ഹോർമുസ് കടലിടുക്കിൽ മൂന്ന് ടാങ്കറുകൾക്ക് നേരെ ആക്രമണം; നിയമപരമായി ഉത്തരവാദി ഇറാനെന്ന് ഖത്തർ

ഹോർമുസ് കടലിടുക്കിൽ മൂന്ന് ടാങ്കറുകൾക്ക് നേരെ ആക്രമണം; നിയമപരമായി ഉത്തരവാദി ഇറാനെന്ന് ഖത്തർ


ദോഹ: ഹോർമുസ് കടലിടുക്കിൽ ഖത്തറിന്റെ എൽ.എൻ.ജി. കപ്പൽ ഉൾപ്പെടെ മൂന്ന് എണ്ണ-വാതക ടാങ്കറുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഇറാനെതിരെ രൂക്ഷ വിമർശനവുമായി ഖത്തർ. സംഭവത്തിന് ഇറാൻ പൂർണ നിയമപരമായ ഉത്തരവാദിത്തം വഹിക്കേണ്ടിവരുമെന്ന് ഖത്തർ മുന്നറിയിപ്പ് നൽകി.

ഒമാൻ തീരത്തോട് ചേർന്നുള്ള ഹോർമുസ് കടലിടുക്കിലൂടെയായിരുന്നു മണിക്കൂറുകൾക്കിടെ മൂന്ന് ടാങ്കറുകൾ ആക്രമിക്കപ്പെട്ടത്. ഖത്തറിന്റെ എൽ.എൻ.ജി. കപ്പലായ അൽ റകയ്യാത്ത് (Al Rekayyat) തെക്കോട്ട് ഗൾഫ് ഓഫ് ഒമാനിലേക്ക് സഞ്ചരിക്കുമ്പോഴാണ് ഡ്രോൺ ആക്രമണത്തിന് ഇരയായത്. കപ്പലിന്റെ എൻജിൻ റൂമിന് സമീപം ഡ്രോൺ പതിച്ചതായി ജീവനക്കാർ അടിയന്തര സന്ദേശത്തിലൂടെ അറിയിച്ചതായി ബ്രിട്ടന്റെ യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) കേന്ദ്രം അറിയിച്ചു.

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ഖത്തറിന്റെ കപ്പലിന് നേരെ നടക്കുന്ന ആദ്യ ആക്രമണമാണിത്. അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകളിൽ മധ്യസ്ഥനായി പ്രവർത്തിച്ചുവരുന്ന ഖത്തർ, ആക്രമണത്തെ അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതര ലംഘനമാണെന്ന് വിശേഷിപ്പിച്ചു. ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്തം ഇറാനാണെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി പറഞ്ഞു.

അതേസമയം, പുതിയ കപ്പൽപാത തുറക്കാനുള്ള അമേരിക്കയുടെ ശ്രമമാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് ഇറാൻ ആരോപിച്ചു. അമേരിക്കയുമായുള്ള ധാരണാപത്രം ലംഘിച്ചാണ് ഹോർമുസ് കടലിടുക്കിലൂടെ പുതിയ സമുദ്രമാർഗം തുറക്കാൻ ശ്രമിക്കുന്നതെന്നാണ് ഇറാന്റെ വാദം.

ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയും നിയന്ത്രണവും ഇറാനും ഒമാനും ചേർന്നാണ് നിർവഹിക്കുന്നതെന്നും കപ്പലുകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനുള്ള സേവനത്തിന് ഫീസ് ഈടാക്കാൻ ഇറാന് അവകാശമുണ്ടെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സുരക്ഷ ഒരുക്കുന്നത് ചെലവേറിയ ദൗത്യമാണെന്നും അതിന്റെ ചെലവ് ഇനി കപ്പലുകളിൽ നിന്ന് ഈടാക്കുമെന്നും മന്ത്രാലയ വക്താവ് പറഞ്ഞു.

ഫ്രാൻസും ബ്രിട്ടനും ഹോർമുസ് കടലിടുക്കിലെ തെക്കൻ സമുദ്രമാർഗം സുരക്ഷിതമാക്കാൻ സഹായം വാഗ്ദാനം ചെയ്‌തെങ്കിലും അത് ഇറാൻ തള്ളി. കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കാൻ വിദേശസഹായം ആവശ്യമില്ലെന്നും അതിന് ഇറാൻ തന്നെ മതിയെന്നും അധികൃതർ വ്യക്തമാക്കി.

ലോക എണ്ണവ്യാപാരത്തിന്റെ സുപ്രധാന പാതയായ ഹോർമുസ് കടലിടുക്കിൽ സംഘർഷം ശക്തമാകുന്നത് അന്താരാഷ്ട്ര ചരക്കുകടത്തിനും ഊർജവിപണിക്കും പുതിയ ആശങ്കകൾ ഉയർത്തിയിരിക്കുകയാണ്.