രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ജൂലൈ 17ന് സർവീസിൽ; ഹരിത ഗതാഗതത്തിന് പുതിയ നാഴികക്കല്ല്

രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ജൂലൈ 17ന് സർവീസിൽ; ഹരിത ഗതാഗതത്തിന് പുതിയ നാഴികക്കല്ല്


ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ജൂലൈ 17ന് സർവീസ് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്‌ളാഗ് ഓഫ് ചെയ്യുന്ന ട്രെയിൻ ഹരിയാനയിലെ ജിന്ദ്-സോനിപത് റൂട്ടിലായിരിക്കും സർവീസ് നടത്തുക. ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഈ ട്രെയിനിൽ നിന്ന് പുകയും കാർബൺ പുറന്തള്ളലും ഉണ്ടാകില്ല. നീരാവിയും ചൂടും മാത്രമാണ് ഉപോൽപ്പന്നങ്ങളായി പുറത്തുവരുന്നത്.

'ഗ്രീൻ ട്രാൻസ്‌പോർട്ട് മിഷൻ', 'മേക്ക് ഇൻ ഇന്ത്യ' പദ്ധതികൾക്ക് കരുത്തേകുന്നതാണ് പുതിയ സംരംഭമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. 90 കിലോമീറ്റർ ദൂരമുള്ള ജിന്ദ്-സോനിപത് യാത്ര ഏകദേശം ഒരു മണിക്കൂറിനുള്ളിൽ പൂർത്തിയാക്കാനാകും. നിലവിലെ ഡീസൽ മൾട്ടിപ്പിൾ യൂണിറ്റ് (DMU) ട്രെയിനുകൾക്ക് ഇതേ ദൂരം പിന്നിടാൻ ഏകദേശം രണ്ട് മണിക്കൂർ വേണ്ടിവരുന്നുണ്ട്.

സാധാരണ യാത്രക്കാർക്കും പ്രയോജനപ്പെടുന്ന തരത്തിൽ ടിക്കറ്റ് നിരക്ക് അഞ്ച് രൂപ മുതൽ 25 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഒരേസമയം ഏകദേശം 2,500 യാത്രക്കാരെ ഉൾക്കൊള്ളാൻ ട്രെയിനിന് ശേഷിയുണ്ട്.

1,200 കിലോവാട്ട് ശേഷിയുള്ള ഹൈഡ്രജൻ ഫ്യൂവൽ സെൽ പ്രൊപ്പൽഷൻ സംവിധാനമാണ് ട്രെയിനിൽ ഉപയോഗിച്ചിരിക്കുന്നത്. ഹൈഡ്രജനും ഓക്‌സിജനും തമ്മിലുള്ള രാസപ്രവർത്തനത്തിലൂടെയാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. ഒരുതവണ ഹൈഡ്രജൻ നിറച്ചാൽ ഏകദേശം 250 കിലോമീറ്റർ വരെ ട്രെയിൻ സഞ്ചരിക്കാനാകും.

സുരക്ഷയ്ക്ക് പ്രത്യേക പ്രാധാന്യം നൽകിയിട്ടുള്ള ട്രെയിനിൽ 27 ഹൈഡ്രജൻ സിലിണ്ടറുകൾ, ഹൈഡ്രജൻ ചോർച്ച കണ്ടെത്തുന്ന സെൻസറുകൾ, അഗ്‌നിബാധ കണ്ടെത്തുന്ന സംവിധാനങ്ങൾ, ആധുനിക നിയന്ത്രണ സംവിധാനങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഇവയുടെ സുരക്ഷാ പരിശോധനകൾ പതിവായി നടത്തും.

ലഖ്‌നൗവിലെ റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്‌സ് ഓർഗനൈസേഷൻ (RDSO) രൂപകൽപന ചെയ്ത ട്രെയിൻ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് (ICF) നിർമിച്ചത്. ഏകദേശം 89 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.

പരീക്ഷണ സർവീസ് വിജയകരമായാൽ രാജ്യത്തെ മറ്റ് റൂട്ടുകളിലേക്കും ഹൈഡ്രജൻ ട്രെയിനുകൾ വ്യാപിപ്പിക്കാനാണ് റെയിൽവേയുടെ പദ്ധതി. ഡീസൽ ഉപയോഗം കുറയ്ക്കാനും ഇന്ധനച്ചെലവ് നിയന്ത്രിക്കാനും പരിസ്ഥിതി സംരക്ഷണത്തിനും ഇത് വലിയ സഹായമാകുമെന്നാണ് പ്രതീക്ഷ.