പരീക്ഷാ ഭേദഗതി ബില്ലിൽ ലോക്സഭയിൽ ചർച്ച തുടങ്ങി; പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും സഭയിലില്ലാത്തതിനെ ചോദ്യം ചെയ്ത് കെ.സി വേണുഗോപാൽ

പരീക്ഷാ ഭേദഗതി ബില്ലിൽ ലോക്സഭയിൽ ചർച്ച തുടങ്ങി; പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും സഭയിലില്ലാത്തതിനെ ചോദ്യം ചെയ്ത് കെ.സി വേണുഗോപാൽ


ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധങ്ങൾ തു‌ടരുന്നതിനിടെ ലോക്സഭയിൽ പൊതു പരീക്ഷാ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചകൾ ആരംഭിച്ചു. സമരക്കാർക്കെതിരായ പൊലീസ് നടപടിയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇരുസഭകളും രാവിലെ സ്തംഭിപ്പിച്ചിരുന്നു. തുടർന്ന് ഉച്ചയ്ക്ക് രണ്ടിന് ലോക്സഭ വീണ്ടും ചേർന്നാണ് ബില്ലിൽ ചർച്ച തുടങ്ങിയത്. ചർച്ചയിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പങ്കെടുക്കാത്തതിനെ കെ സി വേണുഗോപാൽ എം പി ചോദ്യം ചെയ്തെങ്കിലും ചർച്ചയിൽ പ്രതിപക്ഷം സഹകരിക്കുകയാണ്. 

പരീക്ഷാ ക്രമക്കേടില്‍പരമാവധി പത്ത് വര്‍ഷം വരെ തടവും, പത്ത് കോടി രൂപ പിഴയും വ്യവസ്ഥ ചെയ്യുന്ന ബില്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങാണ് അവതരിപ്പിച്ചത്. വിദ്യാർഥികള്‍ക്ക് നേരെ നടന്ന പൊലീസ് നായാട്ടില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്ന മുദ്രാവാക്യം പ്രതിപക്ഷം ശക്തമാക്കി. ഡൽഹിയില്‍ സിജെപി പ്രതിഷേധത്തിന് നേരെ പെല്ലെറ്റ് പ്രയോഗിച്ചത്, പട്നയിൽ നടന്ന പ്രതിഷേധത്തിനിടെ എകെ 47 തോക്ക് ഉപയോഗിച്ചതടക്കം വിഷയങ്ങള്‍ ഉന്നയിച്ചാണ് അമിത് ഷായുടെ മറുപടി തേടിയത്. ഇതിന് പിന്നാലെ ബഹളം ശക്തമായി. 

കേന്ദ്രം വിഷയത്തെ ഗൗരവമായി കാണുന്നില്ലെന്ന് ഗൗരവ് ഗോഗോയി മറുപടി നൽകി. കണ്ണിൽ പൊടിയിടാനാണ് നിയമഭേദഗതി. 2024 ലെ നിയമം പരീക്ഷ ചോദ്യപേപ്പർ ചോർച്ച തടഞ്ഞില്ല. ജനങ്ങൾക്കിടയിൽ വലിയ ആശങ്കയുണ്ടായി. സഞ്ജീവ് മുഖ്യ എന്ന മുഖ്യ പ്രതി 11 മാസം ഒളിവിലായിരുന്നു. പിടിയിലായ ശേഷം ജാമ്യവും ലഭിച്ചു. 2024 ക്രമക്കേട് കുറ്റവാളികളായ 45 പേരിൽ 44 ഉം ജാമ്യത്തിലിറങ്ങി. 2026 ൽ 21 വിദ്യാർഥികൾ ജീവനൊടുക്കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെച്ചു എന്നാല് ധർമേന്ദ്ര പ്രധാൻ ഇന്നലെ പാർലമെൻ്റിൽ എത്തിയപ്പോൾ എൻഡിഎ അംഗങ്ങൾ സ്വീകരണം സംഘടിപ്പിച്ചു.

