അമേരിക്കയുമായി ചര്‍ച്ചകള്‍ നടക്കുന്നതായി ട്രംപിന്റെ വാദം തള്ളി ഇറാന്‍

അമേരിക്കയുമായി ചര്‍ച്ചകള്‍ നടക്കുന്നതായി ട്രംപിന്റെ വാദം തള്ളി ഇറാന്‍


തെഹ്‌റാന്‍: അമേരിക്കയും ഇറാനും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നതായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവന ഇറാന്‍ തള്ളി. നിലവില്‍ വാഷിംഗ്ടണുമായി യാതൊരു ചര്‍ച്ചകളും നടക്കുന്നില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാന്‍ വീണ്ടും ചര്‍ച്ചകള്‍ക്ക് ശ്രമിക്കുന്നുവെന്ന വാദവും മന്ത്രാലയം തള്ളി.

അത്തരം സമീപനം ഇറാന്റെ സ്വഭാവത്തില്‍ ഇല്ലെന്നും മറിച്ച് ചര്‍ച്ചകള്‍ക്ക് അഭ്യര്‍ഥന നടത്തിയത് അമേരിക്കയാണെന്നും ഇറാന്‍ അവകാശപ്പെട്ടതായി ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ തസ്‌നിം റിപ്പോര്‍ട്ട് ചെയ്തു.

ഇറാനും അമേരിക്കയും തമ്മിലുള്ള സമീപകാല സൈനിക സംഘര്‍ഷത്തില്‍ താത്ക്കാലിക ഇടവേള തുടരുന്നതിനിടെയാണ് ഇറാന്റെ പ്രതികരണം. തുടര്‍ച്ചയായ രണ്ടാം ദിവസവും ഇരുപക്ഷവും പുതിയ ആക്രമണങ്ങള്‍ നടത്തിയിട്ടില്ല.

അതേസമയം, ട്രംപ് ഭരണകൂടം നയതന്ത്ര ശ്രമങ്ങള്‍ തുടരുകയാണെന്ന നിലപാടിലാണ്. എന്നാല്‍ സൈനിക നടപടികള്‍ നിര്‍ത്തിവെച്ചതിന് പിന്നാലെ ചര്‍ച്ചകള്‍ ആരംഭിച്ചതായി ട്രംപ് നടത്തിയ പ്രസ്താവനയ്ക്ക് വിരുദ്ധമായ നിലപാടാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചത്.

ഹോര്‍മുസ് കടലിടുക്കിലെ സ്ഥിതിയില്‍ മാറ്റമൊന്നുമില്ലെന്നും തന്ത്രപ്രധാനമായ ഈ ജലപാത എല്ലാ കപ്പല്‍ ഗതാഗതത്തിനുമായി പൂര്‍ണമായും അടച്ച നിലയില്‍ തുടരുകയാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സംഘര്‍ഷത്തിന് ഉണ്ടായിരിക്കുന്ന ഇടവേള നയതന്ത്രപരമായ പരിഹാരത്തിനുള്ള സാധ്യതകള്‍ വര്‍ധിപ്പിച്ചതായും ആഗോള എണ്ണവിലയില്‍ വലിയ ഇടിവിന് കാരണമായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നയതന്ത്ര ശ്രമങ്ങള്‍ക്ക് ട്രംപ് അവസരം നല്‍കുകയാണെന്നും അതേസമയം സൈനിക സാധ്യതകള്‍ നിലനിര്‍ത്തുന്നുണ്ടെന്നും ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ അംബാസഡര്‍ മൈക്ക് വാള്‍ട്‌സ് വ്യക്തമാക്കി.

ചര്‍ച്ചകള്‍ക്ക് കുറച്ച് സമയം പ്രസിഡന്റ് നുവദിക്കുകയാണെന്നും സൈനികമായി തങ്ങള്‍ സജ്ജരാണെന്നും ചര്‍ച്ചകള്‍ക്ക് മുന്നോട്ട് പോകാന്‍ അദ്ദേഹം അവസരം നല്‍കുമെന്നും ഫോക്‌സ് ന്യൂസിനോട് വാള്‍ട്‌സ് പറഞ്ഞു.

അതേസമയം, ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, നിലവില്‍ സൈനിക നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. വെടിനിര്‍ത്തല്‍ കാലയളവില്‍ പുതിയ ആകമണങ്ങളൊന്നും ഉണ്ടായതായി മേഖലാ സഖ്യരാജ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.