ടെക്സസ്: അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപിന്റെ പിന്തുണയോടെ ടെക്സസ് സെനറ്റ് തിരഞ്ഞെടുപ്പില് മത്സരിക്കുന്ന റിപ്പബ്ലിക്കന് സ്ഥാനാര്ഥി കെന് പാക്സ്റ്റണെ ചുറ്റിപ്പറ്റി പുതിയ വിവാദം. അമേരിക്കയില് ഫെഡറല് കുറ്റങ്ങള് ചുമത്തപ്പെട്ട രണ്ടു പേരോടൊപ്പം പാക്സ്റ്റണ് ദുബായില് പുതുവത്സരാഘോഷത്തില് പങ്കെടുത്തുവെന്ന വെളിപ്പെടുത്തലാണ് രാഷ്ട്രീയ ചര്ച്ചകള്ക്ക് വഴിവച്ചത്. നവംബര് മൂന്നിന് നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവന്ന വിവരം പാക്സ്റ്റണിന്റെ സ്ഥാനാര്ഥിത്വത്തെക്കുറിച്ചുള്ള ചര്ച്ചകള്ക്ക് പുതിയ മാനം നല്കുന്നു.
2025നെ വരവേല്ക്കാന് ദുബായിലെ ബുര്ജ് ഖലീഫയില് വെടിക്കെട്ട് നടന്നപ്പോള്, കാമുകി ട്രേസി ഡുഹോണിനൊപ്പം ആഡംബര കെട്ടിടത്തിന്റെ ബാല്ക്കണിയില്നിന്ന് പാക്സ്റ്റണ് ആഘോഷം വീക്ഷിക്കുന്ന ദൃശ്യങ്ങള് പുറത്തുവന്നതായി വാള്സ്ട്രീറ്റ് ജേണല് റിപ്പോര്ട്ട് ചെയ്തു. കോടതിയില് സമര്പ്പിച്ച രേഖകളിലും സംഭവത്തെക്കുറിച്ചുള്ള വിവരങ്ങളുണ്ടെന്നാണ് റിപ്പോര്ട്ട്. അമേരിക്കയില് ആരോഗ്യപരിചരണ മേഖലയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസുകളില് കുറ്റം ചുമത്തപ്പെട്ട അനോഷ് അഹമ്മദ്, സമീര് സുഹൈല് എന്നിവരും ആഘോഷത്തില് പങ്കെടുത്തിരുന്നു. കുറ്റപത്രം സമര്പ്പിക്കപ്പെട്ട സമയത്ത് ഇരുവരും അമേരിക്കയിലേക്ക് മടങ്ങിയെത്തിയിരുന്നില്ലെന്നാണ് റിപ്പോര്ട്ടിലുള്ളത്.
ടെക്സസില് ബിസിനസ് താല്പര്യങ്ങളുള്ള ആരോഗ്യപരിചരണ മേഖലയിലെ സംരംഭകനായ അഹമ്മദ് പാക്സ്റ്റണിന് 1.90 ലക്ഷം ഡോളര് സംഭാവന നല്കിയതായും റിപ്പോര്ട്ടില് പറയുന്നു. ഇതില് 25,000 ഡോളര് സംഭാവന കുറ്റപത്രം സമര്പ്പിച്ചതിന് ദിവസങ്ങള്ക്കുശേഷമാണ് നല്കിയതെന്നാണ് തിരഞ്ഞെടുപ്പ് ധനകാര്യ രേഖകള് വ്യക്തമാക്കുന്നത്.
