ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഫേസ്ബുക്ക് പോസ്റ്റ് സാങ്കേതിക പിഴവിനെ തുടർന്ന് താൽക്കാലികമായി നീക്കം ചെയ്ത സംഭവത്തിന് പിന്നാലെ, പ്രധാനമന്ത്രിയുടേയും മറ്റ് പ്രമുഖരുടേയും അക്കൗണ്ടുകളിലെ പോസ്റ്റുകൾക്ക് കൂടുതൽ സുരക്ഷയും അധിക മേൽനോട്ടവും ഏർപ്പെടുത്തിയതായി മെറ്റ കേന്ദ്ര സർക്കാരിനെ അറിയിച്ചു.
ജൂലൈ 23ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ശേഷം ഫേസ്ബുക്കിലും പങ്കിട്ട വീഡിയോയായിരുന്നു സാങ്കേതിക പിഴവ് മൂലം അൽപസമയം ലഭ്യമാകാതിരുന്നത്. ഇന്ത്യയിലെ യുവാക്കളെ അഭിസംബോധന ചെയ്ത ആദ്യ സെൽഫി വീഡിയോയിലൂടെയാണ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കർശന നടപടിയും ഇതിനായി പുതിയ നിയമം കൊണ്ടുവരുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
സംഭവത്തെ തുടർന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ്, വിവരസാങ്കേതിക മന്ത്രാലയത്തിന് (MeitY) മെറ്റ കത്തയച്ചു. പ്രധാനമന്ത്രിയുടെയും മറ്റ് പ്രമുഖ അക്കൗണ്ടുകളുടെയും പോസ്റ്റുകൾക്ക് ഇനി മുതൽ അധിക പരിശോധനയും മുതിർന്ന ഉദ്യോഗസ്ഥരുടെ മേൽനോട്ടവും ഉൾപ്പെടുന്ന ശക്തമായ സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.
ഈ വിഷയത്തിൽ ചർച്ച നടത്താൻ മെറ്റയുടെ പ്രതിനിധികൾ ഈ ആഴ്ചയോ അടുത്ത ആഴ്ചയുടെ തുടക്കത്തിലോ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുണ്ട്.
പ്രധാനമന്ത്രിയുടെ പോസ്റ്റ് ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്ത സംഭവത്തെ തുടർന്ന് കേന്ദ്ര സർക്കാർ മെറ്റയുടെ മുതിർന്ന ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയിരുന്നു. സാങ്കേതിക തകരാറാണ് പോസ്റ്റ് നീക്കം ചെയ്യാൻ കാരണമായതെന്നും പിന്നീട് അത് പുനഃസ്ഥാപിച്ചെന്നും മെറ്റ വിശദീകരിക്കുകയും പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
എന്നാൽ കമ്പനിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് കേന്ദ്ര ഐടി സെക്രട്ടറി എസ്. കൃഷ്ണൻ വ്യക്തമാക്കി. പിഴവ് സമ്മതിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തത് സ്വാഗതാർഹമാണെങ്കിലും, നൽകിയ വിശദീകരണം പര്യാപ്തമല്ലെന്നും കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മെറ്റയുടെ വിശദീകരണമനുസരിച്ച്, കൃത്രിമബുദ്ധി (AI) ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഓട്ടോമേറ്റഡ് കണ്ടന്റ് ഫിൽട്ടറിലെ സാങ്കേതിക തകരാറാണ് പോസ്റ്റ് അബദ്ധത്തിൽ നീക്കം ചെയ്യാൻ ഇടയായത്. പ്രധാനമന്ത്രിയുടെ യഥാർഥ പോസ്റ്റും പിന്നീട് വ്യാപകമായി പങ്കുവെച്ച ഉള്ളടക്കവും പരിശോധിക്കുന്നതിനിടെയാണ് ഈ പിഴവ് സംഭവിച്ചതെന്നും കമ്പനി അറിയിച്ചു.
അതേസമയം, ഇത്തരത്തിലുള്ള പിഴവുകൾ ആവർത്തിക്കാതിരിക്കാൻ സാങ്കേതിക സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കേണ്ടത് മെറ്റയുടെ ഉത്തരവാദിത്തമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
മോഡിയുടെ പോസ്റ്റ് നീക്കിയ സംഭവം: പ്രമുഖ അക്കൗണ്ടുകൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കി മെറ്റ
