ബിഷപ്പ് ഹൗസ് ഭൂമിയില്‍ ക്ഷേത്രാവശിഷ്ടങ്ങള്‍; സമാധാന പരിഹാരത്തിന് ശ്രമിച്ച് കേരള മാതൃക

ബിഷപ്പ് ഹൗസ് ഭൂമിയില്‍ ക്ഷേത്രാവശിഷ്ടങ്ങള്‍; സമാധാന പരിഹാരത്തിന് ശ്രമിച്ച് കേരള മാതൃക


കോട്ടയം: ഹിന്ദു ക്ഷേത്രാവശിഷ്ടങ്ങള്‍ മുസ്ലിം പള്ളികളില്‍ നിന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഘര്‍ഷം നടക്കുമ്പോള്‍ കേരളത്തില്‍ ബിഷപ്പ് ഹൗസിന്റെ ഭൂമിയില്‍ വിഗ്രഹങ്ങള്‍ കണ്ടെത്തിയത് സൃഷ്ടിച്ചത് വ്യത്യസ്ത പ്രതികരണം. സിറോ മലബാര്‍ പാലാ ബിഷപ്പ് ഹൗസിന് കീഴിലുള്ള ഭൂമിയിലാണ് ക്ഷേത്രാവശിഷ്ടങ്ങളും വിഗ്രഹങ്ങളും ഒരാഴ്ച മുമ്പ് കണ്ടെത്തിയത്.  സമാധാനപരവും സമുദായ സൗഹാര്‍ദ്ദപരവുമായ പ്രതികരണങ്ങളാണ് പൊതുവെ ഉണ്ടായത്. 

കോടതിയുടെയും സര്‍ക്കാരിന്റെയും ഇടപെടലില്ലാതെ പരസ്പര ധാരണയിലൂടെ പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗ്ഗങ്ങളാണ് ഇരുവിഭാഗങ്ങളും തേടുന്നത്.

കപ്പ കൃഷി നടത്താന്‍ ഭൂമി ഒരുക്കുന്നതിനിടയിലാണ് ക്ഷേത്രാവശിഷ്ടങ്ങളും ശിവലിംഗവും പാര്‍വ്വതി ദേവിയുടെ വിഗ്രഹവും ഭൂമിക്കടിയില്‍ നിന്നും ലഭിച്ചത്. ജെസിബി ഉപയോഗിച്ച് മണ്ണ് കുഴിക്കുന്നതിനിടെയായിരുന്നു കല്ലുകള്‍ ലഭിച്ചത്. 

വിവരം അറിഞ്ഞെത്തിയവരില്‍ ചിലര്‍ വിഗ്രഹത്തിന് മുമ്പില്‍ പൂജകള്‍ ആരംഭിച്ചിരുന്നു. 

വെള്ളപ്പാട് ഭഗവതി ക്ഷേത്രത്തിന് ഏതാണ്ട് 700 മീറ്റര്‍ അകലെയാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഈ സ്ഥലത്ത് ഒരുകാലത്ത് ക്ഷേത്രവും ബ്രാഹ്മണ കുടുംബത്തിന്റെ വീടും ഉണ്ടായിരുന്നുവെന്നതാണ് പ്രദേശവാസികളുടെ നിഗമനം. കാലക്രമേണ അവ നശിച്ചു പോയതായും ഭൂമി പാലാ ബിഷപ്പ് ഹൗസിന് കൈമാറിക്കിട്ടുകയും ചെയ്തു. വിഗ്രഹങ്ങള്‍ കണ്ടെത്തിയതോടെ വെള്ളപ്പാട് ക്ഷേത്ര ഭരണസമിതി അംഗങ്ങള്‍ ബിഷപ്പ് ഹൗസുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തുകയായിരുന്നു. 

ഹിന്ദു സമൂഹത്തിലെ പ്രതിനിധികള്‍ ബിഷപ്പ് ഹൗസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മതപരമായ രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കുറച്ച് സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും ബിഷപ്പ് ഹൗസിലെ ചാന്‍സലര്‍ ഫാ. ജോസഫ് കുട്ടിയന്‍കല്‍ പറഞ്ഞു. 

വെള്ളപ്പാട് ക്ഷേത്രഭരണസമിതിയും വിഷയത്തില്‍ പണ്ഡിതരുമായി കൂടിയാലോചിച്ച് തീര്‍പ്പ് കല്‍പ്പിക്കുമെന്ന് അറിയിച്ചു.

ദേവപ്രശ്‌നം നടത്തുന്നതിനുള്ള സാധ്യത പരിഗണിക്കുന്നതായും ബിഷപ്പ് ഹൗസ് അധികൃതരുമായി കൂടിയാലോചിച്ച് യുക്തിസഹമായ രീതിയില്‍ തീരുമാനമെടുക്കുമെന്നും ക്ഷേത്ര ഉപദേശക സമിതി അംഗം വിനോദ് പുന്നമറ്റത്തില്‍ പറഞ്ഞു. 

അതേസമയം മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമം നടത്തുന്ന മാധ്യമ പ്രചരണത്തിനെതിരെ ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലൈന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (കാസ) പാലാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.