ന്യൂഡല്‍ഹി: നീറ്റ്- യു ജി ചോദ്യപേപ്പര്‍ ചോര്‍ച്ച ആരോപണവുമായി ബന്ധപ്പെട്ട രാജ്യവ്യാപക പ്രതിഷേധങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറുകള്‍ പിന്‍വലിക്കാനും തടവിലായ പ്രതിഷേധക്കാരെ മോചിപ്പിക്കാനും ബിഹാര്‍, അസം സര്‍ക്കാരുകള്‍ ഉറപ്പ് നല്‍കിയതായി കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി (സി ജെ പി) അറിയിച്ചു.
സര്‍ക്കാര്‍ പ്രതിനിധികളുമായുള്ള രാത്രികാല ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ഇക്കാര്യം അറിയിച്ചതെന്ന് സി ജെ പി വ്യക്തമാക്കി. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പാര്‍ട്ടി മുഖ്യ വക്താവ് സൗരവ് ദാസ്, സര്‍ക്കാര്‍ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച മൂന്ന് മണിക്കൂറോളം നീണ്ടുനിന്നതായും അറിയിച്ചു.
കേന്ദ്ര സര്‍ക്കാരും ബി ജെ പി/ എന്‍ ഡി എ ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളും സമാനമായ ഉറപ്പ് വിജ്ഞാപനങ്ങള്‍ പുറത്തിറക്കുമെന്ന് വാഗ്ദാനം ആവര്‍ത്തിച്ചതായും അദ്ദേഹം പറഞ്ഞു.
അതിനിടെ, നീറ്റ്- യു ജി പരീക്ഷയിലെ ക്രമക്കേടുകള്‍ ആരോപിച്ച് നടത്തിയ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കേസുകളും മറ്റ് നിയമ നടപടികളും പിന്‍വലിക്കുമെന്ന് അസം സര്‍ക്കാര്‍ തിങ്കളാഴ്ച അറിയിച്ചു.
അധികൃതരെ ഉദ്ധരിച്ച് എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് സംസ്ഥാനത്ത് അഞ്ച് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട് 13 പേരെ അറസ്റ്റ് ചെയ്തിരുന്നു.
ജൂലൈ 26ന് വൈകിട്ട് ആറുമണിക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസുകളുമായി ബന്ധപ്പെട്ട പ്രതിഷേധക്കാര്‍ക്കെതിരെ ഇനി പ്രതികൂലമായ നിയമനടപടികള്‍ സ്വീകരിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
നിലവില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ നിയമാനുസൃതമായി പിന്‍വലിക്കുന്ന നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും അറസ്റ്റിലായവരുടെ കേസുകള്‍ പരിശോധിച്ച് മോചിപ്പിക്കുന്ന നടപടികളും വേഗത്തിലാക്കുമെന്നും അസം സര്‍ക്കാര്‍ അറിയിച്ചു.
പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ജൂലൈ 26ന് വൈകിട്ട് ആറുമണിക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്ത എല്ലാ എഫ്‌ഐആറുകളും ക്രിമിനല്‍ പരാതികളും കാരണം കാണിക്കല്‍ നോട്ടീസുകളും പിന്‍വലിക്കുമെന്ന് ബിഹാര്‍ സര്‍ക്കാരും അറിയിച്ചു.
അന്നത്തെ സമയപരിധിക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അറസ്റ്റിലായവരെയും തടവിലാക്കിയവരെയും ഉടന്‍ മോചിപ്പിക്കുമെന്നും പ്രസ്തുത സമയപരിധിക്ക് മുമ്പ് നടന്ന സംഭവങ്ങളില്‍ നേരിട്ടോ പരോക്ഷമായോ തുടര്‍നടപടികള്‍ സ്വീകരിക്കില്ലെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.
ബിഹാറിനും അസമിനും പിന്നാലെ പ്രതിഷേധക്കാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കില്ലെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായും സി ജെ പി വക്താവ് സൗരവ് ദാസ് അവകാശപ്പെട്ടു.
ബി ജെ പി- എന്‍ ഡി എ ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും സമാനമായ ഉറപ്പുകള്‍ നേടുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെടുന്നില്ലെങ്കില്‍ പ്രതിഷേധം വീണ്ടും ആരംഭിക്കാമെന്ന് സി ജെ പി മുന്നറിയിപ്പ് നല്‍കി.
