക്കുവേണ്ടി, തകർന്ന വീടുകൾക്കുവേണ്ടി, അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി മരിച്ചവർക്കുവേണ്ടി, ജോലിസ്ഥലത്ത് കൊല്ലപ്പെട്ടവർക്കുവേണ്ടി, ദുഃഖിതരായ ഇറാനിയൻ അമ്മമാർക്കുവേണ്ടി, 14 മാസം മാത്രം പ്രായമുള്ള സഹ്രയ്ക്കുവേണ്ടി തുടങ്ങിയ പരാമർശങ്ങളാണ് ബിൽബോർഡിലുള്ളത്.
ഇതിന് മുമ്പും ട്രംപിനെ ലക്ഷ്യമിട്ട് സമാന സന്ദേശങ്ങളുള്ള ബിൽബോർഡുകൾ ഇറാനിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനെയിയുടെ അനുസ്മരണച്ചടങ്ങിന് പിന്നാലെ സ്ഥാപിച്ച ഒരു ബിൽബോർഡിൽ കോൺക്രീറ്റ് കട്ടകൾകൊണ്ട് നിർമിച്ച ശവപ്പെട്ടിക്കുള്ളിൽ ട്രംപ് കിടക്കുന്നതായും താഴെ 'We Kill Trump' എന്ന സന്ദേശവും ഉൾപ്പെടുത്തിയിരുന്നു.
മറ്റൊരു ഹോർഡിംഗിൽ ട്രംപിന്റെ ഭാര്യ മെലാനിയയെയും മക്കളായ ഇവാങ്കയെയും ബാരനെയും മരിച്ച നിലയിൽ ചിത്രീകരിച്ച് 'Hey, Terrorist! Get ready to die' എന്ന ഇംഗ്ലീഷിലെയും പേർഷ്യൻ ഭാഷയിലെയും സന്ദേശവും പ്രദർശിപ്പിച്ചിരുന്നു. രക്തം വാർന്ന നിലയിൽ ട്രംപ് ധരിക്കുന്ന ചുവന്ന 'മാഗ' (MAGA) തൊപ്പിയും ഉൾപ്പെടുത്തിയ മറ്റൊരു ബിൽബോർഡും നേരത്തെ ശ്രദ്ധ നേടിയിരുന്നു.
രാഷ്ട്രീയ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ ബിൽബോർഡുകളും ചുമർചിത്രങ്ങളും ദീർഘകാലമായി ഇറാൻ ഉപയോഗിക്കുന്നുണ്ട്. സർക്കാർ നിലപാടുകൾ ജനങ്ങളിലേക്ക് എത്തിക്കാനും അന്താരാഷ്ട്ര തലത്തിൽ രാഷ്ട്രീയ സന്ദേശങ്ങൾ നൽകാനുമുള്ള പ്രചാരണ ഉപാധിയായാണ് ഇത്തരം ദൃശ്യങ്ങൾ വിലയിരുത്തപ്പെടുന്നത്. ഏറ്റവും പുതിയ ബിൽബോർഡും അമേരിക്കഇറാൻ ബന്ധം വീണ്ടും സംഘർഷഭരിതമാകുന്ന സാഹചര്യത്തിലാണ് ശ്രദ്ധ നേടുന്നത്.
'പ്രതികാരം അനിവാര്യം'; ട്രംപിനെ ലക്ഷ്യമിട്ട് തെഹ്രാനിൽ പുതിയ വമ്പൻ പരസ്യ ബോർഡ്