2024ല് ഇല്ലിനോയിയിലെ ഫെഡറല് കോടതിയിലാണ് അഹമ്മദിനും സുഹൈലിനുമെതിരെ ആദ്യ കേസ് രജിസ്റ്റര് ചെയ്തത്. ഷിക്കാഗോയിലെ ഒരു ആശുപത്രിയില്നിന്ന് 1.5 കോടി ഡോളര് തട്ടിയെടുത്തെന്നായിരുന്നു ആരോപണം. കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട സര്ക്കാര് പണമിടപാടുകളില് കുറഞ്ഞത് 19.5 കോടി ഡോളറിന്റെ തട്ടിപ്പ് നടത്തിയെന്ന മറ്റൊരു കേസിലും അഹമ്മദിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. എന്നാല്, തനിക്കെതിരായ ആരോപണങ്ങളില് അഹമ്മദ് കുറ്റം നിഷേധിച്ചിട്ടുണ്ട്. ഇരുവരും പിന്നീട് അമേരിക്കയില് തിരിച്ചെത്തി കേസുകള് നേരിടാന് തുടങ്ങി. അഹമ്മദ് നിലവില് കസ്റ്റഡിയിലാണെന്നാണ് റിപ്പോര്ട്ട്. വിദേശത്തായിരുന്നതും കുടുംബത്തിലെ ആരോഗ്യപ്രശ്നങ്ങളും മടങ്ങിവരവ് വൈകാന് കാരണമായെന്ന് അഹമ്മദിന്റെ അഭിഭാഷകര് കോടതിയില് വാദിച്ചു. ദുബായിലെ സിവില് കേസുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് യാത്ര വൈകിച്ചതെന്നും പരിഹാരമായതിനു പിന്നാലെ സുഹൈല് സ്വമേധയാ അമേരിക്കയിലേക്ക് മടങ്ങിയെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന് അറിയിച്ചു.
പാക്സ്റ്റണെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള് ഇതാദ്യമല്ല. 2020ല് അദ്ദേഹത്തിന്റെ ഓഫീസിലെ എട്ട് ഉദ്യോഗസ്ഥര് അധികാരദുര്വിനിയോഗം നടത്തിയെന്നും ഒരു പ്രമുഖ സംഭാവന ദാതാവിനെ സഹായിക്കാന് ഔദ്യോഗിക പദവി ഉപയോഗിച്ചെന്നും ആരോപിച്ച് നിയമനടപടികള്ക്ക് റിപ്പോര്ട്ട് നല്കിയിരുന്നു. ഇതേത്തുടര്ന്ന് ഫെഡറല് അന്വേഷണം ആരംഭിച്ചു. 2023ല് ടെക്സസ് ജനപ്രതിനിധിസഭ പാക്സ്റ്റണെതിരെ അധികാരദുര്വിനിയോഗ ആരോപണങ്ങളുടെ അടിസ്ഥാനത്തില് ഇംപീച്ച്മെന്റ് നടപടികള് സ്വീകരിച്ചെങ്കിലും സെനറ്റ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. ആരോപണങ്ങള് പാക്സ്റ്റണ് നിഷേധിച്ചിരുന്നു. നേരത്തേ മുതല് നിലനില്ക്കുന്ന സാമ്പത്തിക കുറ്റാരോപണങ്ങളും അന്വേഷണങ്ങളും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില് വിവാദങ്ങള്ക്ക് ഇടയാക്കിയിട്ടുണ്ട്.
38 വര്ഷത്തെ ദാമ്പത്യത്തിനുശേഷം കഴിഞ്ഞ വര്ഷം ഭാര്യ വിവാഹമോചനത്തിന് അപേക്ഷ നല്കിയതും പാക്സ്റ്റണിനെക്കുറിച്ചുള്ള വാര്ത്തകളില് ഇടം നേടിയിരുന്നു. വ്യഭിചാരമാണ് വിവാഹമോചന അപേക്ഷയില് കാരണമായി ചൂണ്ടിക്കാട്ടിയതെന്നാണ് റിപ്പോര്ട്ട്.
