റോം: കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന് പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അര്ബുദം സ്ഥിരീകരിച്ചതായി വത്തിക്കാന് അറിയിച്ചു. വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗത്തുണ്ടായിരുന്ന അര്ബുദബാധിത കോശങ്ങള് നീക്കം ചെയ്യുന്നതിനായി ചൊവ്വാഴ്ച റോമിലെ ജെമെല്ലി ആശുപത്രിയില് ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ആരോഗ്യനില നിരീക്ഷിച്ചശേഷം അദ്ദേഹത്തെ ആശുപത്രിയിലെ മുറിയിലേക്ക് മാറ്റിയെന്നും ഡോക്ടര്മാര് അറിയിച്ചു.
ശസ്ത്രക്രിയയ്ക്കുശേഷം പരിശോധിച്ച ശ്വാസകോശകലകള്, നേരത്തേ നടത്തിയ പരിശോധനയില് കണ്ടെത്തിയ ശ്വാസകോശ അഡിനോകാര്സിനോമ എന്ന അര്ബുദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായി വത്തിക്കാന് വ്യക്തമാക്കി. അമേരിക്കയില് കാണപ്പെടുന്ന ശ്വാസകോശ അര്ബുദങ്ങളില് ഏകദേശം 40 ശതമാനവും ഈ വിഭാഗത്തില്പ്പെടുന്നതാണെന്ന് ലങ് കാന്സര് ഫൗണ്ടേഷന് ഓഫ് അമേരിക്കയുടെ കണക്കുകള് വ്യക്തമാക്കുന്നു.
ഏകദേശം 90 മിനിറ്റ് നീണ്ട ശസ്ത്രക്രിയയ്ക്കുശേഷം പോപ്പ് സാധാരണ നിലയില് ബോധം വീണ്ടെടുത്തു. തുടര്ന്ന് നിരീക്ഷണത്തിനുശേഷം ആശുപത്രിയുടെ പത്താം നിലയിലുള്ള മുറിയിലേക്ക് മാറ്റി. 71 വയസ്സുള്ള പോപ്പ് ലിയോ പതിനാലാമന് ശാരീരികമായി സജീവമായ ജീവിതശൈലി പിന്തുടരുന്നയാളാണ്. പതിവായി വ്യായാമം ചെയ്യുകയും തന്റെ പേഴ്സണല് സെക്രട്ടറിയോടൊപ്പം ടെന്നിസ് കളിക്കുകയും കാസ്റ്റല് ഗാന്ഡോള്ഫോയിലെ വസതിയില് കുതിരസവാരി നടത്തുകയും ചെയ്യാറുണ്ട്.
പോപ്പ് പുകവലിക്കുന്നതായി വിവരങ്ങളില്ലെങ്കിലും കുടുംബത്തില് അര്ബുദരോഗ ചരിത്രമുണ്ട്. ഫ്ലോറിഡയില് താമസിക്കുന്ന അദ്ദേഹത്തിന്റെ മൂത്ത സഹോദരന് ലൂയിസ് അര്ബുദബാധയെത്തുടര്ന്ന് ആശുപത്രിയില് ചികിത്സയിലാണെന്ന് വത്തിക്കാന് അറിയിച്ചു. പോപ്പിന്റെ മാതാവ് മില്ഡ്രഡ് 1990ല് 77ാം വയസ്സില് അര്ബുദത്തെത്തുടര്ന്നാണ് മരിച്ചത്. അന്ന് റോമിലായിരുന്ന പോപ്പ്, മാതാവ് കീമോതെറാപ്പി ചികിത്സയിലൂടെ കടന്നുപോകുന്നതിനെക്കുറിച്ച് സുഹൃത്തുക്കള്ക്ക് എഴുതിയ കത്തുകളിലും പരാമര്ശിച്ചിരുന്നു.
ആരോഗ്യപ്രശ്നങ്ങളെ തുടര്ന്ന് ഒക്ടോബര് 20 വരെയെങ്കിലും പോപ്പിന്റെ പൊതുപരിപാടികള് മാറ്റിവച്ചിട്ടുണ്ട്. തുടര്ചികിത്സ സംബന്ധിച്ച വിവരങ്ങള് വത്തിക്കാന് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അര്ബുദം; ശസ്ത്രക്രിയ വിജയകരം
