നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം നേടാൻ കഴിയാതെ എൽഡിഎഫ് നേരിട്ട കനത്ത പരാജയം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് ഇടയാക്കിയിരിക്കുന്നതിനൊപ്പം അപ്രതീക്ഷിതമായ തിരിച്ചടിക്കു പിന്നിലെ കാരണം തേടുകയാണ് ഇടതുകേന്ദ്രങ്ങളും രാഷ്ട്രീയ നിരീക്ഷകരും.
തുടർച്ചയായ ഭരണാനുഭവവും വിവിധ ക്ഷേമപദ്ധതികളും വികസന മാതൃകകളും ഉണ്ടായിരുന്നിട്ടും, സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ രൂപപ്പെട്ട അസംതൃപ്തിയാണ് ഈ തിരിച്ചടിക്ക് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.
എൽഡിഎഫ് സർക്കാരിന്റെ ഭരണകാലത്ത് അടിസ്ഥാന വിഭാഗങ്ങളെ ലക്ഷ്യമിട്ട നിരവധി ക്ഷേമപദ്ധതികൾ നടപ്പാക്കിയിരുന്നു. കുറഞ്ഞ നിരക്കിൽ റേഷൻ, വയോജനങ്ങൾക്ക് പെൻഷൻ, സാമൂഹ്യസുരക്ഷാ പദ്ധതികൾ തുടങ്ങിയവ താഴെത്തട്ടിലുള്ള ജനങ്ങൾക്ക് ആശ്വാസമായി. എന്നാൽ, മധ്യവർഗത്തെ ലക്ഷ്യമിട്ട് കാര്യമായ ഇടപെടലുകൾ ഉണ്ടായില്ലെന്ന വിമർശനം ശക്തമായിരുന്നു. ജീവിതച്ചെലവ് ഉയർന്ന സാഹചര്യത്തിൽ നികുതി ഭാരം കൂടുകയും, വിദ്യാഭ്യാസവും ആരോഗ്യച്ചെലവും വർധിക്കുകയും ചെയ്‌തോടെ മധ്യവർഗത്തിൽ അസംതൃപ്തി വ്യാപിച്ചു.
സർക്കാർ ജീവനക്കാരും ഭരണത്തോട് അകന്നു. ശമ്പളവും കാലാനുസൃതമായ ആനുകൂല്യ പരിഷ്‌കരണ വിഷയങ്ങളിലെ അനിശ്ചിതത്വവും ലഭിക്കേണ്ട ആനുകൂല്യങ്ങൾക്ക് കാലതാമസം വരുത്തിയതും ഇവരെ നിരാശരാക്കി. അഞ്ച് ലക്ഷത്തിലധികം വരുന്ന ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും പ്രകടിപ്പിച്ച അസംതൃപ്തി
പ്രതികൂല വോട്ടായി മാറിയെന്ന് ഈ ഫലം തെളിയിക്കുന്നു. ആശ വർക്കർമാർ വേതന വർധനയും സേവന നിബന്ധനകളിലെ പരിഷ്‌കരണവും ആവശ്യപ്പെട്ട് നടത്തിയ ദീർഘകാല സമരങ്ങളോട് സർക്കാർ പുലർത്തിയ അവഗണന പൊതു സമൂഹത്തിൽ നിന്ന് ഏറെ വിമർശനങ്ങൾക്കും എതിർപ്പിനും വഴിവെച്ചിരുന്നു.
തൊഴിൽ രഹിതരായ യുവജനങ്ങളിൽ രൂപപ്പെട്ട നിരാശയും അസ്വസ്ഥതകളും തെരഞ്ഞെടുപ്പിൽ നിർണായകമായി. പി.എസ്.സി റാങ്ക് ജേതാക്കൾ നിയമനങ്ങൾ വൈകുന്നതിനെതിരെയും പിൻവാതിൽ നിയമനങ്ങൾ ശക്തിപ്പെടുന്നതിനുമെതിരെ അവർ നടത്തിയ പ്രതിഷേധങ്ങൾ വോട്ടർമാരെ സ്വാധീക്കുന്നതായിരുന്നു. തൊഴിലവസരങ്ങളുടെ കുറവും നിയമനത്തിലെ വൈകല്യവും ചേർന്നപ്പോൾ, വലിയൊരു യുവജനവിഭാഗം ഭരണത്തോട് പ്രകടിപ്പിച്ച വിരോധത്തിന്റെ പ്രതിഫലനം വോട്ടെടുപ്പിൽ വ്യക്തമായി.
