ഏഷ്യാ കപ്പ് ഇന്ത്യയ്ക്ക്

ഏഷ്യാ കപ്പ് ഇന്ത്യയ്ക്ക്


ദുബായ്: പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ഏഷ്യ കപ്പില്‍ ഇന്ത്യ മുത്തമിട്ടു. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 19.1 ഓവറില്‍ 146 റണ്‍സിനു പുറത്തായപ്പോള്‍ ഇന്ത്യ രണ്ടു പന്തും അഞ്ച് വിക്കറ്റും ശേഷിക്കെ ലക്ഷ്യംനേടുകയായിരുന്നു. 

ടൂര്‍ണമെന്റില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയ ആദ്യ രണ്ടു മത്സരങ്ങളും ഇന്ത്യ അനായാസമാണ് ജയിച്ചു കയറിയതെങ്കിലും ഫൈനല്‍ കടുത്ത പോരാട്ടമായിരുന്നു. 

ടൂര്‍ണമെന്റില്‍ ഇതുവരെ ശോഭിച്ച ബാറ്റിങ് നിര നിര്‍ണായക മത്സരത്തില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ തിലക് വര്‍മയാണ് ഇന്ത്യയെ ഒറ്റയ്ക്ക് ചുമലിലേറ്റിയത്. 53 പന്തില്‍ 69 റണ്‍സെടുത്ത തിലക് വര്‍മ തന്നെ കളിയിലെ താരം.

20 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ തിലകും സഞ്ജു സാംസണും (24) ഒരുമിച്ച നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ബാറ്റിങ് തകര്‍ച്ചയില്‍ നിന്നു കരകയറ്റിയത്. സഞ്ജു പുറത്തായ ശേഷം ശിവം ദുബെയെ (22 പന്തില്‍ 33) കൂട്ടുപിടിച്ച് തിലക് ടീം സ്‌കോര്‍ 137 റണ്‍സ് വരെയെത്തിച്ചു.

അവസാന ഓവറില്‍ ജയിക്കാന്‍ 10 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ ഹാരിസ് റൗഫിന്റെ രണ്ടാമത്തെ പന്ത് സിക്‌സറടിച്ച തിലക് ഇന്ത്യയെ ജയത്തിനു തൊട്ടടുത്തെത്തിച്ചു. നാലാമത്തെ പന്ത് ബൗണ്ടറി കടത്തിയ റിങ്കു സിങ് വിജയം പൂര്‍ത്തിയാക്കുകയും ചെയ്തു.

നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പാക്കിസ്ഥാനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. സാഹിബ്‌സാദാ ഫര്‍ഹാനും (57) ഫഖര്‍ സമനും (46) ചേര്‍ന്ന് 84 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടുയര്‍ത്തിയെങ്കിലും ഫര്‍ഹാനും സയിം അയൂബും (14) പുറത്തായ ശേഷം പാക്കിസ്ഥാന്‍ ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു.

33 റണ്‍സെടുക്കുന്നതിനിടെ അവസാന ഒമ്പത് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയ പാക്കിസ്ഥാന്‍ 146 റണ്‍സിന് ഓള്‍ഔട്ടായി. 30 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് പാക് നിരയില്‍ ഏറ്റവും നാശം വിതച്ചത്. ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.