തിരുവനന്തപുരം: കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബീഹാര്‍ ഗവര്‍ണറാകും. പകരം കേരളത്തില്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലെക്കര്‍ ഗവര്‍ണറാകും.
ഗോവയില്‍ നിന്നുള്ള ആര്‍ എസ് എസ് പശ്ചാതലമുള്ള ബി ജെ പി നേതാവാണ് രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍. ഹിമാചല്‍ പ്രദേശില്‍ ഗവര്‍ണറായി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം ഗോവ സര്‍ക്കാരില്‍ കാബിനറ്റ് മന്ത്രിയും ഗോവ നിയമസഭയുടെ മുന്‍ സ്പീക്കറുമായിരുന്നു.
കേരള, ബിഹാര്‍ ഗവര്‍ണര്‍മാര്‍ക്കൊപ്പം മണിപ്പുര്‍, ഒഡിഷ, മിസോറം ഗവര്‍ണര്‍മാരേയും മാറ്റും. മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയെ മണിപ്പുര്‍ ഗവര്‍ണറായി നിയമിച്ചു. ഈ വര്‍ഷം ജൂലൈ 31ന് മണിപ്പുര്‍ ഗവര്‍ണറായി ചുമതലയേറ്റ ലക്ഷ്മണ്‍ പ്രസാദ് ആചാര്യയുടെ പിന്‍ഗാമിയായാണ് അജയ് കുമാര്‍ ഭല്ല എത്തുന്നത്.
ഒഡിഷ ഗവര്‍ണര്‍ സ്ഥാനമൊഴിഞ്ഞ രഘുബര്‍ ദാസിന്റെ രാജി സ്വീകരിച്ച രാഷ്ട്രപതി പുതിയ ഗവര്‍ണറായി മിസോറം ഗവര്‍ണര്‍ ഡോ. ഹരിബാബു കമ്പംപതിയെ നിയമിച്ചു. മിസോറാം ഗവര്‍ണറായി റിട്ട. ജനറല്‍ ഡോ. വിജയ് കുമാര്‍ സിങ് നിയമിതനായി. പുതിയ ഗവര്‍ണര്‍മാര്‍ അതത് ഓഫീസുകളുടെ ചുമതല ഏറ്റെടുക്കുന്ന തിയ്യതി മുതല്‍ നിയമനം പ്രാബല്യത്തില്‍ വരുമെന്ന് രാഷ്ട്രപതി ഭവന്റെ ഉത്തരവില്‍ പറയുന്നു.