കൊച്ചി: ആലപ്പുഴയിലെ വിവാദമായ രക്ഷാപ്രവർത്തന കേസിൽ കേസിൽ സസ്പെൻഷനിലായ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ എം ആർ അജിത്കുമാറിന് തിരിച്ചടി. അജിത്കുമാറിൻ്റെ സസ്പെൻഷൻ നടപടിക്ക് സെൻട്രൽ അഡ്മിസ്ട്രേറ്റീവ് ട്രിബ്യൂണൽ (CAT) സ്റ്റേ അനുവദിച്ചില്ല. അദ്ദേഹത്തിൻ്റെ ഇടക്കാല ആവശ്യങ്ങളെല്ലാം ട്രിബ്യൂണൽ തള്ളിക്കളഞ്ഞു. കേസിൽ ഇരകൾക്ക് നീതി നിഷേധിക്കുന്ന രീതിയിൽ ഉദ്യോഗസ്ഥൻ കേസ് അട്ടിമറിക്കുകയായിരുന്നുവെന്ന് സർക്കാരിനുവേണ്ടി ട്രിബ്യൂണലിൽ വാദിച്ചു.
ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസില്‍ സര്‍ക്കാരിൻ്റെ സസ്പെന്‍ഷന്‍ നടപടി ചോദ്യം ചെയ്തുകൊണ്ടാണ് എം ആര്‍ അജിത്കുമാര്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്. തനിക്ക് ഇനിയൊരു പ്രമോഷന്‍ വരാനിരിക്കുന്നു, ഡിജിപി തസ്കികയിലേക്ക് തന്നെ ഉയർത്താനിരിക്കേയാണ് ഈ നീക്കമെന്നും അതിനിടയില്‍ നടപടികള്‍ പാലിക്കാതെയാണ് സര്‍ക്കാര്‍ തന്നെ സസ്പെന്‍ഡ് ചെയ്‌തതെന്നുമായിരുന്നു അജിത്കുമാറിൻ്റെ പ്രധാന വാദം.
കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അകാരണമായി തല്ലിച്ചതച്ച മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരെ കേസില്‍ നിന്നു രക്ഷപ്പെടുത്താന്‍ അനാവശ്യ ഇടപെടല്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് എഡിജിപി എംആര്‍ അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്‌ത്കൊണ്ടുള്ള ഉത്തരവ് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയത്. പിണറായി വിജയന്‍ സഞ്ചരിച്ച ബസിന് മുന്നില്‍ കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് ഗൺമാന്‍മാന്മാർ തല്ലിചതച്ചത്. അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി ആയിരുന്നു എംആര്‍ അജിത്കുമാർ.
സംസ്ഥാന ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ പുറത്തിറക്കിയ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ കേസന്വേഷണ ഗതിയില്‍ എംആര്‍ അജിത്കുമാറിൻ്റെ ഓഫീസ് അനാവശ്യമായി സ്വാധീനം ചെലുത്തി നിസാര വകുപ്പുകള്‍ മാത്രം ഉള്‍പ്പെടുത്തി കേസ് ഒരു റഫറല്‍ റിപ്പോര്‍ട്ട് ആക്കി കോടതിക്കു സമര്‍പ്പിക്കുകയായിരുന്നെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരത്തില്‍ റഫറല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക വഴി പ്രതികളായ ഗണ്‍മാന്‍മാര്‍ക്ക് നിയമ നടപടികളില്‍ നിന്നു രക്ഷപ്പെടുന്നതിന് സഹായകമായി.
അന്വേഷണത്തിനിടെ തങ്ങള്‍ സമ്മര്‍ദ്ദത്തിനു വിധേയരായിരുന്നതായി കേസ് അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഇന്‍സ്‌പെക്‌ടര്‍ കെപി ടോംസണ്‍, ഡിവൈഎസ്‌പിമാരായ കെഎസ് അരുണ്‍, സുനില്‍ രാജ് എന്നിവര്‍ ക്രൈം ബ്രാഞ്ച് എസ്‌പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള എസ്‌ഐടിക്കു മൊഴി നല്‍കിയിട്ടുണ്ട്.
എം ആർ അജിത്കുമാറിന് തിരിച്ചടി; സസ്പെൻഷന് സ്റ്റേയില്ല; ഇടക്കാല ആവശ്യം സെൻട്രൽ അഡ്മിസ്ട്രേറ്റീവ് ട്രിബ്യൂണൽ തള്ളി