അതേസമയം, വിവാദങ്ങള് പാക്സ്റ്റണിന്റെ റിപ്പബ്ലിക്കന് വോട്ടര്മാര്ക്കിടയിലെ പിന്തുണയെ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ അനുയായികളുടെ വാദം. ട്രംപിന്റെ രാഷ്ട്രീയ പ്രസ്ഥാനമായ മാഗയുമായുള്ള ബന്ധം തിരഞ്ഞെടുപ്പില് സഹായിക്കുമെന്നും അവര് കരുതുന്നു. ദുബായ് യാത്രയെക്കുറിച്ചുള്ള ചോദ്യങ്ങള്ക്ക് നേരിട്ട് മറുപടി നല്കാതെ, വര്ഷങ്ങളായി പാക്സ്റ്റണ് രാഷ്ട്രീയ പീഡനത്തിന് ഇരയാകുകയാണെന്നും വോട്ടര്മാര് ഓരോ തവണയും അദ്ദേഹത്തെ പിന്തുണച്ചിട്ടുണ്ടെന്നും പാക്സ്റ്റണിന്റെ മുതിര്ന്ന ഉപദേഷ്ടാവ് നിക് മാഡക്സ് പ്രതികരിച്ചു.
റിപ്പബ്ലിക്കന് പാര്ട്ടിയുടെ നിലവിലെ സെനറ്റര് ജോണ് കോര്ണിനെ പിന്തള്ളി പാക്സ്റ്റണെ പിന്തുണയ്ക്കാനുള്ള ട്രംപിന്റെ തീരുമാനം നേരത്തേ തന്നെ ചര്ച്ചയായിരുന്നു. പാക്സ്റ്റണെക്കുറിച്ച് ദോഷകരമായ വിവരങ്ങള് പുറത്തുവരാന് സാധ്യതയുണ്ടെന്ന് ട്രംപിന് മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്നും അദ്ദേഹം അതിനെ ഗൗരവമായി എടുത്തില്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്ട്ടില് പറയുന്നു. മെയ് മാസത്തിലെ റിപ്പബ്ലിക്കന് െ്രെപമറി റണ്ഓഫില് പാക്സ്റ്റണ് വിജയിച്ചതിനു പിന്നാലെ ഡെമോക്രാറ്റിക് സ്ഥാനാര്ഥി ജെയിംസ് തലാരിക്കോയുമായുള്ള മത്സരവും ശ്രദ്ധ നേടി. തലാരിക്കോ അഭിപ്രായ സര്വേകളില് നേരിയ മുന്നേറ്റം നിലനിര്ത്തുന്നതായാണ് റിപ്പോര്ട്ട്. 1994നുശേഷം ടെക്സസില് ഒരു ഡെമോക്രാറ്റിക് സ്ഥാനാര്ഥിയും സംസ്ഥാനതല തിരഞ്ഞെടുപ്പില് വിജയിച്ചിട്ടില്ലെന്ന പശ്ചാത്തലത്തില് ഇത്തവണത്തെ മത്സരം ദേശീയ ശ്രദ്ധ നേടുകയാണ്.
2015ല് പാക്സ്റ്റണെതിരെ കുറ്റം ചുമത്തിയ പ്രത്യേക പ്രോസിക്യൂട്ടര് കെന്റ് ഷാഫറും അദ്ദേഹത്തിനെതിരായ നടപടികളില് ഇതുവരെ ഉത്തരവാദിത്തം ഉറപ്പാക്കാനായിട്ടില്ലെന്ന നിരാശ പ്രകടിപ്പിച്ചു. എന്നാല്, ദുബായ് ആഘോഷവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള് തിരഞ്ഞെടുപ്പില് എത്രത്തോളം പ്രതിഫലിക്കുമെന്ന് വ്യക്തമല്ല. ആരോപണങ്ങള്, പാക്സ്റ്റണിന്റെ രാഷ്ട്രീയ പിന്തുണ, ടെക്സസിലെ വോട്ടര്മാരുടെ നിലപാട് എന്നിവയാണ് ഇനി നിര്ണായകമാകുക.
ടെക്സസ് സെനറ്റ് തിരഞ്ഞെടുപ്പ്: ട്രംപിന്റെ പിന്തുണയുള്ള കെന് പാക്സ്റ്റണെ കുരുക്കി ദുബായിലെ പുതുവത്സരാഘോഷം; വിവാദം പുകയുന്നു