പാകിസ്താനിൽ നിന്ന് യുദ്ധം ജയിച്ച് വന്നപോലെയായിരുന്നു സ്വീകരണം. പ്രധാനമന്ത്രി നരേന്ദ്രമോദി റീൽ ചെയ്തു നടക്കുന്നു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം ഇൻസ്റ്റഗ്രാമിൽ ശ്രദ്ധിക്കാനാണ് പ്രധാനമന്ത്രി പറയുന്നത്. ഭരണപക്ഷം വിദ്യാർഥികളുടെ ഭാവി വിലകുറച്ച് കാണുന്നു. എല്ലാം വോട്ടിന് വേണ്ടിയാണ്. ശിക്ഷ കർശനമാക്കിയതുകൊണ്ട് എന്ത് സംഭവിക്കും എന്നാണ്? ഡൽഹിയിൽ ആരാണ് ആക്രമണങ്ങൾക്ക് ഉത്തരവിട്ടത്? ലാത്തിക്കൊണ്ട് തലയ്ക്കടിക്കാൻ പറഞ്ഞതാരാണ്? അമിത് ഷാ മറുപടി പറയണം. വിദ്യാർഥികൾക്ക് നിങ്ങളുടെ വാക്കിൽ ഒരു വിശ്വാസവുമില്ലെന്നും ഗൗരവ് ഗോഗോയി വിമർശിച്ചു.

ഇന്നലെ സഭാ നടപടികൾ 5 മണിയോടെ അവസാനിച്ച ശേഷം സ്പീക്കർ ഓം ബിർള നടത്തിയ സമവായ നീക്കം ഫലം കണ്ടതോടെയാണ് പരീക്ഷാ ഭേദഗതി ബില്ലിൽ ച‍ർച്ച നടത്താൻ തീരുമാനമായത്. 6 മണിക്കൂര്‍ നേരമാകും ചര്‍ച്ച നടക്കുക. വിദ്യാർഥികളുടെ ആവശ്യം എന്ന നിലയിൽ പരീക്ഷ ഭേദഗതി ബിൽ പാസാക്കുന്നതിന് സഹകരിക്കുമെന്നാണ് പ്രതിപക്ഷം അറിയിച്ചിരിക്കുന്നത്. അതേസമയം ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയിലേക്ക് നയിച്ച വിദ്യാർഥി പ്രതിഷേധങ്ങളിൽ കേസെടുക്കില്ലെന്ന ഉറപ്പ് കേന്ദ്രം ലംഘിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രതിഷേധം ശക്തമായി മുന്നോട്ട് കൊണ്ടുപോകും പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്.

ചർച്ചയ്ക്ക് എട്ട് മുതൽ പത്ത് മണിക്കൂർ വരെ വേണമെങ്കിലും ചെലവഴിക്കാൻ സർക്കാർ തയ്യാറാണെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു മറുപടി നൽകി. ചോദ്യപേപ്പർ ചോർച്ച ഏറെ ഗുരുതരമായ വിഷയമാണെന്നും ശക്തമായ നിയമനിർമ്മാണം അത്യന്താപേക്ഷിതമാണെന്നും സ്പീക്കർ സഭയിൽ പറഞ്ഞു.  വരും തലമുറകളുടെ ഭാവി സുരക്ഷിതമാക്കാനായുള്ള ചരിത്രപരമായ നിയമനിർമ്മാണമാണിതെന്നും, യുപിഎ ഭരണകാലത്ത് നടന്ന ചോദ്യപേപ്പർ ചോർച്ചകൾ ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് പറഞ്ഞു. 2024-ലെ ബില്ലാണ് ഇപ്പോൾ ഭേദഗതി ചെയ്ത് സഭയുടെ പരിഗണനയ്ക്ക് എത്തിയിരിക്കുന്നത്. വളരെ ശക്തമായ നിയമമായിരിക്കും വരികയെന്നും വേഗത്തിൽ നീതി ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.