തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) അറസ്റ്റ് ചെയ്തു. നേരത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാജീവരെ ഇഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് തുടര്‍ ചോദ്യം ചെയ്യലിനായി കൊണ്ടുപോയിട്ടുണ്ട്.
സ്വര്‍ണക്കൊള്ളയിലേക്ക് നയിച്ച വിവിധ ഘട്ടങ്ങളില്‍ തന്ത്രി നല്‍കിയ അനുമതികള്‍ സംശയാസ്പദമാണെന്ന് എസ്‌ഐടി കണ്ടെത്തി. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയിലെത്തിയത് തന്ത്രിയുടെ ആളെന്ന നിലയിലാണെന്നും, അദ്ദേഹത്തിന് നല്‍കിയ സ്‌പോണ്‍സര്‍ഷിപ്പ് അനുമതികളും സംശയകരമാണെന്നും അന്വേഷണസംഘം പറയുന്നു. തന്ത്രിക്കും ഉണ്ണികൃഷ്ണന്‍ പോറ്റിക്കും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി നടന്ന ഇടപാടുകള്‍ക്ക് തന്ത്രിയുടെ നേരിട്ടുള്ള പങ്കാളിത്തമുണ്ടായിരുന്നുവെന്നും, സ്വര്‍ണം മാറ്റിയ വിവരം തന്ത്രിക്ക് അറിയാമായിരുന്നുവെന്നും എസ്‌ഐടി കണ്ടെത്തി. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെയും ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ. പത്മകുമാറിന്റെയും മൊഴികളാണ് തന്ത്രിക്ക് എതിരായ പ്രധാന തെളിവുകള്‍. പോറ്റിക്ക് ലഭിച്ച ലാഭത്തില്‍ ഒരു പങ്ക് തന്ത്രിക്കും ലഭിച്ചിട്ടുണ്ടെന്ന സൂചനയും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
റിമാന്‍ഡിലുള്ള എ. പത്മകുമാര്‍ എസ്‌ഐടിക്ക് നല്‍കിയ മൊഴിയില്‍, ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയിലേക്ക് കൊണ്ടുവന്നതും തനിക്കു പരിചയപ്പെടുത്തിയതും തന്ത്രിയാണെന്ന് വ്യക്തമാക്കി. സ്വര്‍ണ്ണപ്പാളികള്‍ ചെന്നൈയിലേക്ക് അയക്കാന്‍ തന്ത്രിമാര്‍ അനുമതി നല്‍കിയിരുന്നുവെന്നും, തന്ത്രി കൊണ്ടുവന്നതിനാലാണ് പോറ്റിയെ വിശ്വസിച്ചതെന്നും പത്മകുമാര്‍ പറഞ്ഞു. പോറ്റിയുമായി തനിക്ക് സാമ്പത്തിക ഇടപാട് ഇല്ലായിരുന്നുവെന്നും, എന്നാല്‍ പോറ്റി തന്റെ ആറന്മുളയിലെ വീട്ടില്‍ വരാറുണ്ടായിരുന്നുവെന്നും അദ്ദേഹം മൊഴി നല്‍കി.
അതേസമയം, സ്വര്‍ണ്ണപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന നിലപാടിലാണ് കണ്ഠരര് രാജീവര്. അറ്റകുറ്റപ്പണിക്കായി മാത്രമാണ് അനുമതി നല്‍കിയതെന്നും, എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് അത് ചെയ്തതെന്നും അദ്ദേഹം മൊഴി നല്‍കിയിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ആദ്യം കീഴ്ശാന്തിയായാണ് പരിചയപ്പെട്ടതെന്നും പിന്നീട് സ്‌പോണ്‍സര്‍ എന്ന നിലയില്‍ ബന്ധം തുടര്‍ന്നുവെന്നും തന്ത്രി പറയുന്നു.
ശബരിമല സ്വര്‍ണക്കൊള്ള കേസ്: തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍
