യുദ്ധവും അക്രമവും തകര്‍ത്ത എല്ലാ സ്ഥലങ്ങളിലും ക്രിസ്മസ് പ്രത്യാശ പകരട്ടെയെന്ന് മാര്‍പാപ്പ

യുദ്ധവും അക്രമവും തകര്‍ത്ത എല്ലാ സ്ഥലങ്ങളിലും ക്രിസ്മസ് പ്രത്യാശ പകരട്ടെയെന്ന് മാര്‍പാപ്പ


വത്തിക്കാന്‍: യുദ്ധവും അക്രമവും തകര്‍ക്കപ്പെട്ട എല്ലാ സ്ഥലങ്ങളിലും പ്രത്യാശ പകരാന്‍ ക്രിസ്മസിന് ആകട്ടെയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ വിശുദ്ധ കവാടം തുറന്നാണ് മാര്‍പാപ്പ ക്രിസ്മസ് സന്ദേശം നല്‍കിയത്. അനീതികളെ നേരിടാനുള്ള ധൈര്യവും പുതിയ ലോകത്തിനായുള്ള ശ്രമവും ഉണ്ടാകണമെന്നും ക്രിസ്മസ് ദിന സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു.

25 വര്‍ഷത്തിലൊരിക്കല്‍ മാത്രം തുറക്കുന്ന സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ വിശുദ്ധ കവാടം ഇന്ത്യന്‍ സമയം രാത്രി 11.30ഓടെയാണ് മാര്‍പാപ്പ തുറന്നത്. ഇതോടെ ആഗോള കത്തോലിക്കാ സഭയുടെ ജൂബിലി വര്‍ഷാചരണത്തിനും തുടക്കമായി. ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് റോമിലെ റെബീബിയയിലെ ജയിലിലും ഫ്രാന്‍സിസ് മാര്‍പാപ്പ നാളെ വിശുദ്ധ വാതില്‍ തുറക്കും.

ഒരു കാരാഗൃഹത്തില്‍ വിശുദ്ധവാതില്‍ മാര്‍പ്പാപ്പ തുറക്കുന്നത് ചരിത്രത്തില്‍ ആദ്യമാണ്. ഡിസംബര്‍ 29ന് കത്രീഡലുകളിലും, കോ- കത്രീഡലുകളിലും ബിഷപ്പുമാരുടെ കാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചുകൊണ്ട് 2025ലെ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. കത്തോലിക്കാ സഭയില്‍ 1300ല്‍ ആണ് വിശുദ്ധ വര്‍ഷാചരണം ആരംഭിച്ചത്. ഇപ്പോള്‍ എല്ലാ 25 വര്‍ഷം കൂടുമ്പോള്‍ വിശുദ്ധ വര്‍ഷം ആചരിക്കുന്നു.