നിർണായക ധാതു ഉൽപാദനത്തിന് വൻപദ്ധതി; ടെക് റിസോഴ്‌സസിൽ 400 ദശലക്ഷം കനേഡിയൻ ഡോളർ നിക്ഷേപിക്കാനൊരുങ്ങി കാനഡ സർക്കാർ

നിർണായക ധാതു ഉൽപാദനത്തിന് വൻപദ്ധതി; ടെക് റിസോഴ്‌സസിൽ 400 ദശലക്ഷം കനേഡിയൻ ഡോളർ നിക്ഷേപിക്കാനൊരുങ്ങി കാനഡ സർക്കാർ


ടൊറന്റോ: പ്രതിരോധം, സെമികണ്ടക്ടർ, ഹൈടെക് വ്യവസായങ്ങൾ എന്നിവയ്ക്ക് അനിവാര്യമായ നിർണായക ധാതുക്കളുടെ (Critical Minerals) ആഭ്യന്തര ഉൽപാദനം ശക്തിപ്പെടുത്താൻ ടെക് റിസോഴ്‌സസിൽ (Teck Resources) 400 ദശലക്ഷം കനേഡിയൻ ഡോളർ (ഏകദേശം 282 ദശലക്ഷം യുഎസ് ഡോളർ) വരെ ഓഹരി നിക്ഷേപം നടത്താൻ കാനഡ സർക്കാർ ധാരണയിലെത്തി.

ബ്രിട്ടീഷ് കൊളംബിയയിലെ ടെക്കിന്റെ ട്രെയിൽ ഓപ്പറേഷൻസ് കേന്ദ്രത്തിന്റെ വികസനത്തിനാണ് സർക്കാർ പിന്തുണ നൽകുന്നത്. ഇതിലൂടെ ജർമേനിയം, ആന്റിമണി, ഗാലിയം തുടങ്ങിയ തന്ത്രപ്രധാന ധാതുക്കളുടെ ഉൽപാദനം വർധിപ്പിക്കാനാണ് ലക്ഷ്യം. പ്രതിരോധ മേഖലയിലെ ഇൻഫ്രാറെഡ് ഒപ്റ്റിക്‌സ്, റഡാർ സംവിധാനങ്ങൾ, സെമികണ്ടക്ടർ നിർമ്മാണം എന്നിവയിൽ ഈ ധാതുക്കൾക്ക് വലിയ പ്രാധാന്യമുണ്ട്.

സർക്കാരുമായി ഒപ്പുവെച്ച ധാരണാപത്രത്തിന്റെ ഭാഗമായി, ഭാവിയിൽ ടെക് ഉൽപാദിപ്പിക്കുന്ന ഈ ധാതുക്കൾ മുൻകൂട്ടി നിശ്ചയിച്ച വ്യവസ്ഥകളിൽ വാങ്ങാനുള്ള അവകാശവും കാനഡ സർക്കാരിന് ലഭിക്കും. ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിലും കമ്പനികൾക്ക് ദീർഘകാല നിക്ഷേപത്തിന് ആത്മവിശ്വാസം നൽകുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കാനഡയുടെ പ്രകൃതിവിഭവ മന്ത്രി ടിം ഹോഡ്ജ്‌സൺ വ്യക്തമാക്കി.

ഈ സർക്കാർ നിക്ഷേപത്തിന് പുറമെ, ട്രെയിൽ ഓപ്പറേഷൻസ് വികസിപ്പിക്കുന്നതിനായി 850 ദശലക്ഷം കനേഡിയൻ ഡോളർ വരെ സ്വന്തം നിലയിൽ നിക്ഷേപിക്കാനാണ് ടെക് റിസോഴ്‌സസിന്റെ പദ്ധതി.

അപൂർവ ഭൂധാതുക്കളുടെ ആഗോള വിതരണത്തിൽ ചൈനയുടെ ആധിപത്യം കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കാനഡയും മറ്റ് ജി7 രാജ്യങ്ങളും നിർണായക ധാതുക്കളുടെ ശേഖരണവും ആഭ്യന്തര ഉൽപാദനവും വർധിപ്പിക്കുന്നത്. നിലവിൽ ഇത്തരം ധാതുക്കളുടെ ആഗോള വിതരണത്തിന്റെ 90 ശതമാനത്തിലേറെയും ചൈനയുടെ നിയന്ത്രണത്തിലാണ്. കഴിഞ്ഞ വർഷം അമേരിക്കയുടെ തീരുവ നടപടികൾക്ക് തിരിച്ചടിയായി ചൈന ഈ ധാതുക്കളുടെ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

കഴിഞ്ഞ വർഷം ആംഗ്ലോ അമേരിക്കനുമായി ലയനം പ്രഖ്യാപിച്ച ടെക് റിസോഴ്‌സസ്, വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ജർമേനിയം ഉൽപാദക കമ്പനിയാണ്.