പി. ശശി സ്വർണക്കടത്തിന്റെ പങ്ക് പറ്റുന്നുവെന്ന് പി.വി അൻവർ; പാർട്ടിക്കുനൽകിയ പരാതി പുറത്തുവിട്ടു

പി. ശശി സ്വർണക്കടത്തിന്റെ പങ്ക് പറ്റുന്നുവെന്ന് പി.വി അൻവർ; പാർട്ടിക്കുനൽകിയ പരാതി പുറത്തുവിട്ടു


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കൈമാറിയ പരാതി പുറത്തുവിട്ട് പി.വി. അൻവർ എംഎൽഎ. ശശി സ്വർണക്കടത്തിന്റെ പങ്ക് പറ്റുന്നുവെന്നും കേസുകളിൽ ഒത്ത് തീർപ്പുണ്ടാക്കി ലക്ഷങ്ങൾ കൈപ്പറ്റുന്നുവെന്നും പരാതിയിൽ പറഞ്ഞിട്ടുണ്ട്. ഫെയ്‌സ്ബുക്കിലൂടെയാണ് ശശിക്കെതിരായ പരാതി അൻവർ പങ്കുവച്ചത്.

സ്വർണക്കടത്തിന്റെ പങ്ക് ശശി പറ്റുന്നു, സാമ്പത്തിക തർക്കത്തിൽ ഇടപെട്ട് ലക്ഷങ്ങൾ കൈപ്പറ്റി, കമ്മീഷൻ വാങ്ങി കേസുകൾ ഒത്തുതീർപ്പാക്കുന്നു, രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിൽ തനിക്കെതിരായ കേസിന് പിന്നിലും ശശിയാണെന്ന് പരാതിയിൽ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതികളുമായി എത്തുന്ന കാണാൻ കൊള്ളാവുന്ന സ്ത്രീകളുടെ ഫോൺ നമ്പറുകൾ വാങ്ങി വെക്കുകയും, കേസന്വേഷണം എങ്ങനെ പോകുന്നുവെന്ന് അവരോട് പ്രത്യേകം അന്വേഷിക്കുകയും അവരിൽ ചിലരോട് ശൃംഗാര ഭാവത്തിൽ സംസാരിച്ചതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ഫോൺ കാളുകൾ എടുക്കാതെയായ പരാതിക്കാരിയുണ്ടെന്നുള്ളതും തനിക്കറിയാമെന്ന് പരാതിയിൽ പറയുന്നു.

അദ്ദേഹം ഈ സ്ഥാനത്ത് തുടർന്നാൽ താങ്ങാനാവാത്ത മാനക്കേടും നാണക്കേടും അധികം വൈകാതെ തന്നെ പാർട്ടിയും മുഖ്യമന്ത്രിയും നേരിടേണ്ടി വരുമെന്നത് തനിക്ക് ഉറപ്പാണെന്നും ഈ പറഞ്ഞ കാര്യങ്ങളിൽ പാർട്ടിയുടെ ഭാഗത്ത് നിന്നും വിശദമായ ഒരന്വേഷണം നടത്തി ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും പരാതിയിൽ അൻവർ ആവശ്യപ്പെട്ടിട്ടുണ്ട്.