രാഷ്ട്രീയമായി ശ്രദ്ധേയമായത്, പ്രതിപക്ഷ അനുകൂല വോട്ടർമാരോടൊപ്പം തന്നെ ഇടത് അനുഭാവികളും സർക്കാരിനെതിരെ നിലപാട് എടുത്തതാണ്. ഭരണത്തിന്റെ തുടർച്ചയെക്കാൾ മാറ്റം വേണമെന്ന ആഗ്രഹം സമൂഹത്തിന്റെ വിവിധ തലങ്ങളിൽ രൂപപ്പെട്ടതായി തിരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നു.
മുന്നണിയിലെ പ്രധാന കക്ഷിയായ സിപിഎം നേരിട്ട ആഭ്യന്തര പ്രശ്‌നങ്ങളും തിരിച്ചടിക്ക് കാരണമായി. പാർട്ടിക്കുള്ളിൽ അഭിപ്രായഭിന്നതകൾ ശക്തമായതും ചില നേതാക്കളുടെ ഏകാധിപത്യ ശൈലി വിമർശനങ്ങൾക്ക് ഇടയാക്കിയതുമാണ്. താഴെത്തട്ടിലെ പ്രവർത്തകരുടെ ശബ്ദം അവഗണിക്കപ്പെടുന്നുവെന്ന പരാതി വ്യാപകമായി ഉയർന്നു.
ഇതിന് തെളിവായി, വിമതരായി മത്സരിച്ച സിപിഎം നേതാക്കൾക്ക് ലഭിച്ച വിജയവും ശ്രദ്ധേയമായി. പാർട്ടിക്കെതിരെ നിലപാട് എടുത്തവർക്കും ജനപിന്തുണ ലഭിച്ചതോടെ പാർട്ടിക്കുള്ളിലെ അസ്വസ്ഥതകൾ എത്ത്രോളം ആഴത്തിൽ എത്തിയിരുന്നുവെന്ന് വ്യക്തമാകുന്നു.
ഭരണനടപടികളിലെ ചില വിവാദങ്ങളും സാമ്പത്തിക മാനേജ്‌മെന്റുമായി ബന്ധപ്പെട്ട വിമർശനങ്ങളും എൽഡിഎഫിന് തിരിച്ചടിയായി. വികസന പദ്ധതികളിൽ ഉണ്ടായ താമസവും സാമ്പത്തിക പ്രതിസന്ധിയും പ്രതിപക്ഷം ശക്തമായി പ്രചാരണവിഷയമാക്കി. ഇതിന് ഫലപ്രദമായ മറുപടി നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന വിലയിരുത്തലും നിലനിൽക്കുന്നു.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളും വിവാദങ്ങളും മുന്നണിയുടെ വിജയ സാധ്യതയെ ഇല്ലാതാക്കി എന്ന വാദം സിപിഐ ശക്തമായി ഉന്നയിക്കുന്നുണ്ട്. ഇന്ന് ചേരുന്ന ഇടതുമുന്നണി യോഗത്തിലും ഇക്കാര്യം സിപിഐ ഉന്നയിക്കും.
ആകെ ചേർത്തുനോക്കുമ്പോൾ, ക്ഷേമപദ്ധതികൾ ഉണ്ടായിട്ടും മധ്യവർഗത്തെ അവഗണിച്ചതും, സർക്കാർ ജീവനക്കാരുടെയും യുവജനങ്ങളുടെയും എതിർപ്പും, പാർട്ടിയുടെ ആഭ്യന്തര പ്രശ്‌നങ്ങളും വിമതർക്ക് ലഭിച്ച പൊതു സ്വീകാര്യതയും ചേർന്നാണ് എൽഡിഎഫിന്റെ പരാജയത്തിന് വഴിയൊരുക്കിയത്.
ഈ ഫലം ഒരു സാധാരണ തിരഞ്ഞെടുപ്പ് തോൽവിയെന്നതിലുപരി, സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും സംഘടനാ ഘടനയിൽ സമഗ്രമായ മാറ്റങ്ങൾ അനിവാര്യമാണെന്ന മുന്നറിയിപ്പായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
തിരിച്ചടിക്കു പിന്നിൽ സാമൂഹിക അസന്തുലിതാവസ്ഥയും സംഘടനാപ്രശ്‌നങ്ങളും
