ജര്‍മനിയില്‍ പെണ്‍കുട്ടിയെ റോബട്ട് ലൈംഗികമായി ഉപദ്രവിച്ചതായി പരാതി; രണ്ട് പേര്‍ അറസ്റ്റില്‍

ജര്‍മനിയില്‍ പെണ്‍കുട്ടിയെ റോബട്ട് ലൈംഗികമായി ഉപദ്രവിച്ചതായി പരാതി; രണ്ട് പേര്‍ അറസ്റ്റില്‍


ബര്‍ലിന്‍: ജര്‍മനിയിലെ കൊളോണ്‍ നഗരത്തില്‍ ഹ്യൂമനോയ്ഡ് റോബട്ട് പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചതായി പരാതി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ തത്സമയം പ്രചരിപ്പിച്ച റോബട്ടിന്റെ ഉടമയായ പതിനാറുകാരനെയും ഇയാളുടെ 19 വയസ്സുള്ള സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ഉള്‍പ്പെട്ട റോബട്ടും കസ്റ്റഡിയിലാണ്.

വെള്ള ഷര്‍ട്ടും ട്രാക്ക്‌സ്യൂട്ട് പാന്റ്‌സും വ്യാജ സ്വര്‍ണമാലയും കൃത്രിമ മീശയും ധരിപ്പിച്ച അയണ്‍മാന്‍ രൂപത്തിലുള്ള റോബട്ടാണ് സംഭവത്തില്‍ ഉള്‍പ്പെട്ടത്. റസ്റ്ററന്റില്‍വച്ച് പെണ്‍കുട്ടിയുടെ പിന്നിലൂടെ എത്തിയ റോബട്ട് ശരീരത്തിന്റെ പിന്‍ഭാഗത്ത് അനുചിതമായി സ്പര്‍ശിച്ചെന്നാണ് പരാതി.

ചൈനീസ് കമ്പനിയായ യൂണിട്രീയുടെ ആര്‍1 എയര്‍ വിഭാഗത്തില്‍പ്പെട്ട ഏകദേശം 1.2 മീറ്റര്‍ ഉയരമുള്ള റോബട്ടാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. മുന്‍കൂട്ടി പ്രോഗ്രാം ചെയ്ത ചലനങ്ങളിലൂടെയോ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചോ റോബട്ടിനെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. സംഭവസമയത്ത് റോബട്ടിന്റെ ചലനങ്ങള്‍ ആരെങ്കിലും നേരിട്ട് നിയന്ത്രിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.

റോബട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ച രീതിയും സംഭവത്തില്‍ ഉടമയ്ക്കും സുഹൃത്തിനുമുള്ള പങ്കും അന്വേഷണത്തിലൂടെ വ്യക്തമാകേണ്ടതുണ്ട്. മനുഷ്യരുമായി നേരിട്ട് ഇടപഴകുന്ന റോബട്ടുകളുടെ സുരക്ഷയും അവയുടെ നിയന്ത്രണ സംവിധാനങ്ങളും സംബന്ധിച്ച ആശങ്കകള്‍ക്ക് സംഭവം വീണ്ടും പ്രാധാന്യം നല്‍കുന്നു. ഇത്തരം യന്ത്രങ്ങളുടെ ദുരുപയോഗം തടയാന്‍ കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ആവശ്യമാണെന്ന ചര്‍ച്ചയ്ക്കും സംഭവം വഴിതുറന്നിട്ടുണ്ട്.