സൈനിക നീക്കത്തിലൂടെ ഹോര്‍മുസ് കടലിടുക്ക് തുറക്കുമെന്ന് ട്രംപ്

സൈനിക നീക്കത്തിലൂടെ ഹോര്‍മുസ് കടലിടുക്ക് തുറക്കുമെന്ന് ട്രംപ്


വാഷിംഗ്ടണ്‍: ഹോര്‍മുസ് കടലിടുക്ക് സൈനിക നീക്കത്തിലൂടെ തുറക്കുമെന്ന് യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിന് യു കെ ഉള്‍പ്പെടെയുള്ള സഖ്യരാജ്യങ്ങളുടെ സൈനിക സഹായം ട്രംപ് അഭ്യര്‍ഥിച്ചു. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം സൈനിക നടപടിയിലൂടെ പിടിച്ചെടുക്കുമെന്നും, ആഗോള വിപണിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സഖ്യകക്ഷികള്‍ ഒപ്പം നില്‍ക്കണമെന്നുമാണ് ട്രംപിന്റെ ആഹ്വാനം. ഹോര്‍മൂസ് പിടിച്ചെടുക്കാന്‍ ചൈനയടക്കമുള്ള രാജ്യങ്ങളോടും യുദ്ധകപ്പലുകള്‍ അയക്കാന്‍ ട്രംപ് ആഹ്വാനം ചെയ്തിട്ടുണ്ട്. 

ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങള്‍ അമേരിക്ക ആക്രമിച്ചു. വീഡിയോ അടക്കം പുറത്തുവിട്ടുകൊണ്ടാണ് അമേരിക്ക ഇക്കാര്യം വ്യക്തമാക്കിയത്. ഊര്‍ജ്ജ സംവിധാനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായാല്‍ മേഖലയിലാകെ ഇരുട്ടായിരിക്കും ഫലമെന്ന ഇറാന്റെ മുന്നറിയിപ്പ് വകവെക്കാതെയാണ് ഖാര്‍ഗ് ദ്വീപിലെ ഇറാന്റെ പ്രധാന എണ്ണ ഉത്പാദന കയറ്റുമതി കേന്ദ്രം അമേരിക്ക ആക്രമിച്ചത്. ഇവിടെ നിന്നാണ് ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും നടത്തുന്നത്. എന്നാല്‍ ദ്വീപിലെ സൈനികതാവളം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആദ്യ റൗണ്ട് ആക്രമണത്തില്‍ തന്നെ വ്യോമപ്രതിരോധം സജ്ജമായതായും ചെറുത്തതായും ഇറാന്‍ അവകാശപ്പെട്ടു. പിന്നാലെ ആക്രമണ വീഡിയോ ഡൊണള്‍ഡ് ട്രംപ് പുറത്തുവിട്ടു. ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍സഞ്ചാരം തടഞ്ഞാല്‍ ഇവിടുത്തെ എണ്ണ ഉത്പാദന കേന്ദ്രങ്ങളളും ആക്രമിക്കുമെന്നാണ് ഭീഷണി. 

മിഡില്‍ ഈസ്റ്റിലേക്ക് യു എസ് എസ് ട്രിപ്പോളി ഉള്‍പ്പെടെ 3 വന്‍ പടക്കപ്പലുകളും 2200 നാവികരും കൂടി പുറപ്പെട്ടിട്ടുണ്ട്. ഇറാന്റെ തിരിച്ചടിയും തുടരുകയാണ്. ബാഗ്ദാദിലെ യു എസ് എംബസിക്ക് നേരെ ഇറാന്‍ ആക്രമണം നടത്തി.