നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഡല്‍ഹി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്രനീക്കമെന്ന് കെജ്രിവാള്‍

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഡല്‍ഹി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്രനീക്കമെന്ന് കെജ്രിവാള്‍


ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഡല്‍ഹി മുഖ്യമന്ത്രി അതിഷി അറസ്റ്റിലായേക്കുമെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. അതിഷിയെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ അലങ്കോലമാക്കുകയാണ് ലക്ഷ്യമെന്നും കെജ്രിവാള്‍ വ്യക്തമാക്കി.

കേന്ദ്രത്തിന്റെ അന്വേഷണ ഏജന്‍സികളാണ് ഗൂഢാലോചനയ്ക്ക് പിന്നില്‍. കഴിഞ്ഞ 10 വര്‍ഷമായി ബി ജെ പി ഡല്‍ഹിയില്‍ ഒന്നും ചെയ്തിട്ടില്ല. ലെഫ്റ്റനന്റ് ഗവര്‍ണറെ ഉപയോഗിച്ച് ഡല്‍ഹി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ബി ജെ പി തടഞ്ഞുകൊണ്ടിരിക്കുകയാണെന്നും കെജ്രിവാള്‍ പറഞ്ഞു.

അതിഷിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പദ്ധതികളായ മഹിളാ സമ്മാന്‍ യോജനയും സഞ്ജീവനി യോജനയും തടഞ്ഞുകൊണ്ട് ഡല്‍ഹിയിലെ കേന്ദ്ര ആരോഗ്യ- വനിതാ ശിശുവികസന വകുപ്പുകള്‍ പത്രക്കുറിപ്പിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രത്തിനെതിരെ കടുത്ത വിമര്‍ശനവുമായി കെജ്രിവാള്‍ രംഗത്തെത്തിയത്.