രണ്ട് ഗോളിന് പിന്നിൽ നിന്ന് അത്ഭുത തിരിച്ചുവരവ്; മെസ്സിയുടെ മിന്നലിൽ അർജന്റീന ക്വാർട്ടറിൽ

രണ്ട് ഗോളിന് പിന്നിൽ നിന്ന് അത്ഭുത തിരിച്ചുവരവ്; മെസ്സിയുടെ മിന്നലിൽ അർജന്റീന ക്വാർട്ടറിൽ



അറ്റ്‌ലാന്റ:  രണ്ട് ഗോളിന് പിന്നിലായ ശേഷം അവസാന നിമിഷങ്ങളിൽ നടത്തിയ ആവേശകരമായ തിരിച്ചുവരവിലൂടെ നിലവിലെ ചാമ്പ്യൻമാരായ അർജന്റീന ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ഈജിപ്തിനെ 3-2ന് കീഴടക്കിയ മത്സരത്തിൽ ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീന അവസാന മിനിറ്റുകളിൽ കളിയുടെ ഗതി പൂർണമായും മാറ്റുകയായിരുന്നു.

15ാം മിനിറ്റിൽ യാസ്സർ ഇബ്രാഹിമിന്റെ ഹെഡറിലൂടെ ഈജിപ്താണ് ആദ്യം ലീഡ് നേടിയത്. പിന്നാലെ 21ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി മെസ്സിക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല. ഗോളി മുസ്തഫ ഷൊബെയ്ർ മികച്ച സേവിലൂടെ അർജന്റീനയെ നിരാശപ്പെടുത്തി. ആദ്യ പകുതിയിൽ മെസ്സിയുടെ ഫ്രീകിക്ക് പോസ്റ്റിൽ തട്ടിമടങ്ങുകയും അലിസ്റ്ററിന്റെയും ഹൂലിയൻ ആൽവരസിന്റെയും മികച്ച ശ്രമങ്ങളും ഷൊബെയ്ർ തടയുകയും ചെയ്തു.

രണ്ടാം പകുതിയിൽ പ്രതിരോധത്തിൽ ഉറച്ചുനിന്ന ഈജിപ്ത് 67ാം മിനിറ്റിൽ മുസ്തഫ സക്കോയിലൂടെ രണ്ടാം ഗോൾ നേടി അർജന്റീനയെ സമ്മർദത്തിലാക്കി.

എന്നാൽ അതിന് പിന്നാലെ അർജന്റീന ആക്രമണം കടുപ്പിച്ചു. 79ാം മിനിറ്റിൽ മെസ്സിയുടെ കൃത്യമായ ക്രോസിൽ നിന്ന് ക്രിസ്റ്റ്യൻ റൊമേറോ ഹെഡറിലൂടെ ആദ്യ ഗോൾ നേടി. നാല് മിനിറ്റിനുശേഷം മെസ്സി തന്നെ മനോഹരമായ ഷോട്ടിലൂടെ സമനില ഗോൾ നേടി. ടൂർണമെന്റിലെ അദ്ദേഹത്തിന്റെ എട്ടാം ഗോളായിരുന്നു ഇത്. ഇതോടെ തുടർച്ചയായ ഒമ്പതാം ലോകകപ്പ് മത്സരത്തിലും മെസ്സി ഗോൾ നേടുന്ന അപൂർവ നേട്ടവും സ്വന്തമാക്കി.

ഇൻജുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനെസിന്റെ ക്രോസിൽ നിന്ന് എൻസോ ഫെർണാണ്ടസ് ഹെഡറിലൂടെ വിജയഗോൾ നേടിയതോടെ സ്റ്റേഡിയം ആഘോഷത്തിലായി.

തോൽവി ഉറപ്പിച്ചെന്നു തോന്നിച്ച മത്സരത്തിൽ അസാധാരണമായ പോരാട്ടവീര്യം കാട്ടിയാണ് അർജന്റീന അവസാന എട്ടിലേക്ക് മുന്നേറിയത്. മെസ്സിയുടെ നേതൃത്വവും അവസാന നിമിഷങ്ങളിലെ ആക്രമണ മികവും ടീമിന് നിർണായക വിജയമൊരുക്കി.