തിരുവനന്തപുരം: കരമന കൂടത്തില് കുടുംബത്തിലെ ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട കേസില് വര്ഷങ്ങള്ക്കുശേഷം കാര്യസ്ഥന് രവീന്ദ്രന് നായര് അറസ്റ്റില്. കുടുംബത്തിലെ അവസാന കണ്ണിയായ ജയമാധവന് നായരുടെ മരണവുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് ഇയാളെ അറസ്റ്റ് ചെയ്തത്. ജയമാധവന് നായരുടെ മരണം കൊലപാതകമാണെന്ന് അന്വേഷണത്തില് കണ്ടെത്തിയതായും സ്വത്ത് തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യമെന്നാണ് സംശയിക്കുന്നതെന്നും സിറ്റി പൊലീസ് കമ്മിഷണര് അറിയിച്ചു.
കോഴിക്കോട് കൂടത്തായിയിലെ കൊലപാതക പരമ്പര പുറത്തുവന്നതിനു പിന്നാലെയാണ് കരമന കൂടത്തില് കുടുംബത്തിലെ മരണങ്ങളും പൊതുശ്രദ്ധയിലെത്തിയത്. കോടികളുടെ സ്വത്തിന് അവകാശികളാകേണ്ട ഏഴുപേര് 15 വര്ഷത്തിനിടെ മരിച്ചതാണ് കേസില് ദുരൂഹതയുയര്ത്തിയത്. ഗോപിനാഥ പിള്ള, ഭാര്യ സുമുഖിയമ്മ, മക്കളായ ജയബാലകൃഷ്ണന്, ജയപ്രകാശ്, ജയശ്രീ, ഗോപിനാഥ പിള്ളയുടെ സഹോദരന് വേലുപ്പിള്ളയുടെ മകന് ഉണ്ണികൃഷ്ണന് നായര്, മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകന് ജയമാധവന് നായര് എന്നിവരാണ് മരിച്ചത്.
മരിച്ചവരുടെ സ്വത്തുക്കള് ഇഷ്ടദാനമെന്ന പേരില് കാര്യസ്ഥനായ രവീന്ദ്രന് നായരുടെയും ചില ബന്ധുക്കളുടെയും കൈവശമെത്തിയതോടെയാണ് സംശയങ്ങള് ഉയര്ന്നത്. ഇതുസംബന്ധിച്ച് നാട്ടുകാരനായ അനില്കുമാറും പിന്നീട് ബന്ധുവായ പ്രസന്നകുമാരിയമ്മയും പരാതി നല്കി. സ്വത്ത് കൈമാറ്റത്തിനായി തയ്യാറാക്കിയ വില്പ്പത്രത്തില് ക്രമക്കേടുകളുണ്ടെന്ന സംശയത്തെത്തുടര്ന്ന് നടത്തിയ അന്വേഷണത്തില് രേഖകള് വ്യാജമായി തയ്യാറാക്കിയതാണെന്ന കണ്ടെത്തലും നിര്ണായകമായി.
2017 ഏപ്രില് രണ്ടിനാണ് ജയമാധവന് നായര് മരിച്ചത്. അന്ന് രാവിലെ തറവാട്ടിലെത്തിയപ്പോള് ജയമാധവനെ വീട്ടില് ബോധരഹിതനായി കണ്ടെന്നും സമീപത്തെ വീട്ടില്നിന്ന് ഓട്ടോറിക്ഷ വിളിച്ച് മെഡിക്കല് കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചെന്നുമായിരുന്നു രവീന്ദ്രന് നായരുടെ മൊഴി. എന്നാല്, ഈ മൊഴിയില് വൈരുധ്യങ്ങളുണ്ടെന്ന് തിരുവനന്തപുരം സിറ്റി ക്രൈംബ്രാഞ്ച് എ.സി.പി എം.കെ. സുള്ഫിക്കറിന്റെ നേതൃത്വത്തില് നടത്തിയ അന്വേഷണത്തില് കണ്ടെത്തി. സമീപത്തുതന്നെ ഓട്ടോറിക്ഷയുണ്ടായിരുന്നിട്ടും അകലെ താമസിക്കുന്ന സുഹൃത്തിനെ വിളിച്ചുവരുത്തിയാണ് ജയമാധവനെ ആശുപത്രിയിലെത്തിച്ചതെന്ന വിവരവും അന്വേഷണസംഘത്തില് സംശയമുയര്ത്തി.
കട്ടിലില്നിന്ന് വീണുണ്ടായ തലയ്ക്കേറ്റ പരിക്കാകാം മരണകാരണമെന്നായിരുന്നു പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്. എന്നാല്, വീട്ടില്നിന്ന് കണ്ടെത്തിയ രക്തക്കറ പുരണ്ട തടിക്കഷ്ണം ഉള്പ്പെടെയുള്ള തെളിവുകള് ഫോറന്സിക് പരിശോധനയ്ക്ക് വിധേയമാക്കിയതോടെ മരണത്തില് അസ്വാഭാവികതയുണ്ടെന്ന സംശയം ശക്തമായി. സ്വത്ത് കൈമാറ്റവുമായി ബന്ധപ്പെട്ട രേഖകളിലെ ക്രമക്കേടുകളും ഫോറന്സിക് പരിശോധനാ ഫലങ്ങളും കണക്കിലെടുത്താണ് സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കൊലപാതകം നടന്നതാണെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘമെത്തിയത്.
വര്ഷങ്ങളായി ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരുന്ന കേസില് ചൊവ്വാഴ്ച ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷമാണ് രവീന്ദ്രന് നായരെ അറസ്റ്റ് ചെയ്തത്. 2017ലെ ജയമാധവന് നായരുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുതിയ ഘട്ടത്തിലേക്ക് കടന്നതോടെ കൂടത്തില് കുടുംബത്തിലെ ഏഴ് മരണങ്ങള്ക്കു പിന്നിലെ ദുരൂഹതകള്ക്ക് കൂടുതല് വ്യക്തത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
കൂടത്തില് കുടുംബത്തിലെ ദുരൂഹമരണം: 9 വര്ഷത്തിനു ശേഷം കാര്യസ്ഥന് അറസ്റ്റില്; ലക്ഷ്യം കോടികളുടെ സ്വത്തെന്ന് സംശയം
