കൊച്ചി: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധി വിവാദത്തില്‍ നിര്‍ണായക ചോദ്യങ്ങള്‍ ഉയര്‍ത്തി ഹൈക്കോടതി. മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് കോടതി ചോദിച്ചു. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കേണ്ടി വരുമെന്നും സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ നിങ്ങളുടെ വാദം പരിഗണിക്കാമെന്നും കോടതി പറഞ്ഞു. ഗോപന്‍ സ്വാമിയുടെ ഭാര്യ സുലോചനയാണ് കല്ലറ പൊളിക്കണമെന്ന ആര്‍ഡിഒ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി അടുത്താഴ്ച വീണ്ടും പരിഗണിക്കും.
നിലവില്‍ നടക്കുന്നത് സ്വാഭാവിക നടപടിക്രമമാണെന്ന് പറഞ്ഞ കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. അന്വേഷണം നീട്ടിക്കൊണ്ട് പോകാനോ നിര്‍ത്തിവയ്ക്കാനോ ആവില്ലെന്നും കോടതി വ്യക്തമാക്കി. നിലവില്‍ അന്വേഷണത്തില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നും കോടതി പറഞ്ഞു.
ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ സര്‍ക്കാരിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ആര്‍ഡിഒയുടെ ഉത്തരവ് നിയമപരമല്ലെന്നായിരുന്നു ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം. എന്നാല്‍, എങ്ങനെയാണ് മരണം സംഭവിച്ചതെന്ന് കോടതി ചോദിച്ചു. ഒരാളുടെ മരണത്തില്‍ സംശയമുണ്ടെങ്കില്‍ പൊലീസിന് അന്വേഷിക്കാനുള്ള അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു.